ഗിന്നസ് ബുക്കിൽ ഇടംപിടിച്ചിരിക്കുകയാണ് രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി. കൊച്ചിയിൽ നടന്ന ബാഹുബലി മലയാളത്തിന്റെ പോസ്റ്ററാണ് ചിത്രത്തിന് ഗിന്നസ് ബുക്കിൽ ഇടം നൽകിയിരിക്കുന്നത്. 51,961.32 ചതുരശ്ര അടി വലിപ്പത്തിൽ ലോകത്തെ ഏറ്റവും വലിയ പോസ്റ്ററാണ് ബാഹുബലി മലയാളത്തിന്റെ സംഗീതം പുറത്തിറക്കുന്ന ചടങ്ങിന് വേണ്ടി നിർമ്മിച്ചത്. കൊച്ചിയിൽ നടന്ന മ്യൂസിക്ക് ലോഞ്ചിൽ എസ് എസ് രാജമൗലിയാണ് ചിത്രത്തിന്റെ ഗാനങ്ങൾ പുറത്തിറക്കിയത്. സംവിധായകൻ പ്രിയദർശൻ, ബാഹുബലിയിലെ താരങ്ങളായ പ്രഭാസ്, റാണ ദഗുബാട്ടി, അനുഷ്ക ഷെട്ടി, തമന്ന, സംഗീത സംവിധായകൻ എം എം കീരവാണി, നിർമ്മാതാക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Baahubali (Malayalam) - All songs audio JukeBox
ദൃശ്യ വിസ്മയം ഈച്ചയ്ക്ക് ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാഹുബലി. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ബാഹുബലിയുടെ ആദ്യ ഭാഗമാണ് ഉടൻ പുറത്തിറങ്ങുന്നത്. രണ്ടാം ഭാഗം 2016 ൽ പുറത്തിറങ്ങുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. ഒരേസമയം തെലുങ്കിലും തമിഴിലും റിലീസ് ചെയ്യുന്ന ചിത്രം മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച് ഉൾപ്പെടെ നിരവധി ഭാഷകളിലേയ്ക്ക് മൊഴിമാറ്റിയും തിയേറ്ററുകളിലെത്തും. ശിവന്റെ പ്രതിരൂപമായി അറിയപ്പെട്ട ബാഹുബലിയുടെയും പൗരാണിക മിത്തുകളുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹോളിവുഡിനെ വെല്ലുന്ന ചിത്രമായിരിക്കും ബാഹുബലിയെന്നാണ് സംവിധായകൻ രാജമൗലിയുടെ അവകാശം.
പ്രഭാസ് ആണ് ബാഹുബലിയാകുന്നത്. അനുഷ്കാ ഷെട്ടിയും തമന്നയുമാണ് ചിത്രത്തിലെ നായികമാർ. ദേവസേനയായി അനുഷ്കാ ശർമ്മയും അവന്തികയായി തമന്നയും എത്തുന്നു. ഈച്ചയിൽ വില്ലനായി തകർത്തഭിനയിച്ച കന്നഡ താരം സുദീപും പ്രധാന റോളിലെത്തുന്നുണ്ട്. ഇവരെ കൂടാതെ സത്യരാജ്, നാസർ, രമ്യ കൃഷ്ണൻ, രോഹിണി, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇരുന്നൂറ് കോടി മുതൽമുടക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. റാമോജി റാവു ഫിലിംസിറ്റിയിൽ ഒരുക്കിയ പൗരാണിക പശ്ചാത്തലമുള്ള സെറ്റായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. സാബു സിറിൽ ആണ് കലാസംവിധാനം. വി വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് എം എസ് രാജമൗലി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആർക്ക് മീഡിയ വർക്സിന്റെ ബാനറിൽ കെ രാഘവേന്ദ്രറാവു നിർമ്മിക്കുന്ന ചിത്രം ജൂലൈ പത്തിന് തീയേറ്ററിലെത്തും.
തേവര എസ് എച്ച് ഗ്രൗണ്ടിൽ ഒരുക്കിയ 51,961.32 ചതുരശ്ര അടി വലിപ്പ്ത്തിലുള്ള സിനിമാ പോസ്റ്റർ ലോകത്തിലെ ഏറ്റവും വലിയ സിനിമാ പോസ്റ്ററായി ഗിന്നസ് ബുക് ഓഫ് വേൾഡ് റെക്ക്കോഡ്സ് അംഗീകരിച്ചു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.