ADVERTISEMENT

അമിതമായ തീറ്റ, വ്യായാമത്തിന്റെ അഭാവം എന്നിങ്ങനെയുള്ള കാരണങ്ങളുമായാണ്‌ നാം പലപ്പോഴും ഭാരവര്‍ധനവിനെ ബന്ധിപ്പിക്കുന്നത്‌. എന്നാല്‍ ഇതിനു പുറമേ മറ്റ്‌ ചില കാരണങ്ങളാലും ഒരു വ്യക്തിയുടെ ശരീരഭാരം കൂടിയെന്നിരിക്കാം. അത്തരമൊരു കാരണമാണ്‌ ചില പോഷണങ്ങളുടെ അഭാവം. നന്നായി പ്രവര്‍ത്തിക്കാന്‍ നമ്മുടെ ശരീരം പല തരത്തിലുള്ള വൈറ്റമിനുകളെയും ധാതുക്കളെയും ആശ്രയിക്കുന്നു. ഇതില്‍ ഉണ്ടാകുന്ന സന്തുലനം ഇല്ലായ്‌മ ഭാരവര്‍ധന ഉള്‍പ്പെടെ നാം പ്രതീക്ഷിക്കാത്ത പല പരിണിത ഫലങ്ങളിലേക്കും നയിക്കാം.

ഇനി പറയുന്ന പോഷണങ്ങളുടെ അഭാവം ഭാരവര്‍ധനവിലേക്ക്‌ നയിക്കാമെന്ന്‌ ബംഗലൂരു ഫോര്‍ട്ടിസ്‌ ആശുപത്രിയിലെ ഡയറ്റീഷ്യന്‍ ഭാരതി കുമാര്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

1. വൈറ്റമിന്‍ ഡി 
വെയില്‍ കൊള്ളുമ്പോള്‍ നമ്മുടെ ശരീരത്തിലുണ്ടാകുന്ന പോഷണമാണ്‌ വൈറ്റമിന്‍ ഡി. ചയാപചയത്തെയും ഇന്‍സുലിന്‍ സംവേദനത്വത്തെയും നിയന്ത്രിക്കുന്നതില്‍ വൈറ്റമിന്‍ ഡി മുഖ്യ പങ്ക്‌ വഹിക്കുന്നു. വൈറ്റമിന്‍ ഡിയുടെ തോത്‌ കുറയുമ്പോള്‍ കൊഴുപ്പിനെ ശരിയായി കത്തിക്കാന്‍ ശരീരത്തിന്‌ കഴിയാതെ വരുന്നു. ഇത്‌ ഭാരം കൂടാന്‍ കാരണമാകും. തീരെ വെയില്‍ കൊള്ളാതിരിക്കുന്നത്‌ ഭാരവര്‍ധനവിന്‌ കാരണമാകുന്നത്‌ ഈ വിധത്തിലാണ്‌. 

omega-3-fatty-acid-KucherAV-Shutterstock
Representative image. Photo Credit: KucherAV/Shutterstock.com

2. ഒമേഗ-3 ഫാറ്റി ആസിഡ്‌
നല്ല കൊഴുപ്പുള്ള മീനില്‍ മുഖ്യമായും കാണപ്പെടുന്ന പോഷണമാണ്‌ ഒമേഗ-3 ഫാറ്റി ആസിഡ്‌. ഇതിന്റെ അഭാവം വിശപ്പിനെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളുടെ താളം തെറ്റിക്കും. കലോറി അധികം അടങ്ങിയ ഭക്ഷണത്തോടുള്ള ആര്‍ത്തി ഇത്‌ മൂലം ഉണ്ടാകാം. അമിതമായി ഭക്ഷണം കഴിക്കാനും ഭാരം വര്‍ധിക്കാനും ഇത്‌ കാരണമാകും. 

