ADVERTISEMENT

ഇസ്‍ലാമബാദ്∙ സ്ത്രീകൾ ജോലി ചെയ്യുന്നതിനാലാണ് വിവാഹ മോചനങ്ങൾ വർധിക്കുന്നതെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സയീദ് അൻവർ. സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വിഡിയോ വൈറലായതോടെ, പാക്ക് മുൻ ക്യാപ്റ്റനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ പാക്കിസ്ഥാനിൽ വിവാഹ മോചനക്കേസുകൾ 30 ശതമാനം വർധിച്ചതായാണു അൻവറിന്റെ കണ്ടെത്തൽ.

‘‘സ്ത്രീകൾ ജോലിക്കു പോകാൻ തുടങ്ങിയതോടെ വിവാഹ മോചനം 30 ശതമാനമാണ് കൂടിയത്. കഴിഞ്ഞ മൂന്നു വർഷത്തെ മാത്രം കണക്കാണിത്. എനിക്കു സ്വന്തമായി സമ്പാദിക്കാൻ സാധിക്കും. സ്വന്തമായി വീടു നോക്കിക്കോളാം എന്നാണ് അവർ പറയുന്നത്. അതാണ് ഗെയിം പ്ലാൻ. കൃത്യമായ ഉപദേശം കിട്ടിയില്ലെങ്കിൽ നിങ്ങൾക്ക് അക്കാര്യം മനസ്സിലാക്കാൻ പോലും സാധിക്കില്ല.’’

‘‘ഞാന്‍ ഓസ്ട്രേലിയയിൽനിന്നും യൂറോപ്പിൽനിന്നും മടങ്ങുകയാണ്. അവിടെ യുവാക്കള്‍ ബുദ്ധിമുട്ടുകയാണ്. കുടുംബങ്ങൾ മോശം അവസ്ഥയിലാണ്. പങ്കാളികൾ പോരടിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീകൾ ജോലി ചെയ്തതോടെ, ഇവിടെ ബന്ധങ്ങളുടെ അവസ്ഥ വളരെ മോശമായിരിക്കുന്നു.’’– സയീദ് അൻവർ വ്യക്തമാക്കി. സമൂഹ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ന്യൂസീലൻഡ് ക്രിക്കറ്റ് താരം കെയ്ൻ വില്യംസൻ തന്നോട് ഉപദേശം ചോദിച്ചെന്നാണ് അൻവറിന്റെ മറ്റൊരു അവകാശവാദം.

‘‘സമൂഹത്തെ എങ്ങനെ മെച്ചപ്പെടുത്താം എന്നാണ് ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ എന്നെ വിളിച്ചുചോദിച്ചത്. സ്ത്രീകൾ ജോലി ചെയ്യാൻ തുടങ്ങിയതോടെ സംസ്കാരം നശിച്ചതായി ഒരു ഓസ്ട്രേലിയൻ മേയർ എന്നോടു പറഞ്ഞിട്ടുണ്ട്.’’– സയീദ് അൻവർ അവകാശപ്പെട്ടു. 55 വയസ്സുകാരനായ സയീദ് അൻവർ പാക്കിസ്ഥാനു വേണ്ടി 247 ഏകദിന മത്സരങ്ങളും 55 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. 2003 മാർച്ചിൽ സിംബാബ്‍വെയ്ക്കെതിരെയാണ് കരിയറിലെ അവസാന രാജ്യാന്തര മത്സരം കളിച്ചത്.

English Summary:

Saeed Anwar's controversial views over women entering workforce and that resulting in more divorces gone viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com