ADVERTISEMENT

പാലക്കാട് എലവഞ്ചേരി കോട്ടുപറമ്പിൽ കെ.എൻ.ശിവദാസൻ 55 ദിവസം മുൻപാണ് ഏഴേക്കർ സ്ഥലത്തു പാവൽ നട്ടത്. പറിക്കേണ്ട സമയമായി. പക്ഷേ, വേനലും ഒപ്പം വൈറസ് രോഗവും ബാധിച്ചതോടെ ചെടികൾ വാടിത്തളർന്നു. നീളത്തിൽ വിളയേണ്ട പാവയ്ക്ക പലതും കോവയ്ക്കയുടെ വലുപ്പത്തിലാണ്. ചിലതു ചുരുണ്ടുപോയി. ഓണത്തിനു വിളവിറക്കേണ്ട സമയമായി. ഈ  പാവയ്ക്ക എന്തു ചെയ്യുമെന്ന ചോദ്യത്തിനു ശിവദാസന് ഉത്തരമില്ല. 

കേരളത്തിലെ കാൽലക്ഷത്തോളം കർഷകർക്കാണ് അത്യുഷ്ണവും വരൾച്ചയും തിരിച്ചടിയായത്. മണ്ണിനും ദോഷമാണു കൊടുംചൂട്. മണ്ണിലെ ജലാംശം വിഘടിക്കും. ചെടികളുടെ അടിസ്ഥാന വളർച്ചയ്ക്കാവശ്യമുള്ള സൂക്ഷ്മാണുക്കൾ ഇല്ലാതാകും. സസ്യങ്ങളുടെ പരാഗണം ക്രമം തെറ്റും. രോഗങ്ങൾ വ്യാപകമാകും. ഫലത്തിൽ, ഇനി മഴപെയ്താലും കർഷകനുണ്ടായ നഷ്ടം പരിഹരിക്കുക എളുപ്പമല്ല; കഷ്ടപ്പാട് അടുത്ത കൊല്ലവും തുടരാം. 

വാഴയും വീണുപോയി

വാഴ നട്ടു രണ്ടു മാസമായപ്പോൾ പന്നി ആക്രമിച്ചു; കുല വന്നപ്പോൾ ജലക്ഷാമം. എങ്ങനെയെങ്കിലും വെള്ളം സംഘടിപ്പിച്ച് നനച്ചു ജീവൻ നിലനിർത്തിയപ്പോൾ വേനൽച്ചൂടിൽ വാഴകൾ കരിഞ്ഞുണങ്ങി. ഇതാണു കോഴിക്കോട് മുക്കത്തെ വാഴക്കർഷകരുടെ അവസ്ഥ. സംസ്ഥാനത്തെ പൊതുസ്ഥിതിയും ഇതുതന്നെ. കത്തുന്ന ചൂടിൽ കേരളമാകെ ആയിരക്കണക്കിനു വാഴകൾ നിലംപൊത്തി. ചിലയിടങ്ങളിൽ വേനൽമഴയ്ക്കൊപ്പം വീശിയ കാറ്റിൽ ബാക്കി വാഴകളും വീണു. 

നിരാശയിൽ ചായ, കാപ്പി

കാലാവസ്ഥാ വ്യതിയാനത്തെ ഒരുപരിധി വരെ ചെറുത്ത തേയിലയ്ക്കുപോലും ഈ വേനലിനെ പ്രതിരോധിക്കാനാകുന്നില്ല. പല  തോട്ടങ്ങളിലും ഇലകൾ കൂട്ടത്തോടെ കരിഞ്ഞുണങ്ങി. കൊളുന്ത് ഉൽപാദനം കുറഞ്ഞു. വയനാട്ടിൽ കാപ്പി പൂവിട്ടെങ്കിലും ഉണങ്ങി. 

ഓണത്തിന് ഒരു മുറമെങ്കിലും പച്ചക്കറി കിട്ടുമോ? 

