'അവർ പറയുന്നത് ശരിയാണെങ്കിൽ അവൻ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു, അപ്പോൾ ഞങ്ങളുടെ കൂടെ ജോലി ചെയ്തതാര്?'
അവർ പറയുന്നത് ശരിയാണെങ്കിൽ മുരുകൻ മരിച്ചിട്ടു ഒരു വർഷം പിന്നിട്ടിരിക്കുന്നു. അപ്പോൾ ഞങ്ങളുടെ കൂടെ ജോലി ചെയ്തതാര്? എന്റെ ഉള്ളം കാലിൽ നിന്നും ഒരു മരവിപ്പ് മുകളിലേക്ക് കയറി. അവരോടു ഇതെങ്ങനെ ചോദിക്കും? ഞങ്ങൾ ഇംഗ്ലിഷിൽ അങ്ങോട്ടുമിങ്ങോട്ടും ആശയ വിനിമയം നടത്തി.
അവർ പറയുന്നത് ശരിയാണെങ്കിൽ മുരുകൻ മരിച്ചിട്ടു ഒരു വർഷം പിന്നിട്ടിരിക്കുന്നു. അപ്പോൾ ഞങ്ങളുടെ കൂടെ ജോലി ചെയ്തതാര്? എന്റെ ഉള്ളം കാലിൽ നിന്നും ഒരു മരവിപ്പ് മുകളിലേക്ക് കയറി. അവരോടു ഇതെങ്ങനെ ചോദിക്കും? ഞങ്ങൾ ഇംഗ്ലിഷിൽ അങ്ങോട്ടുമിങ്ങോട്ടും ആശയ വിനിമയം നടത്തി.
അവർ പറയുന്നത് ശരിയാണെങ്കിൽ മുരുകൻ മരിച്ചിട്ടു ഒരു വർഷം പിന്നിട്ടിരിക്കുന്നു. അപ്പോൾ ഞങ്ങളുടെ കൂടെ ജോലി ചെയ്തതാര്? എന്റെ ഉള്ളം കാലിൽ നിന്നും ഒരു മരവിപ്പ് മുകളിലേക്ക് കയറി. അവരോടു ഇതെങ്ങനെ ചോദിക്കും? ഞങ്ങൾ ഇംഗ്ലിഷിൽ അങ്ങോട്ടുമിങ്ങോട്ടും ആശയ വിനിമയം നടത്തി.
തൊട്ടടുത്ത സീറ്റിനു മുകളിൽ മുനിഞ്ഞു കത്തുന്ന ബൾബിനെ നോക്കി ഈർഷ്യയോടെ അയാൾ വിളിച്ചു കൂവി. "എന്ത് തേങ്ങയാണോ ലവന്മാർ ഇന്നലെ വന്നു ശരിയാക്കിയത്. ഒരാഴ്ചയായി ഈ ബൾബ് ഇങ്ങനെ കത്താൻ തുടങ്ങിയിട്ട്." ശരിക്കും അത് സത്യമാണ്. കുറച്ചു ദിവസങ്ങളായി ഈ ബൾബ് ഇങ്ങനെയാണ് കത്തുന്നത്. അതിന്റെ കീഴെ ഇരുന്നു ജോലി ചെയ്യുന്നവൻ ജോലിക്കു വന്നിട്ടും ഏതാണ്ട് രണ്ടാഴ്‌ച ആകുന്നു. ഇതൊന്നു ശരിയാക്കാൻ ഇൻഫ്രാ ടീമിനോട് പറഞ്ഞതാണ്. ഇലക്ട്രീഷ്യൻ വന്നു നോക്കി ബൾബും മാറി. പക്ഷെ അതിന്റെ സൂക്കേട് മാത്രം മാറിയില്ല. ശരിയായില്ലെങ്കിൽ ബൾബ് ഇടേണ്ട എന്ന് അവനോടു അറിയാവുന്ന കന്നടയിൽ പറഞ്ഞാണ്, പക്ഷെ പുതിയ ബൾബ് ചൂടായാൽ ശരിക്കും ശരിയാകും എന്ന അവന്റെ (എന്നെയും വിശ്വസിപ്പിച്ച) അന്ധവിശ്വാസം ആ പുത്തൻ ബൾബുകളുടെ ഭാഗ്യപരീക്ഷണ വേദിയാക്കി. എവിടെ ശരിയാകാൻ? ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു എന്ന് തെളിയിച്ചു കൊണ്ടെന്ന പോലെ ബൾബ് മുനിഞ്ഞു തന്നെ കത്തിക്കൊണ്ടേയിരുന്നു. ഒരു ഹൊറർ ഫിലിമിലെ പ്രേതത്തിന്റെ എൻട്രി പോലെ.
