ADVERTISEMENT

വർഷം 2009. ഇംഗ്ലിഷ് ക്ലബ്ബായ ക്വീൻസ്പാർക്ക് റേഞ്ചേഴ്സുമായി മൂന്നു വർഷത്തെ കരാർ ധാരണയായ സുനിൽ ഛേത്രി അവിടെ കളിക്കാൻ ഉത്സാഹത്തോടെ കാത്തുനിന്ന കാലം. ക്ലബ്ബുമായി കരാറിലായെങ്കിലും ഛേത്രിക്കു യുകെ ഗവൺമെന്റ് വർക്ക് പെർമിറ്റ് നിഷേധിച്ചു. ഛേത്രിയുടെയും ഇന്ത്യയുടെയും മനസ്സു തകർക്കുന്നതായിരുന്നു അതിനുള്ള കാരണം: ഫിഫ ലോക റാങ്കിങ്ങിൽ 70നും താഴെയുള്ള യൂറോപ് ഇതര രാജ്യങ്ങളിലെ കളിക്കാർക്ക് ഇംഗ്ലിഷ് രണ്ടാം ഡിവിഷനിൽ കളിക്കാൻ അനുവാദമില്ല! ഇന്ത്യൻ ഫുട്ബോളിന്റെ നിലവാരവും സുനിൽ ഛേത്രി എന്ന ഫുട്ബോളറുടെ നിലവാരവും തമ്മിലുള്ള ദൂരം എത്രയാണ് എന്നതിനുള്ള ഉത്തരമാണ് ഇത്. ഇന്ത്യൻ ഫുട്ബോൾ എന്ന കുറ്റിക്കാട്ടിൽ വന്നുപെട്ട കടുവ ആയിരുന്നു സുനിൽ ഛേത്രി. ഒന്നരപ്പതിറ്റാണ്ടിനു ശേഷം ഛേത്രി ബൂട്ടഴിക്കാൻ ഒരുങ്ങുമ്പോഴും ആ അന്തരം മാറ്റമില്ലാതെ തുടരുന്നു. ഫിഫ റാങ്കിങ്ങിൽ 121–ാം സ്ഥാനത്തു നിൽക്കുന്ന രാജ്യത്തിന്റെ താരമാണ് സജീവ ഫുട്ബോളിലെ റെക്കോർഡ് ഗോൾസ്കോറർമാരിൽ ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും മാത്രം പിന്നിൽ നിൽക്കുന്നത്!

ടീമും താനും തമ്മിലുള്ള ഈ ദൂരം കുറയ്ക്കാനുള്ള ഓട്ടമായിരുന്നു എക്കാലത്തും സുനിൽ ഛേത്രിയുടെ കരിയർ. പരിഭവങ്ങളും പരാതികളുമില്ലാതെ ഛേത്രി അത് ഓടിത്തീർക്കുമ്പോൾ കണ്ണുനിറഞ്ഞു കയ്യടിക്കാനേ നമുക്കു കഴിയൂ. അറുപതുകളിലെ സുവർണകാലം ഒരു നഷ്ടസ്മൃതിയായിക്കഴിഞ്ഞതിനു ശേഷം ഇന്ത്യൻ ഫുട്ബോൾ തൊണ്ണൂറുകളിൽ ഐ.എം.വിജയന്റെയും ബൈച്ചുങ് ബൂട്ടിയയുടെയും താരത്തിളക്കത്തിൽ ഒന്നുണർന്ന കാലത്താണ് ഛേത്രി രാജ്യാന്തര ഫുട്ബോളിൽ അരങ്ങേറിയത്. എന്നാൽ ഇരുവരും വിരമിച്ചതോടെ ടീമിനെ പ്രചോദിപ്പിച്ചു മുന്നോട്ടു കൊണ്ടു പോകേണ്ട ചുമതല ഛേത്രിയുടെ മാത്രം ചുമലിലായി. ‘ഒരേയൊരു ഛേത്രി’ എന്നൊരു വിളിപ്പേരു ചാർത്തി ആരാധകർ അതു വർണക്കടലാസിൽ പൊതിഞ്ഞെങ്കിലും ഇന്ത്യൻ ഫുട്ബോളിന്റെ അവസ്ഥയോടുള്ള പ്രതിഷേധം കൂടിയായിരുന്നു ആ വിശേഷണം. മുപ്പത്തൊൻപതുകാരൻ ഛേത്രി 
അരങ്ങൊഴിയുമ്പോഴും പകരമാര് എന്നതിനുള്ള ഉത്തരം ഇന്ത്യ തേടിക്കൊണ്ടിരിക്കുകയാണ് എന്നതിലുണ്ട് അതിന്റെ യഥാർഥ ചിത്രം.