വിളകൾക്കു മാത്രമല്ല വിത്തുകൾക്കും അപായമണി മുഴക്കുകയാണു വേനൽ. കനത്തചൂടും ജലക്ഷാമവും നെൽവിത്ത് ഉൽപാദനത്തെ ബാധിച്ചപ്പോൾ അടുത്ത സീസണിൽ ആവശ്യത്തിനു വിത്തു കിട്ടുമോ എന്നാണ് ആശങ്ക. സർക്കാരിന്റെ സീഡ് ഫാമുകളിലും അംഗീകൃത വിത്തുകർഷകരുടെ പാടങ്ങളിലും ഉൽപാദനം പകുതിയായി. ജനുവരി അവസാനം മുതൽ മാർച്ച് ആദ്യം വരെയുള്ള കാലാവസ്ഥ വിത്തുൽപാദനത്തെ  വലിയതോതിൽ സ്വാധീനിക്കുന്നുണ്ട്. ഇത്തവണ ആ സമയത്തു ചൂടുകൂടിയപ്പോൾ പരാഗണം കൃത്യമായില്ല. അരിമണി വിത്തായി രൂപപ്പെടുന്ന സമയത്തും ചൂടുതന്നെ. വിത്തിനു വല്ലാതെ തൂക്കം കുറഞ്ഞതു ഗുണമേന്മയെ ബാധിക്കും. 

ഓണത്തിനു വിളവിറക്കണമെങ്കിൽ ഇപ്പോൾ പണി തുടങ്ങണം. കർഷകർ പച്ചക്കറിത്തൈകൾ വളർത്തുന്ന സമയമാണ്. എന്നാൽ, ചൂടിൽ തൈകൾക്കു വാട്ടം. തുള്ളിനന രീതിയിലൂടെ രാജ്യത്തിനു മാതൃകയായ പാലക്കാട്ടെ കിഴക്കൻമേഖലയിൽ കീടബാധയും വൈറസ് രോഗങ്ങളും പച്ചക്കറിക്കൃഷിയെ തകർത്തു. പരാഗണത്തെ ബാധിച്ചതോടെ കായ്പിടിക്കാതെയായി. ഇത്തവണ തക്കാളി, വഴുതന, വെണ്ട പോലെയുള്ളവയുടെ ഉൽപാദനം വല്ലാതെ കുറയും. 

30 വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചയാണ് ശീതകാല പച്ചക്കറിക്കൃഷിയുടെ കലവറയായ ഇടുക്കി വട്ടവടയിലുണ്ടായത്. 

വേനൽക്കൃഷികളായ ബീൻസ്, ബട്ടർ ബീൻസ് എന്നിവ കരിഞ്ഞുപോയി. മഴ ലഭിക്കാത്തതിനാൽ മേയിലെ കൃഷിയിറക്കൽ മുടങ്ങി. ആലപ്പുഴയിൽ പടവലം, പാവൽ, പീച്ചിൽ, വെണ്ട തുടങ്ങിയവയുടെ വിളവും തീരെ കുറഞ്ഞിട്ടുണ്ട്. വിളവെടുത്താലും പെട്ടെന്നു വാടുന്നു. 

നെല്ലിന്റെ കഥ കണ്ടറിയണം

സീസൺ കഴിഞ്ഞതിനാൽ പാലക്കാട്ടും കുട്ടനാട്ടിലും നെൽക്കൃഷിയെ വേനൽ ബാധിച്ചിട്ടില്ല. അതേസമയം, തൃശൂരിൽ മുണ്ടകൻ‌ കൊയ്ത്തിൽ ഏക്കറിന് 500 മുതൽ 1200 കിലോഗ്രാം വരെ ഉൽപാദനം കുറഞ്ഞു. 