പതിവ് പോലെ ഞാനും എന്റെ മാനേജർ വിനോദും മാത്രമാണു ഓഫീസിൽ ഞങ്ങളുടെ പ്രോജക്ടിന്റെ ഭാഗത്ത്. ഒപ്പം ഉണ്ടാകാറുണ്ടായിരുന്ന ജൂനിയർ പയ്യൻ കഴിഞ്ഞ ഒരാഴ്ചയായി വരുന്നില്ല. വൈകി വന്നു ക്ലയന്റിന്റെ ഓൺസൈറ്റ് സമയത്തോടൊപ്പമെത്താൻ വൈകി ഇരുന്നുള്ള ജോലി ഏതാണ്ട് വിചിത്രമായ ഒരു ടൈം സോൺ ആണല്ലോ സോഫ്റ്റ്‌വെയർ തൊഴിലാളികൾക്ക് സമ്മാനിക്കുന്നത്. വൈകി ഉണരേണ്ടി വരുന്ന പ്രഭാതങ്ങൾ, രാത്രി വളരെ വൈകി കഴിക്കുന്ന അത്താഴം. ഇതിനിടയിൽ സൗഹൃദത്തിന്റെ ചായയും പുകയും. ഒരു ശരാശരി സോഫ്ട്‍വെയർ എൻജിനീയർ ഇതിൽ ഒതുങ്ങുന്നു.
തിരികെ ഓഫീസ് മുറിയിലേക്ക്.. മുനിഞ്ഞു കത്തുന്ന ബൾബ് പ്രകാശം പകർന്നിരുന്നത് കേവലം ഒരു വർഷം മാത്രം സോഫ്റ്റ്‌വെയർ വളർച്ചയുള്ള ഒരു ചെറുപ്പക്കാരനാണ്. പേര് മുരുകൻ കനകവേൽ. ഒരു കറുത്തു ചടച്ച കണ്ണടക്കാരൻ. ശരിക്കും ഒരു തൊഴിൽജീവി. എന്റെ ടീമിൽ ജോയിൻ ചെയ്തതിനു ശേഷം എപ്പോൾ തിരിഞ്ഞു നോക്കിയാലും അവൻ ആ സീറ്റിൽ ഉണ്ടാകും. ജോലിയോടുള്ള അവന്റെ ആത്മാർഥത ഞങ്ങളുടെ ടീം അത്യാവശ്യം മുതലാക്കുകയും ചെയ്തു. ആരംഭശൂരത്വം ആയിരിക്കാം അവന്റെ ആത്മാർഥത എന്ന് കരുതി പണ്ടെങ്ങാണ്ടോ വായിച്ച രത്തൻ റ്റാറ്റ പറഞ്ഞതെന്ന് പറയപ്പെടുന്ന "സ്‌നേഹിക്കേണ്ടതു ജോലിയെയാണെന്നും കമ്പനിയെ അല്ലായെന്നും" ഒക്കെ പറഞ്ഞു നോക്കി. ഫലം നഹിം. പിറ്റേന്നും രാവിലെ ആരെക്കാളും മുൻപേ അവൻ ഹാജർ. ജോലിയിൽ മാത്രമായിരുന്നു അവൻ ഫ്രഷർ. ടെക്നിക്കൽ സ്കില്ലിൽ അവൻ ശരിക്കും ഒരു പുലി ആയിരുന്നു. വളരെ വേഗം കാര്യങ്ങൾ പഠിച്ചു ആ ടീമിന്റെ അഭിവാജ്യ ഘടകമായി മുരുകൻ മാറി. അങ്ങനെയുള്ള മുരുകനാണ് ലീവ് എടുത്തിരിക്കുന്നത്.