  • Also Read

ഛേത്രിക്ക് അങ്ങനെയൊരു സങ്കടമുണ്ടായിരുന്നോ? അറിയില്ല. പക്ഷേ ഒരിക്കലും അതു പുറത്തു കാണിക്കാതെ എക്കാലവും ടീമിനെയും ആരാധകരെയും പ്രചോദിപ്പിച്ചു കൊണ്ടായിരുന്നു ഛേത്രിയുടെ ഫുട്ബോൾ ജീവിതം. ഒരുവേള മനസ്സു മടുത്ത് ആരാധകർ വരെ ടീമിനെ കയ്യൊഴിഞ്ഞ കാലത്ത് അപേക്ഷയുമായും ഛേത്രി അവർക്കു മുന്നിലെത്തി. 2018ലെ ഇന്റർ കോണ്ടിനന്റൽ കപ്പിൽ കെനിയയ്ക്കെതിരായ മത്സരത്തിനു 
മുൻപ് സമൂഹമാധ്യമങ്ങളിലെ ലൈവ് വിഡിയോയിലൂടെ ഛേത്രി ആരാധകരോടു പറഞ്ഞു: ‘‘ദയവായി സ്റ്റേഡിയത്തിലേക്കു വരൂ. ഞങ്ങളുടെ കളി കാണൂ, ആർപ്പുവിളിക്കൂ, 
വിമർശിക്കൂ. കാരണം ഞങ്ങൾ കളിക്കുന്നതും ഇന്ത്യയ്ക്കു വേണ്ടിയാണ്..’’ തന്റെ വാക്കുകൾ വിശ്വസിച്ചെത്തിയ ആരാധകരെ ഛേത്രി വിരുന്നൂട്ടുകയും ചെയ്തു. ഛേത്രിയുടെ ഇരട്ടഗോളിൽ 3–0നായിരുന്നു ഇന്ത്യയുടെ ജയം.

യുഎസ് മേജർ ലീഗ് സോക്കറിലെ കൻസാസ് സിറ്റി വിസാഡ്സ്, പോർച്ചുഗൽ ലീഗിലെ സ്പോർട്ടിങ് ലിസ്ബൺ എന്നീ ക്ലബ്ബുകളുമായും കരാർ ഒപ്പിട്ടെങ്കിലും ആവശ്യത്തിന് പ്ലേയിങ് ടൈം കിട്ടാതെ വന്നതോടെ ഛേത്രി ഇന്ത്യയിലേക്കു തന്നെ തിരിച്ചുവന്നു. എന്നാൽ വിദേശപാഠങ്ങൾ കരിയറിൽ പകർത്തിയ ഛേത്രിയെയാണ് പിന്നീടു കണ്ടത്.

ഇന്ത്യയിൽ ക്രിക്കറ്റ് താരങ്ങൾക്കുള്ളതിന്റെ പത്തിലൊന്ന് ‘പ്രിവിലേജ്’ പോലും ഇല്ലാത്തപ്പോഴും അവരെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു ഛേത്രിയുടെ ഡയറ്റ് പ്ലാനും ഫിറ്റ്നസ് ശീലങ്ങളും. തനിക്കൊപ്പം കളിക്കുന്നവരെയല്ല ഛേത്രി മാതൃകയാക്കിയത്; ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് മുതൽ ക്രിക്കറ്റ് താരം വിരാട് കോലി വരെ ഫിറ്റ്നസിന്റെ മികവിൽ മറ്റുള്ളവർക്കിടയിൽ ഉയർന്നു നിന്ന സൂപ്പർ താരങ്ങളെയാണ്. 

പരുക്കിൽ നിന്നുള്ള റിക്കവറിയെ ത്വരിതപ്പെടുത്താൻ വേണ്ടി അഞ്ചു വർഷം മുൻപ് സസ്യാഹാരത്തിലേക്കു വരെ മാറി ഛേത്രി. ‘‘ഏറെ പ്രിയമുണ്ടായിരുന്ന മട്ടൻ കറി വരെ ഉണ്ടാക്കി അമ്മ എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ മനസ്സു മാറ്റിയില്ല’’– ഛേത്രിയുടെ വെളിപ്പെടുത്തൽ.

ഫുട്‌ബോൾ ഭ്രമം രക്‌തത്തിലുള്ള കുടുംബത്തിൽ നിന്നാണു ഛേത്രിയുടെ വരവ്. നേപ്പാളി വംശജനായ ഛേത്രിയുടെ മാതാപിതാക്കൾ ഫുട്‌ബോൾ താരങ്ങളായിരുന്നു. അച്‌ഛൻ ഇന്ത്യൻ ആർമി ടീമിൽ അംഗം. അമ്മയും ഇരട്ടസഹോദരിയും നേപ്പാൾ വനിതാ ദേശീയ ടീം താരങ്ങൾ. വിവാഹം കഴിച്ചപ്പോഴും ഛേത്രി ആ ‘പാരമ്പര്യം’ കാത്തു. മോഹൻ ബഗാനിൽ തന്റെ പരിശീലകനായിരുന്ന സുബ്രതോ ഭട്ടാചാര്യയുടെ മകൾ സോനത്തെയാണ് ഏറെക്കാലത്തെ പ്രണയത്തിനു ശേഷം 2017ൽ ഛേത്രി ജീവിതസഖിയാക്കിയത്.

English Summary:

Sunil Chhetri, Football career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com