പാലക്കാട്ട് ഒന്നാംവിള നെൽക്കൃഷിയുടെ ഒരുക്കത്തെ സാരമായി ബാധിച്ചു. ആദ്യം ലഭിച്ച വേനൽമഴയിൽ പാടങ്ങൾ ഉഴുതിട്ടെങ്കിലും പിന്നീടു മഴ ലഭിക്കാഞ്ഞതിനാൽ തുടർപ്രവൃത്തികൾ ചെയ്തില്ല. കാലവർഷം വൈകിയാൽ നടീലിനെ ബാധിക്കും.  കുട്ടനാട്ടിൽ വെള്ളം കയറ്റാതെ ഇട്ടിരിക്കുന്ന പാടശേഖരങ്ങളിലെ മണ്ണിൽ നേരിട്ടു ചൂടു തട്ടുന്നത് അടുത്ത കൃഷിക്കു ഗുണകരമാകുമെന്നാണു മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രം അധികൃതർ പറയുന്നത്. തണ്ടുതരുപ്പനും ഇലകരിച്ചിലിനും മറ്റും കാരണമാകുന്ന കീടങ്ങളും വെയിൽ നേരിട്ട് ഏൽക്കുന്നതിനാൽ നശിക്കും. അതേസമയം, വെയിൽ കൂടുതൽ ഏൽക്കുന്നതു മണ്ണിലെ അമ്ലത കൂട്ടും.

ഉപ്പുവെള്ളം വേണ്ട

കുട്ടനാട്ടിൽ കൃഷി കഴിഞ്ഞ പാടശേഖരങ്ങളിൽ ഉപ്പുവെള്ളം നേരിട്ടു കയറ്റുന്നത് ഒഴിവാക്കണമെന്നു മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം അധികൃതർ. തണ്ണീർമുക്കം ബണ്ട് തുറന്നതോടെ കുട്ടനാടൻ ജലാശയങ്ങളിൽ ഉപ്പുവെള്ളം കയറിയിട്ടുണ്ട്. ജലത്തിൽ ഉപ്പിന്റെ ഇലക്ട്രിക്കൽ കണ്ടക്ടിവിറ്റിയുടെ (ഇസി) അളവ് രണ്ടു വരെയാണെങ്കിൽ നെൽച്ചെടികൾക്കു ദോഷമില്ല. രണ്ടിനു മുകളിലായാൽ കരിയാൻ തുടങ്ങും. ഇപ്പോൾ കുട്ടനാടൻ ജലാശയങ്ങളിൽ ശരാശരി 9 ഇസി ആണ് ഉപ്പിന്റെ സാന്ദ്രത. ഈ വെള്ളം കൃഷിയിടങ്ങളിലേക്കു നേരിട്ടു കയറ്റിയാൽ കൃഷിയിടങ്ങളിലെ കളകൾ നീക്കാമെങ്കിലും മണ്ണിൽ ഉപ്പിന്റെ സാന്ദ്രത ഉയർന്നുനിൽക്കും. അടുത്ത സീസണിൽ ചൂടു കൂടുതലാണെങ്കിൽ മണ്ണിൽ ലയിച്ച ഉപ്പ് മുകളിലേക്കു വരികയും കൃഷിനാശമുണ്ടാക്കുകയും ചെയ്യും. പാടത്തു വെള്ളം കയറ്റിയിട്ടില്ലാത്ത കർഷകർ മഴ പെയ്തശേഷം ജലാശയങ്ങളിലെ വെള്ളം നേരിട്ടു കയറ്റുന്നതാകും ഉത്തമം. 

farmer

തെങ്ങിനും കമുകിനും തീപിടിക്കും കാലം 

തെങ്ങിന്റെ തലയ്ക്കും തീപിടിക്കുന്ന കാലം ഇതാണ്. സംഭരണത്തിന്റെ കാര്യത്തിൽ തലവേദന തുടരുന്ന നാളികേരത്തിൽ വേനലുണ്ടാക്കിയ കഷ്ടപ്പാടും ചില്ലറയല്ല. മച്ചിങ്ങ കൊഴിഞ്ഞുതുടങ്ങിയതു മുതൽ കർഷകരുടെ നഷ്ടങ്ങളാരംഭിക്കുന്നു. മൂപ്പെത്താതെ കൊഴിയുന്ന നാളികേരം ഉപേക്ഷിക്കുകയല്ലാതെ വഴിയില്ല. 