തൊട്ടപ്പുറത്തെ കാബിനിൽ നിന്നും മാനേജരുടെ ഇമെയിൽ റിപ്ലൈകൾ കീബോർഡിന്റെ ഒച്ചയുടെ രൂപത്തിൽ എന്നിലേക്കെത്തി. ഒരു ശരാശരി മാനേജരുടെ കീബോർഡിന്റെ ഒച്ച ഡീകോഡ് ചെയ്‌താൽ അത് ഏതാണ്ട് ഇങ്ങനിരിക്കും "ഞങ്ങൾ സകല കഴിവും ഉപയോഗിച്ച് ഈ ഇഷ്യു നോക്കിക്കൊണ്ടിരിക്കുകയാണ്. എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടെങ്കിൽ താങ്കളെ അറിയിക്കുന്നതായിരിക്കും". എത്ര പറഞ്ഞാലും നമുക്കും എത്ര കേട്ടാലും ക്ലയന്റ്സിനും മടുക്കാത്ത ഒരു വാചകമാണിത്. അടുത്ത ക്യാബിനിൽ ഇരുന്നിരുന്ന മറ്റൊരു പ്രോജെക്ടിലെ സുഹൃത്ത് ഗുഡ് നൈറ്റ് പറഞ്ഞിറങ്ങിയതോടെ ആ മുഴുവൻ ബിൽഡിങ്ങിൽ ഞാനും മാനേജറും മാത്രമായി. സെക്യൂരിറ്റിമാരുടെ ക്യാബിൻ അഞ്ചു മണിക്ക് ശേഷം താഴത്തെ നിലയിൽ മാത്രമേ ഉണ്ടാകാറുള്ളൂ. കീബോർഡിന്റെ പരിചിതമായ ഒച്ചയെ മറികടന്നു അസന്തുഷ്ടകരമായ ഒരു നിശബ്ദത അവിടെ നിറഞ്ഞു. മുനിഞ്ഞു കത്തുന്ന ബൾബും ആ നിശബ്ദതയും എനിക്ക് അരോചകമായി തോന്നി. ഇയാളുടെ മറുകുറി ലേഖനങ്ങൾ കഴിഞ്ഞെങ്കിൽ താഴേക്ക് പോയി ആത്മാവിന് ഒരു പുക കൊടുക്കാമായിരുന്നു എന്ന് ഞാൻ ആലോചിച്ചു. അടുത്ത മീറ്റിംഗിന് ഇനി ഏതാണ്ട് ഒരു മണിക്കൂർ ബാക്കിയുണ്ട്.
"ഗുരോ (കന്നടയിൽ സുഹൃത്തുക്കളെ സംബോധന ചെയ്യുന്നത് ഗുരോ എന്നാണ്). കൊട്ടൽ കഴിഞ്ഞെങ്കിൽ നമുക്ക് പന്തം കൊളുത്തി പ്രകടനത്തിന് പോയാലോ?" "ദാ അഞ്ചു മിനിറ്റ്. ഒരുത്തനേം കൂടി ഒന്നൊതുക്കിക്കോട്ടെ" അതും പറഞ്ഞു ഒട്ടകപക്ഷിയെപ്പോലെ പുള്ളി വീണ്ടും തല പൂഴ്ത്തി. "നമ്മുടെ പരമേശ്വരൻ എത്ര ദിവസത്തെ ലീവിനാണ് പോയിരിക്കുന്നത്?" ഒരു സംഭാഷണത്തിന് തുടക്കമിട്ടു കൊണ്ട് ഞാൻ ചോദിച്ചു. പരമേശ്വരൻ എന്നത് മുരുകന് ഞാനിട്ട ഇരട്ടപ്പേരാണ്. സ്ഥിരം വെള്ളേം വെള്ളേം ഇട്ടു വന്നിരുന്നതിനാൽ മനസ്സിൽ തോന്നിയ പേര്. സാക്ഷാൽ ഉസ്താദ് പരമേശ്വരന്റെ പേര്. "എനിക്കെങ്ങനെ അറിയാം. എന്നോടൊന്നും പറഞ്ഞിട്ടില്ല. ഞാൻ കരുതി തനിക്ക് ഇമെയിൽ അയച്ചിട്ടുണ്ടാകും എന്ന്" "എന്ത്..?" കസേര പിന്നിലേക്ക് തള്ളി ഒരാന്തലോടെ ഞാൻ എഴുന്നേറ്റ് നിന്ന് ഉറക്കെ ചോദിച്ചു. "ഞാൻ കരുതി തനിക്ക് ഇമെയിൽ കാണുമെന്നു. സാധാരണ ടീം മെംബേർസ് എല്ലാം തനിക്കല്ലേ ഇമെയിൽ അയക്കുന്നത്." "താൻ അവന്റെ ഫോണിൽ ഒന്ന് ട്രൈ ചെയ്തേ"
