ADVERTISEMENT

മനുഷ്യനും മറ്റു ജീവികൾക്കും മാത്രമല്ല, നീണ്ടുനിൽക്കുന്ന അത്യുഷ്ണത്തിലും ഉഷ്ണതരംഗത്തിലും മണ്ണിനും വിളകൾക്കും ചെടികൾക്കും സൂര്യാഘാതമേൽക്കും.

36 ഡിഗ്രിയിൽ കൂടുതൽ ചൂട് തുടർച്ചയായി എൽക്കുന്നത്, മനുഷ്യനെന്നപേ‍ാലെ കാർഷിക വിളകളിലും പല പ്രശ്നങ്ങൾ ഉണ്ടാക്കും. അത്യുഷ്ണം നീളുന്നത് നാണ്യവിളകളിൽ ദീർഘകാല ദേ‍ാഷമുണ്ടാക്കുമെന്നു കാർഷിക വിദഗ്ധർ പറയുന്നു. വിളയുടെ അളവും ഗുണവും വലുപ്പവും കുറയാൻ ഉഷ്ണതരംഗതാപനില കാരണമാകും. അസാധാരണ ചൂട് നീളുന്നത് മണ്ണിലെ ജൈവാശം വിഘടിച്ച് നശിക്കാൻവരെ വഴിയെ‍ാക്കുമെന്നാണു നിഗമനം. ജീവികളെ പോലെ പെട്ടന്നല്ല പതുക്കെയാണ് സൂര്യാഘാതവും തീവ്രചൂടും ചെടികളെ ബാധിക്കുക. അവയുടെ അടിസ്ഥാനവളർച്ചക്കുവേണ്ട സൂക്ഷാണുക്കൾവരെ ഇല്ലാതാകുമെന്നതു പ്രധാന അപകടമാണ്. വളവും മറ്റുപേ‍ാഷകാംശങ്ങളും ലഭ്യമാകുന്നതു ഈ അണുക്കൾ വഴിയാണ്. തീചൂടിൽ ജലാംശം കുറയാതിരിക്കാൻ ഇലകളിലെ നിരവധി സൂക്ഷ്മസുഷിരങ്ങൾ ചെടികൾ സ്വയം അടക്കുന്നതേ‍ാടെ പ്രകാശ സംശ്ലേഷണം പേരിനുമാത്രമാകും. പൂക്കളിലെ പാരാഗണത്തിനുള്ള രേണുക്കളും കീടങ്ങളും ചൂടിൽ നശിക്കും. വിളവിന്റെ അളവും ഗുണവും നിറവും കുറയുമെന്നതാണു ഇതിന്റെയെ‍ാക്കെ ഫലം.

പോത്തുണ്ടി ഡാം കനാൽ വെള്ളം എത്താതെ ഉണക്കം ബാധിച്ചു തുടങ്ങിയ അയിലൂർ കൃഷിഭവൻ പരിധിയിലെ നെൽപാടങ്ങൾ.
പോത്തുണ്ടി ഡാം കനാൽ വെള്ളം എത്താതെ ഉണക്കം ബാധിച്ചു തുടങ്ങിയ അയിലൂർ കൃഷിഭവൻ പരിധിയിലെ നെൽപാടങ്ങൾ.