കമുകിൻ തോട്ടങ്ങളിലും മൂപ്പെത്താതെ അടയ്ക്ക കൊഴിഞ്ഞുവീഴുന്ന കാഴ്ചയാണ് കാസർകോട് ജില്ലയിൽ. പൂക്കുലകൾ കരിഞ്ഞുണങ്ങുന്നു. അടുത്ത സീസണിൽ വിളവ് പകുതിയിലേറെ കുറയുമെന്ന ആശങ്കയിലാണു കർഷകർ. ഇതിനൊപ്പം വരൾച്ചയും കമുകുകൃഷിയെ പ്രതിസന്ധിയിലാക്കി. മഹാളി രോഗത്തിനെതിരെ ബോർഡോ മിശ്രിതം ആദ്യതവണ തളിക്കേണ്ട സമയം ആയെങ്കിലും ചൂട് തടസ്സമാണ്.

വേദന ചുരത്തി റബറും തോട്ടവിളകളും 

∙ കോട്ടയം, പത്തനംതിട്ട മേഖലകളിൽ ഒട്ടേറെ കർഷകർ ടാപ്പിങ് നിർത്തി. കാടുമൂടിക്കിടക്കുകയാണ് തോട്ടങ്ങൾ. ടാപ്പിങ് ആരംഭിച്ചവർക്കാകട്ടെ റബർ പാലിൽ ഡിആർസി (ഡ്രൈ റബർ കണ്ടന്റ്) തീരെ കുറവുമാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കമ്പോളത്തിൽ റബർ വളരെക്കുറച്ചേ എത്തിയുള്ളൂവെന്നു വ്യാപാരികളും പറയുന്നു. 

ഇലപൊഴിച്ചിൽ രോഗത്തിനെതിരെയുള്ള കോപ്പർ ഓക്സിക്ലോറൈഡ് സ്പ്രേയിങ് ചെലവു കൂടുതലായതിനാൽ ഒട്ടുമിക്ക തോട്ടങ്ങളിലും നടത്താറില്ല. റെയ്ൻ ഗാർഡിങ്, സ്പ്രേയിങ് എന്നിവയ്ക്ക് ചെറുകിട കർഷകർക്ക് 8000 രൂപ നൽകുമെന്നു റബർ ബോർഡ് പറഞ്ഞിരുന്നെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല. ഈ വർഷം ജനുവരിയിൽ ഇന്ത്യയിലെ മൊത്തം റബർ ഉൽപാദനം 1,05,000 ടണ്ണായിരുന്നു. ഫെബ്രുവരിയിൽ അത് 71,000 ടണ്ണായി. 

ഏലം: കനത്ത ചൂടിൽ ഇടുക്കി ജില്ലയിലെ ഏലം കൃഷിയുടെ 40 ശതമാനത്തോളം ഉണങ്ങി നശിച്ചെന്നാണു വിലയിരുത്തൽ. വെള്ളത്തിന്റെ ലഭ്യതക്കുറവും ഊരൻ അടക്കമുള്ള രോഗകീട ബാധകളും ചെടികളെ നശിപ്പിക്കുന്നു. 

ഇഞ്ചി: ഇത്തവണ റെക്കോർഡ് വില വന്നെങ്കിലും വയനാട് ജില്ലയിലുൾപ്പെടെ കൃഷി വളരെക്കുറവ്. കർണാടകയിൽ ജലസേചനസൗകര്യമുള്ള പ്രദേശങ്ങൾ തേടുകയാണു പലരും. 

കുരുമുളക് : 2003–04 വർഷത്തെ വരൾച്ചയിൽ നാമാവശേഷമായ കുരുമുളക് വയനാട്ടിൽ തിരിച്ചുവരവിന്റെ പാതയിലായിരുന്നു. പിന്നീട് 2018, 2019 വർഷത്തെ പ്രളയവും ഇപ്പോൾ വരൾച്ചയും. കുരുമുളകു വള്ളികൾ ഇല മഞ്ഞളിച്ച് തിരിയടക്കം വേരോടെ ഉണങ്ങി. 