ഞാൻ അവന്റെ ഇമെയിൽ സിഗ്‌നേച്ചർ തപ്പിയെടുത്തു. അതിൽ പേര് മാത്രം. ഫോൺ നമ്പർ ഇല്ല. കമ്പനി പ്രൊഫൈൽ തപ്പി അതിൽ ഓഫീസ് നമ്പർ മാത്രം. കമ്പനി പോർട്ടലിൽ മൊബൈൽ നമ്പർ നിർബന്ധമല്ല. ആ പോർട്ടൽ ഉണ്ടാക്കിയ ടീമിന്റെ മാനേജറുടെയും QA ഹെഡിന്റെയും മാതാപിതാക്കളെ മനസ്സിൽ സ്‌മരിച്ചു കൊണ്ട് അൽപം ചങ്കിടിപ്പോടെ ഞാൻ ഉറക്കെ പറഞ്ഞു "എന്റെ മാഷെ അവനു ഫോൺ ഇല്ലെന്നാണ് തോന്നുന്നത്. ഇരുപത്തിനാലു മണിക്കൂറും ഓഫീസിൽ ഉള്ള ഒരുത്തനു എന്നാത്തിനാ മൊബൈൽ ഫോൺ." കൊട്ടൽ നിന്നു. പ്രശ്നത്തിന്റെ ഗൗരവം പുള്ളിക്ക് മനസ്സിലായി. ഒരു എംപ്ലോയി ലീവ് ആപ്ലിക്കേഷൻ തരാതെ രണ്ടാഴ്ച ലീവ് എടുത്തിരിക്കുന്നു. ടൈംഷീറ്റ് മിസ്സിങ്, ലീവ് ആപ്ലിക്കേഷൻ മിസ്സിംഗ്. HR അറിഞ്ഞിട്ടില്ല. പണിയാകാൻ വേറെ വല്ലതും വേണോ? വല്ല ആക്സിഡന്റും പറ്റിയതാണെങ്കിൽ? വേറെ കമ്പനിയിലേക്ക് ചാടിയതാണെങ്കിൽ? കസേര പിന്നിലേക്ക് നീങ്ങുന്ന കേട്ടു.
"എന്റെ പൊന്നു സഹോ.ഇത് പണിയാകുമല്ലോ. താൻ ആ HR പെണ്ണുമ്പിള്ളേ ഒന്ന് വിളിച്ചേ." "ഈ പാതിരാത്രിയിലോ?" "എടോ.. ഈ പാതിരാത്രിയിൽ നമ്മൾ ഇരുന്നു ജോലി ചെയ്യുന്നില്ലേ? സംഭവത്തിന്റെ ഗൗരവം തനിക്ക് മനസ്സിലായിട്ടില്ല. അവനു എന്ത് പറ്റി എന്ന് നമുക്കറിയില്ല. നാല് ദിവസത്തിൽ കൂടുതൽ ഒരു എംപ്ലോയീ അൺഓതറൈസ്‌ഡ് ആബ്സെന്റ് ആയാൽ HR ടീമിനെ അറിയിച്ചിരിക്കണം. അവർ അവനെ കോൺടാക്ട് ചെയ്യും. അല്ലെങ്കിൽ അബ്സ്കോണ്ടിംഗ് മാർക്ക് ചെയ്യും. അവനു എന്തെലും സംഭവിച്ചാൽ, അല്ലെങ്കിൽ ഈ സമയം കൊണ്ട് അവൻ വേറൊരു കമ്പനിയിൽ ജോയിൻ ചെയ്താൽ നമുക്ക് കിട്ടാൻ പോകുന്നത് എട്ടിന്റെ പണിയാണ്.താൻ അവരെ ഒന്ന് വിളിച്ചേ" പിന്നെല്ലാം വളരെ പെട്ടന്നായിരുന്നു, ഇമെയിലിൽ നിന്നു അവരുടെ പേഴ്സണൽ ഫോൺ നമ്പർ തപ്പിയെടുത്തു. കമ്പനി ഫോണിൽ നിന്ന് സ്പീക്കർ മോഡിൽ അവരെ വിളിച്ചു. തെല്ലൊരു മുഷിഞ്ഞ സ്വരത്തിൽ അപ്പുറത്തെ തലയ്ക്കൽ അവരുടെ ശബ്ദം കേട്ടു. കാര്യമെല്ലാം കേട്ട് കഴിഞ്ഞപ്പോൾ പ്രശ്നം ഗൗരവകരമാണെന്നു അവർക്കും മനസ്സിലായി. പൊലീസ് കേസിൽ എത്തിപ്പെടും എന്ന് തീർച്ച. പക്ഷേ നാളെ കേസ് എടുത്തു കഴിഞ്ഞാണ് അവൻ വരുന്നതെങ്കിൽ കാര്യങ്ങൾ അൽപം കോംപ്ലിക്കേറ്റഡ് ആകും. ആ കേസ് ഒതുക്കാൻ ചിലപ്പോൾ പ്രയാസമാകും. ചിന്തയിലൂന്നിയ മൗനം മൂന്നു പേരിലും വേരിട്ടു.