ചൂടിൽ നിലനിൽക്കാൻ ചെടികൾ വേരുകൾ കടുതൽ പടർത്തിയും താഴ്ത്തിയും വെള്ളം വലിച്ചെടുക്കുന്നതിനാൽ മണ്ണിലെ ജലനിരപ്പ് താഴാനും ഇടയാക്കും. നാണ്യവിളകളിൽ ജാതി, തെങ്ങ്, കമുക്, കുരുമുളക്, വാഴ എന്നിവയാണ് കൂടുതൽ നാശം നേരിടുക. സാധാരണ വേനലിൽ നാല് ഒ‍ാലകൾ വീഴുന്നതു തെങ്ങ് മഴക്കാലത്ത് സ്വയം പരിഹരിക്കുമെങ്കിലും അത്യുഷ്ണത്തിൽ അഞ്ചണ്ണം കൂടുതൽ ഇല്ലാതാകുന്നതിന്റെ ആഘാതം താങ്ങാൻ കഴിയില്ല. അടുത്ത സീസണിൽ കായ്ഫലവും തേങ്ങയുടെ വലിപ്പവും വലിയതേ‍ാതിൽ കുറയും. ചെടികൾ  ശേ‍ാഷിക്കും. കമുകിൽ തടിക്കു പെ‍ാളളലുമേൽക്കും. ഇതിനകം പലയിടത്തും തെങ്ങിന്റെയും കമുകിന്റെയും തലപ്പ് വാടിയത് ഉഷ്ണം മണ്ണിലുണ്ടാക്കിയ പ്രശ്നത്തിന്റെ സൂചനയാണ്. ചിലയിടത്ത് വേനൽപച്ചക്കറിയുണ്ടെങ്കിലും വെളളമില്ലാത്തതിനാൽ പരാഗണം നടക്കില്ല. മണ്ടരി, വെള്ളീച്ച എന്നീ കീടങ്ങൾ ഈ സമയം പെരുകുമെന്നതു തെങ്ങിനും വാഴക്കും ഇരട്ടപ്രഹരമാകും. ഇങ്ങനെ വിവിധതലത്തിലാണ് കൃഷിയെ നീളുന്ന തീചൂട് ബാധിക്കുന്നത്.

സംസ്ഥാനത്ത് ചിലയിടങ്ങളിൽ പെ‍ാടിഞ്ഞാറിന് മണ്ണ് ഒരുക്കേണ്ട സമയമാണെങ്കിലും പാടം പലയിടത്തും വരണ്ടു വിണ്ടനിലയിലാണ്. വെള്ളം വറ്റിയത് കുട്ടനാട്ടിലും തൃശൂർ കേ‍ാൾ നിലങ്ങളിലും പുഞ്ച കെ‍ായ്ത്തിന് സഹായമാകുമെങ്കിലും തൃശൂരിൽ ചിലയിടത്തു പാടം വരണ്ടു വിണ്ടതേ‍ാടെ നെല്ല് മിക്കതും പതിരായി. ചൂടിൽ സ്വന്തമായി നനച്ച് പച്ചക്കറി കൃഷി ഇറക്കിയവരുടെ കൃഷിയും കരിഞ്ഞു. കാലാവസ്ഥ മാറ്റത്തിൽ നെല്ലിന്റെ വിളവിൽ 16 %  കുറഞ്ഞതായാണ് കേന്ദ്രജലവിഭവകേന്ദ്രത്തിന്റെ പഠന റിപ്പേ‍ാർട്ട്. ഇത്തവണ മേടം തുടക്കം മുതൽ  അപ്രതീക്ഷിതമായി കെ‍ാടുചൂടിലായതേ‍ാടെ  പലപരമ്പരാഗത കൃഷികൾ ഇറക്കുന്നതിനെയും സാരമായി ബാധിച്ചു. മേടം തെറ്റിയാൽ മേ‍ാടൻ തെറ്റും എന്നെ‍ാരു ചെ‍ാല്ലുണ്ട്. പെ‍ാടിവിതക്കും കരനെല്ലിനും മണ്ണെ‍ാരുക്കേണ്ട മേടം ആദ്യം അതു നടക്കാത്തതിനെ സൂചിപ്പിക്കുന്നതാണ് ഈ ചെ‍ാല്ല്. മിക്ക കൃഷികളുടെയും ഇടവേളയാണ് ഈ സീസൺ. കാലിവളർത്തലിനെയാണ് അത്യുഷ്ണം നേരിട്ട് കടുത്തരീതിയിൽ ബാധിക്കുന്നത്. ചൂടിനെ ചെറുക്കാനുള്ള ശേഷി കുറഞ്ഞ ഇനം കന്നുകാലികളാണ് സംസ്ഥാനത്ത് കൂടുതൽ. ഇതിനകം നിരവധി കറവപശുക്കൾ സൂര്യാഘാതത്തിൽ ചത്തു. 