3. പ്രോട്ടീന്‍ 
പേശികളുണ്ടാക്കാന്‍ സഹായിക്കുന്ന പോഷണമായ പ്രോട്ടീനുകള്‍ നമുക്ക്‌ തൃപ്‌തി നല്‍കുന്ന ഹോര്‍മോണുകളെയും നിയന്ത്രിക്കുന്നു. വയര്‍ നിറഞ്ഞ തോന്നലും തൃപ്‌തിയും ഉണ്ടാക്കാന്‍ ആവശ്യത്തിന്‌ പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇല്ലെങ്കില്‍ ഭക്ഷണത്തോടുള്ള ആര്‍ത്തി വര്‍ധിച്ച്‌ കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള സാധ്യത അധികമാണ്‌. ഇത്‌ പതിയെ ഭാരവര്‍ധനവിലേക്ക്‌ നയിക്കും. 

Representative image. Photo Credit:Prostock-studio/Shutterstock.com
Representative image. Photo Credit:Prostock-studio/Shutterstock.com

4. വൈറ്റമിന്‍ ബി
ബി12, ബി6 എന്നിങ്ങനെയുള്ള ബി വൈറ്റമിനുകള്‍ ഊര്‍ജ്ജത്തിന്റെ ചയാപചയത്തില്‍ മുഖ്യ പങ്ക്‌ വഹിക്കുകയും ഭക്ഷണത്തെ ഊര്‍ജ്ജമാക്കി മാറ്റുകയും ചെയ്യുന്നു. ഇവയുടെ അഭാവം ക്ഷീണത്തിനും മധുരം ചേര്‍ന്ന ഭക്ഷണങ്ങള്‍ അധികമായി കഴിക്കാനുള്ള ത്വരയുണ്ടാക്കാനും കാരണമാകുന്നു. ഇതും ഭാരവര്‍ധനവിലേക്ക്‌ നയിക്കാം. 

5. അയഡിന്‍ 
ഭക്ഷണത്തിലെ അയഡിന്റെ അഭാവം ഹൈപോതൈറോയ്‌ഡിസം എന്ന രോഗാവസ്ഥയിലേക്ക്‌ നയിക്കും. മോശം ചയാപചയം, ഭാരവര്‍ധന എന്നിവയുമായുമെല്ലാം ഹൈപോതൈറോയ്‌ഡിസം ബന്ധപ്പെട്ടിരിക്കുന്നു. 

6. അയണ്‍
അയണിന്റെ അഭാവം ചയാപചയത്തെ താളം തെറ്റിക്കുന്നു. ശരീരത്തിലുടനീളം ഓക്‌സിജന്‍ എത്തിക്കുന്നതില്‍ മുഖ്യമായ സ്ഥാനമാണ്‌ അയണ്‍ വഹിക്കുന്നത്‌. ഇത്‌ ആവശ്യത്തിന്‌ ശരീരത്തില്‍ ഇല്ലാതാകുന്നതോടെ ശരീരം കൂടുതല്‍ ഊര്‍ജ്ജത്തിനായി കൊഴുപ്പ്‌ ശേഖരിച്ച്‌ വയ്‌ക്കാന്‍ തുടങ്ങും. ഹോര്‍മോണല്‍ അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നത്‌ വഴിയും അയണ്‍ അഭാവം ഭാരവര്‍ധനവിലേക്ക്‌ നയിക്കാം. 

രക്തപരിശോധനയിലൂടെ മുഖ്യമായ പോഷണങ്ങളുടെ അഭാവം കണ്ടെത്താന്‍ സാധിക്കുന്നതാണ്‌. പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്‌നുകള്‍, ലീന്‍ പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, നട്‌സ്‌, പാലുത്‌പന്നങ്ങള്‍ എന്നിവയടങ്ങിയ സന്തുലിത ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ പോഷണങ്ങളുടെ അഭാവം പരിഹരിക്കാന്‍ സാധിക്കും. ഇടയ്‌ക്ക്‌ പുറത്തിറങ്ങി ഇളം വെയിലേല്‍ക്കുന്നതും നല്ലതാണ്‌. 

പട്ടിണി കിടന്നാൽ വണ്ണം കുറയുമോ: വിഡിയോ

English Summary:

Nutritional Defeciencies can be a reason for Weight Gain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com