പെട്ടെന്നുണ്ടായ ഒരു ഉൾപ്രേരണയിൽ ഞാൻ ചോദിച്ചു. "അങ്ങനെയെങ്കിൽ അവന്റെ നാട് വരെപ്പോയി അവനെ ഒന്ന് തപ്പിയാലോ? അവന്റെ ലാൻഡ് ഫോൺ നമ്പറോ അഡ്രെസ്സൊ വല്ലതും കാണുമല്ലോ നിങ്ങളുടെ ഡോകുമെന്റിൽ? ഇല്ലേ? ലാൻഡ് ഫോൺ ഉണ്ടെങ്കിൽ അതിലൊന്ന് വിളിച്ചോ നോക്കുകയും ചെയ്യാമല്ലോ" "അത് നല്ലൊരു ഐഡിയ ആണ്. ഞാൻ ഒന്ന് സിസ്റ്റത്തിൽ ലോഗിൻ ചെയ്യട്ടെ" ലീവ് ആപ്ലിക്കേഷൻ വാങ്ങാത്തതിലും ലീവ് ട്രാക്കിംഗ് കൃത്യമായി ചെയ്യാത്തതിലും ഞങ്ങളെ കുറ്റപ്പെടുത്താതെ ഈ അർദ്ധരാത്രിയിൽ സഹായിക്കുവാൻ ശ്രമിക്കുന്ന അവരുടെ ആത്മാർഥത എന്നെ സത്യത്തിൽ അതിശയിപ്പിച്ചു. സാധാരണ ഒരു മെയിലിനു റിപ്ലൈ തരാൻ യുഗങ്ങൾ എടുക്കുന്ന കൂട്ടരാണ്. പ്രശ്നത്തിന്റെ ഗൗരവം അവർക്കു നല്ല പോലെ അറിയാം എന്നതായിരിക്കാം കാരണം. "അഡ്രസ് ഉണ്ട് ലാൻഡ്ഫോൺ കാണിക്കുന്നില്ല. അവന്റെ സിവി ഞാനെടുത്തു നോക്കി. ഫോൺ നമ്പർ എവിടെയുമില്ല" "ആ അഡ്രസ്സ് എന്റെ ഇമെയിലിലേക്ക് ഒന്ന് അയച്ചു തരാമോ" അധികം വൈകാതെ തന്നെ അഡ്രസ് ഇമെയിലിന്റെ രൂപത്തിൽ ഞങ്ങളിലേക്കെത്തി. തമിഴ്നാട്ടിലെ ഉൾഗ്രാമമാണ്. മേട്ടൂർ നിന്നും കുറെ കൂടി ഉള്ളിലേക്ക് പോകണം. ഗൂഗിൾ മാപ്പിന് പുള്ളിയെ പരിചയമുണ്ടോ എന്ന് നോക്കി. ഭാഗ്യം. ഗൂഗിൾ തുണച്ചു. പരിചയമുണ്ട്. ഏതാണ്ട് 4 മണിക്കൂർ അകലെയാണ് ബാംഗ്ലൂരിലെ ഓഫിസിൽ നിന്നും.
അങ്ങനെ ഒരു വീക്കെൻഡ് ഗുദാ ഗവാ ആയി, ഞാൻ മനസ്സിലോർത്തു. കലുഷിതമായ മനസ്സോടെ ഞങ്ങൾ ഒരുമിച്ചു താഴേക്ക് തിരിച്ചു. തൊട്ടടുത്തുള്ള ഒരു അഡ്ഡയിൽ നിന്നും പതിവ് ചായയും പുകയും കൈക്കലാക്കി പൊലീസിന്റെ കണ്ണെത്താത്ത ഒരിടത്തേക്ക് മാറി നിന്നു. പൊലീസ് വന്നാലും സാധാരണ ഗതിയിൽ ഞങ്ങളെ മൈൻഡ് ചെയ്യാറില്ല. കടക്കാരൻ കൃത്യമായി നൽകുന്ന ദിവസപ്പടി ഞങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നുണ്ട്. മാസാവസാനത്തിൽ പക്ഷെ ചിലർക്ക് പിടി വീഴാറുമുണ്ട്. "അപ്പോൾ നാളെ നിങ്ങൾ എപ്പോഴാ പോകുന്നത്?" പ്രത്യക്ഷത്തിൽ നിരുപദ്രവകരമായ ഒരു ചോദ്യം പുകച്ചുരുളുകൾക്കിടയിലൂടെ എന്നെ തേടിയെത്തി. "നിങ്ങളല്ല നമ്മൾ ഒരുമിച്ചു രാവിലെ 7 മണിക്കു പുറപ്പെടും" ആ ചൂണ്ടയിൽ കുരുങ്ങാതെ ഞാൻ മറുപടി നൽകി. ഒരു പൊട്ടിച്ചിരിയുടെ അകമ്പടിയോടെ "ഒത്തില്ല ഒത്തില്ല" എന്ന് മുകേഷ് സ്റ്റൈലിൽ പുള്ളി മറുപടി നൽകി. അന്നത്തെ "പകൽ" അങ്ങനെ കഴിഞ്ഞു. ഉറക്കത്തിൽ ചില ദുഃസ്വപ്നങ്ങൾ എന്നെ തേടിയെത്തി. മുഖമില്ലാത്ത ആ സ്വപ്നങ്ങൾ പക്ഷെ മുരുകനെ ചുറ്റിപ്പറ്റിയായിരുന്നു എന്നെനിക്ക് ഉറപ്പായിരുന്നു. അരുതാത്തതെന്തോ അവനു സംഭവിച്ചു എന്ന് എന്റെ ഉള്ളിന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നത് പോലെ എനിക്കു തോന്നി.