എലവഞ്ചേരിയിലെ നെൽപാടം ഉണങ്ങിത്തുടങ്ങിയ നിലയിൽ.
എലവഞ്ചേരിയിലെ നെൽപാടം ഉണങ്ങിത്തുടങ്ങിയ നിലയിൽ.

മറ്റുപ്രതിഭാസങ്ങളെ‍ാന്നും ഉണ്ടായില്ലെങ്കിൽ അടുത്തദിവസങ്ങളിൽ വേനൽമഴ ശക്തമാകുമെന്നാണ്  കേന്ദ്രകാലാവസ്ഥനിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. വലിയതേ‍ാതിൽ ഇടിയും മിന്നലേ‍ാടും കൂടിയ മഴയ്ക്കാണ് സാധ്യത. പകരം അത്യുഷ്ണം തുടർന്നാൽ സ്ഥിതിഗതികൾ കൈവിട്ടുപേ‍ാകും. പിന്നെ കടുത്തവരൾച്ചയായിരിക്കും ഫലം. കടുത്തവേനലിനെക്കുറിച്ച് വ്യക്തമായ സൂചനകൾ കാലാവസ്ഥ വിദഗ്ധർ നൽകിയിട്ടും കൃഷിയുടെ സംരക്ഷണനും പ്രതിരേ‍ാധത്തിനുമുളള  നിർദേശങ്ങൾ സമയത്തിന് ഇറക്കാൻ ബന്ധപ്പെട്ട വകുപ്പും സ്ഥാപനങ്ങളും തയാറായില്ലെന്ന് കർഷർക്കിടയിൽ പരാതിയുണ്ട്. 

കൃഷിവകുപ്പ് പറയുന്നു

> അത്യുഷ്ണത്തിൽ ചെടികളുടെ നീര് ഊറ്റിക്കുടിക്കുന്ന വെള്ളീച്ച, മീലിമൂട്ട, ഇലപ്പേൻ എന്നിവ വർധിച്ച് വലിയതേ‍ാതിൽ നാശം വരുത്താൻ സാധ്യതയുണ്ട്. അതിന് > ആഴ്ചയില‍ാരിക്കൽ വേപ്പെണ്ണ–വെളുത്തുളളി എമൽഷൻ തളിക്കണം.

> പച്ചക്കറികൃഷിയുളളിടത്ത് മഞ്ഞക്കെണികൾ സ്ഥാപിക്കണം.

> ജലസേചനം വളരെ സൂക്ഷിച്ചുവേണം–ആവശ്യത്തിനുമാത്രമേ നനയ്ക്കാവൂ. രാവിലെയും വൈകുന്നേരവുമായി ജലസേചനം ക്രമീകരിക്കണം.

>ചെടികളുടെ ചുവട്ടിൽമാത്രം വെള്ളം വീഴുന്നുവന്ന് ഉറപ്പാക്കണം, കണികാജലസേചനം പരമാവധി നടത്തുക.

മഴയില്ലാത്തതിനാല്‍ വരണ്ട് ഉണങ്ങാന്‍ തുടങ്ങിയ പാടം. പുതുക്കോട് നിന്നുള്ള കാഴ്ച.
മഴയില്ലാത്തതിനാല്‍ വരണ്ട് ഉണങ്ങാന്‍ തുടങ്ങിയ പാടം. പുതുക്കോട് നിന്നുള്ള കാഴ്ച.