കശുവണ്ടി : സംസ്ഥാനത്ത് ഏറ്റവും വലിയ കശുവണ്ടിത്തോട്ടമുള്ള ആറളം ഫാം ഇപ്പോൾ അൻപതോളം കാട്ടാനകളുടെ താവളം. പ്രതിദിനം 100 മുതൽ 300 കിലോ വരെ കശുവണ്ടി കാട്ടാനകൾ ഭക്ഷണമാക്കുന്നു. കശുവണ്ടി കിട്ടണമെങ്കിൽ ആനപ്പിണ്ടത്തിൽ തിരയേണ്ട അവസ്ഥയാണ്. 

കാലാവസ്ഥാ വ്യതിയാനവും കശുമാവ് കർഷകർക്ക് ഇടിത്തീയായി. കശുമാവ് ഇലപൊഴിച്ച് തളിരിടേണ്ട നവംബർ– ഡിസംബറിലാണ് ഇടമഴയെത്തിയത്. ഡിസംബർ– ജനുവരി മാസത്തിലെ പൂവിടൽ  തുടർന്ന് ഫെബ്രുവരി - മാർച്ചിലായി. ഇതോടെ വിളവ് 30% ഇടിഞ്ഞു. പുതിയ പൂക്കളും കുരുന്ന് അണ്ടിയും ഉൾപ്പെടെ കരിഞ്ഞുണങ്ങുകയാണ്. കാസർകോട്ടെ പഴയ കശുമാവുകളിൽ 70% വരെ ഉൽപാദനം കുറഞ്ഞതായി കൃഷിവകുപ്പിന്റെ പഠനത്തിൽ കണ്ടെത്തി. അത്യുൽപാദന ശേഷിയുള്ള പുതിയ മരങ്ങളിൽ 40% വിളവും കുറഞ്ഞു. 

വരൾച്ച: 26,923 കർഷകർക്ക്, നഷ്ടം 109.94 കോടി

ഫെബ്രുവരി 1 മുതൽ ഇന്നലെ വരെ സംസ്ഥാനത്തുണ്ടായ കൃഷിനാശം 

ആകെ കൃഷി നാശം ബാധിച്ച കർഷകർ വരൾച്ച ബാധിച്ച സ്ഥലം

109.94  കോടി രൂപ 26,923 6,664.98 ഹെക്ടർ

അവലംബം: കൃഷിവകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് 

വരുന്ന സീസണിൽ വിളകൾക്ക് രോഗസാധ്യത: കൃഷി വകുപ്പ്

സാധാരണ വരൾച്ചയല്ല കേരളം ഇത്തവണ നേരിടുന്നതെന്നും കാർഷികമേഖലയ്ക്ക് അതീവഗുരുതര പ്രതിസന്ധിയുണ്ടാക്കുന്ന കാലാവസ്ഥാ വ്യതിയാനമാണ് സംഭവിക്കുന്നതെന്നും കൃഷിവകുപ്പ്.  കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും കൃഷിനാശം സംഭവിക്കുന്നതു ഗൗരവമായി കാണണം. ഇത്തവണ മഴ പെയ്താലും ഉഷ്ണതരംഗത്തിന്റെ പ്രശ്നം അവസാനിക്കാൻ സമയമെടുക്കുമെന്നും കൃഷി വകുപ്പ് പറയുന്നു. വരുന്ന സീസണുകളിൽ വിളകൾക്കു രോഗങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു. 

പഠിക്കാൻ ഉന്നതസംഘം 

കാർഷിക മേഖലയുടെ ആഘാതം പഠിക്കാൻ ബ്ലോക്ക് തലത്തിൽ വിദഗ്ധർ ഉൾപ്പെടുന്ന ഉന്നതതല സംഘത്തെ കൃഷി വകുപ്പ് നിയോഗിച്ചിട്ടുണ്ട്. അതീവ ഗൗരവമായ അവസ്ഥ കേന്ദ്രത്തെ ബോധ്യപ്പെടുത്താൻ സംഘം ഡൽഹിക്കു പോകും. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ബാധകമാകില്ലെങ്കിൽ കൃഷി മന്ത്രിയും ഡൽഹിക്കു പോകും.

നാളെ: പൊള്ളലേറ്റ് മീനും

English Summary:

Farmers are crushed by summer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com