ഏതാണ്ട് എട്ടു മണിക്ക് തന്നെ ഉറക്കച്ചടവോടെ ഞങ്ങളുടെ യാത്ര ആരംഭിച്ചു. ബാംഗ്ലൂരിലെ ട്രാഫിക്കിനെ കുറിച്ചറിയാവുന്നതു കൊണ്ട് തന്നെ എത്രയും നേരത്തെ യാത്ര തുടങ്ങുന്നു അത്രയും നന്ന് എന്ന് ഏതൊരു ബാംഗ്ലൂരിയനെയും പോലെ ഞങ്ങൾക്കും ബോധ്യമുണ്ടായിരുന്നു. ദൂരം കിലോമീറ്ററിൽ അല്ലാതെ സമയത്തിൽ അളക്കുന്ന തിരക്കേറിയ സിറ്റികളിൽ ഒന്നാണല്ലോ ബാംഗ്ലൂരും. സിൽക്‌ബോർഡിന്റെ കുരുക്കുകളിൽ ശ്വാസം മുട്ടാൻ നിൽക്കാതെ നൈസ് റോഡ് വഴി ഞങ്ങൾ കൃഷ്ണഗിരിയിലേക്ക് വച്ച് പിടിച്ചു. വഴിയിൽ കണ്ട ഒരു A2B ഹോട്ടലിൽ നിന്നും പ്രഭാതഭക്ഷണം കഴിച്ചു. ഒരു പക്ഷെ ഞങ്ങൾ ഇരുവരും ഒരുപാട് കാലങ്ങൾക്കിപ്പുറം ആകണം ഈ സമയത്തു പ്രഭാതഭക്ഷണം കഴിക്കുന്നത്. ഇടവിട്ടുള്ള ഇടങ്ങൾ ചായയും പുകയും അപഹരിച്ചു. ഏതാണ്ട് 12 മണിയോട് കൂടി ഞങ്ങൾ മേട്ടൂരിലെത്തി. അത്ര വിരസമല്ലായിരുന്നു യാത്ര. മുഴുവൻ സമയവും വാഹനമോടിച്ചത് ഞാൻ തന്നെയാണ്. വാരാന്ത്യമായതിനാൽ മനം മടുപ്പിക്കുന്ന ട്രാഫിക് ഇല്ലായിരുന്നു എന്നതും ആശ്വാസമായിരുന്നു. മേട്ടൂർ എത്തിയതിനു ശേഷം ഞങ്ങൾക്ക് പോകേണ്ടിയിരുന്നത് ഒരു ഉൾനാടൻ ഗ്രാമത്തിലേക്കായിരുന്നു. ട്രക്കുകളുടെ ബാഹുല്യം നിറഞ്ഞ ഹൈവേ റോഡിൽ നിന്നും തെന്നി മാറി കാവേരിയുടെ അരികിലൂടെയായി ഞങ്ങളുടെ യാത്ര. പന്നികളും കഴുതകളും പശുക്കളും തെരുവ് നായ്ക്കളും നിറഞ്ഞ വഴികൾ.