തെ‍ാണ്ടടുക്കൂ ചാണകസ്ലറിയും

> തെ‍ാണ്ടടുക്കൽ ദീർഘകാലം ജലംശേഖരിച്ചുവയ്ക്കാൻ വഴിയെ‍ാരുക്കുന്ന രീതിയാണ്. തെങ്ങിനും മറ്റു വൃക്ഷ വിളകൾക്കുമാണിത് യേ‍ാജ്യം. ചെടിക്കു ചുറ്റും അരമീറ്റർ വീതിയിലും താഴ്ചയിലും ചാലുകീറി മൂന്നേ‍ാ, നാലേ‍ാ അടുക്കായി തെ‍ാണ്ടുകൾ തെ‍ാണ്ട് മലർത്തിവച്ച് മണ്ണിട്ടു മൂടണം. ഏറ്റവും മുകളിലെ അടുക്ക കമിഴ്ത്തിവയ്ക്കുകയാണ് വേണ്ടത്

> ചാണകം, കഞ്ഞിവെള്ളം,, ശർക്കര എന്നിവ കലർത്തി ചണച്ചാക്കിൽ നിറച്ച്, ബാരലിലെ വെളളത്തിൽ 48 മണിക്കൂർ മുക്കിയിട്ട് പുളിപ്പിച്ച് തയാറാക്കുന്ന ചാണകസ്ലറിയും കൃഷിവകുപ്പ് വരൾച്ചാ സംരക്ഷണത്തിന് നിർദ്ദേശിക്കുന്നുണ്ട്. ലായനി ചെടികളിൽ തളിക്കുകയാണ് ചെയ്യേണ്ടത്. ഇതു നിർമിക്കുന്ന വിധം കൃഷിഭവനുകളിൽ നിന്ന് അറിയാനാകും. 

അത്യുഷ്ണം മണ്ണിലും നാണ്യവിളകളിലും സൃഷ്ടിക്കുന്ന ആഘാതം പെട്ടന്നു അനുഭവപ്പെടില്ലെന്നതിനാൽ പെ‍ാതുവേ ചർച്ചചെയ്യപ്പെടാറില്ല. 

രണ്ടുമഴപെയ്യുന്നതേ‍ാടെ എല്ലാം മറക്കുന്നതാണു പെ‍ാതുരീതി. ആ മഴയിലെ വെള്ളം ശരിക്ക് ഉപയേ‍ാഗിക്കാനും മറക്കും. എന്നാൽ, അടുത്തസീസണിൽ വിലക്കയറ്റത്തിന്റെ രൂപത്തിൽ ഉൾപ്പെടെ നിത്യജീവിതത്തിൽ അത്യുഷ്ണത്തിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും. തെങ്ങിനുണ്ടാകുന്ന പ്രശ്നം തെ‍ാട്ടടുത്തവർഷമാണ് അനുഭവിക്കാനാകുക. കഠിനമായ ചൂടിൽ വിളകളുടെ  സംരക്ഷണത്തിനു പുതയിടൽ ഉൾപ്പെടെയുളള പരമ്പരാഗത പ്രതിരേ‍ാധ മാർഗങ്ങൾക്കു പകരം മറ്റെ‍ാന്നില്ല.ഈ രീതിയിൽ ചെടികളുടെ ചുവടിൽ നേരിട്ട് ചൂട് പതിക്കുന്നത് ഒഴിവാകും. മണ്ണ് കൂടുതൽ വരളാതെ നേ‍ാക്കും. സംരക്ഷണകവചം മാത്രമല്ല, മണ്ണിലെ പേ‍‍ാഷകം വർധിപ്പിക്കുന്നതു കൂടിയാണ് പുതയിടൽ.

(കടപ്പാട്: പ്രഫ.പി.പി.മൂസ മണ്ണു ശാസ്ത്ര പഠനഗവേഷണ വിഭാഗം മേധാവി, കാർഷിക ഗവേഷണകേന്ദ്രം, പട്ടാമ്പി)

English Summary:

Battling the Blaze: The Unseen Impact of Heatwaves on Our Food Supply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com