യാത്ര തുടരവേ ഞങ്ങൾക്ക് ഒരു കാര്യം മനസ്സിലായി ഗൂഗിൾ മാപ്പ് പതിയെ പണിമുടക്കാൻ തുടങ്ങുന്നു. ഇന്റർനെറ്റ് ഇല്ലാത്തതോ ഗൂഗിൾ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യപ്പെടാത്തതോ ആകണം കാരണം. യാത്ര തുടരണം എങ്കിൽ ഇനി വഴി മനസ്സിലായേ പറ്റൂ എന്ന നിലയിൽ ഞങ്ങളെത്തി. വഴിയിൽ കണ്ട ഒരു ചെറിയ കടയുടെ മുന്നിൽ ഞങ്ങൾ കാർ നിർത്തി. ചായകുടിയും വഴിചോദിക്കലും മാത്രമായിരുന്നു ഉദ്ദേശം. മുരുകനെ അന്വേഷിച്ചാണ് ഞങ്ങൾ പോകുന്നത് എന്ന് അവരെ അറിയിക്കേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. ഒരുപക്ഷെ അവൻ മുങ്ങിയത് ഏതേലും ഫ്രോഡ് പരിപാടിയുമായിട്ട് ആണെങ്കിൽ ഞങ്ങൾ എത്തുന്നതിനു മുൻപ് അവൻ അതറിയണ്ട എന്ന് കരുതിയായിരുന്നു അത്. ഭാഗ്യത്തിന് അവർക്ക് ആ ഗ്രാമത്തെക്കുറിച്ചു അറിയാമായിരുന്നു. ഇനിയും ഏതാണ്ട് 25 കിലോമീറ്റർ ദൂരം യാത്ര ചെയ്യാനുണ്ട്. പക്ഷെ വഴി അത്ര സുഗമമല്ല. ടാറിന്റെ കഷ്ണം റോഡിൽ കണ്ടാൽ പഞ്ചായത്തിനെ അറിയിക്കണം എന്ന് നിയമമുള്ളത്ര മോശം റോഡാണ്. റോഡിൽ ട്രെയിലറുകൾ ഘടിപ്പിച്ച ട്രാക്ടറുകൾ മാത്രം. ഇരുവശത്തും പാടങ്ങൾ. റോഡ് തങ്ങളുടെ അവകാശമാണ് എന്നത് പോലെ പെരുമാറുന്ന ആടുമാടുകൾ. അവയെല്ലാം തരണം ചെയ്തു ഒടുവിൽ ഞങ്ങൾ ആ ഗ്രാമത്തിൽ എത്തി.
പ്രതീക്ഷിച്ചതിനേക്കാൾ അൽപം കൂടി ശോചനീയമായ ഒരു ഗ്രാമം. സമയം ഉച്ചയോടടുക്കുന്നു. ചുട്ടു പൊള്ളുന്ന വേനൽ ചൂട്. അരികിൽ കണ്ട കരിമ്പ് കച്ചവടക്കാരന്റെ കൈയ്യിൽ നിന്നും നല്ല ജ്യൂസ് വാങ്ങി കുടിച്ചു. കടമ്പ ഇനിയുമുണ്ട്. ഇവിടെ നിന്നും മുരുകന്റെ വീട് എങ്ങനെ കണ്ടു പിടിക്കും? ആ കരിമ്പ് കച്ചവടക്കാരനോട് തന്നെ ചോദിക്കാം എന്ന് കരുതി. "ഇവിടെ ഒരു കനകവേലിനെ അറിയാമോ?" അറിയാവുന്ന തമിഴിൽ ചോദിച്ചു. "എന്ത കനകവേൽ സാർ" "അതൊന്നും തെരിയാത്. അവരുടെ പയ്യൻ വന്ത് എഞ്ചിനീയർ" "അപ്പിടിയാരെയും തെരിയലയെ സാർ. കൊഞ്ചം പോസ്റ്റാഫീസിലെ കേട്ട് പാരുങ്കളെ" പോസ്റ്റാഫീസ് അടുത്ത് തന്നെയാണെന്നും അങ്ങോട്ടുള്ള വഴി പറഞ്ഞു തരുന്നതിനിടയിൽ അയാൾ സൂചിപ്പിച്ചു. വല്യ പ്രയാസമുണ്ടായിരുന്നില്ല ആ കെട്ടിടം കണ്ടു പിടിക്കാൻ. പോസ്റ്റ്മാനെ കണ്ടു പിടിച്ചു. കനകവേലിനെ അയാൾക്കറിയാം. ആ വീടും അറിയാം. പക്ഷെ എന്തോ ഒരു സംശയം അയാളിൽ ഉള്ളത് പോലെ ഞങ്ങൾക്ക് തോന്നി. അവിടേക്ക് കാർ പോകില്ല. ഒരു അരക്കിലോമീറ്റർ നടക്കാനുണ്ട്. പക്ഷെ കാർ ഇവിടെ പാർക്ക് ചെയ്യുന്നതു അത്ര പന്തിയായി ഞങ്ങൾക്ക് തോന്നിയില്ല. ഒടുവിൽ അടുത്തുള്ള ഒരു വീട്ടു മുറ്റത്തേക്ക് കാർ കയറ്റി ഇടാം എന്ന് അയാൾ നിർദേശിച്ചു. അവിടുള്ള പ്രായമായ സ്ത്രീയോട് കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചതിനു ശേഷം ഞങ്ങൾ കാൽനടയായി പോസ്റ്റ്മാൻ പറഞ്ഞ ദിക്കിലേക്ക് നടന്നു. വേനൽ ചൂട് ഞങ്ങളുടെ മേൽ തീയായി തന്നെ വർഷിക്കുണ്ടായിരുന്നു. കരിമ്പ് കടക്കാരനിൽ നിന്നും ബോട്ടിലിൽ ജ്യൂസ് വാങ്ങാൻ തോന്നിയ ബുദ്ധിയെ ഞങ്ങൾ ഇരുവരും മനസ്സാൽ അഭിനന്ദിച്ചു.
ഒടുവിൽ ഞങ്ങളെത്തി. കനകവേലിന്റെ വീട്ടിൽ. ഒരു കൊച്ചു കുടിൽ. പനമ്പാ വച്ച് മേൽക്കൂര പാകിയ ഒന്നോ രണ്ടോ പേർക്ക് നിന്ന് തിരിയാൻ മാത്രം ഇടമുള്ള ഒരു കൊച്ചു വീട്. അതിനുള്ളിൽ ആരും ഉള്ളതിന്റെ ലക്ഷണമില്ല. "അമ്മാ. ഇങ്കെ യാരാവത് ഇരുക്കീങ്കളാ". അറിയാവുന്ന തമിഴിൽ ഞാൻ വിളിച്ചു ചോദിച്ചു. ആരും ഉള്ളതിന്റെ ലക്ഷണമില്ല. വീടിനു ചുറ്റും നടന്നു നോക്കി. ആ കൂരയുടെ ഒരറ്റത്ത് ഉള്ള ജനലിൽ കൂടി അകത്തു അവ്യക്തമായ ഒരു ഫോട്ടോ ഞാൻ കണ്ടു. ഇരുട്ടായിരുന്നതിനാൽ ഫോട്ടോ വ്യക്തമല്ല. പക്ഷെ എനിക്കത് മുരുകന്റെ ഫോട്ടോ പോലെയാണ് തോന്നിയത്. മുന്നിലേക്ക് വന്ന ഞാൻ ഇക്കാര്യം പറഞ്ഞു. വീടിതു തന്നെ എന്ന് ഞങ്ങൾ ഉറപ്പിച്ചു. എന്തായാലും കാത്തിരിക്കുക തന്നെ. അധിക നേരം കാത്തിരിക്കേണ്ടി വന്നില്ല. അൽപം ക്ഷീണിച്ച മുഖത്തോടു കൂടി ഒരു മെല്ലിച്ച സ്ത്രീ അവിടേക്കു വന്നു. കൈയ്യിൽ ഒരു കൃഷി ആയുധം ഉണ്ട്. വാക്കത്തിയോ മറ്റോ ആണ്. ഒരു വിറകു കെട്ടും അവരുടെ തോളിൽ ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടു അവർ വേഗം വാക്കത്തിയും വിറകു കെട്ടും താഴെയിട്ടു ഞങ്ങളുടെ അടുത്തേക്ക് വന്നു. വളരെ മോശം തമിഴിലാണ് ഞങ്ങൾ സംസാരിച്ചിരുന്നു എന്നത് കൊണ്ട് തന്നെ ഞാൻ മലയാളത്തിലേക്ക് ഞങ്ങളുടെ സംഭാഷണം വിവർത്തനം ചെയ്യാം..
"ആരാ. എന്ത് വേണം? പഞ്ചായത്തിൽ നിന്നാണോ?" "അല്ല ഞങ്ങൾ മുരുകന്റെ പരിചയക്കാരാണ്" അത് കേട്ട ക്ഷണം അവരുടെ മുഖം വിവർണ്ണമായി. വേദനയിലെന്ന വണ്ണം അവരുടെ മുഖം ഇരുളുന്നതും, കൺകോണിലെവിടെയോ ഒരു കണ്ണുനീർത്തുള്ളി ഉരുണ്ടു കൂടുന്നതും ഞങ്ങൾ കണ്ടു. ക്ഷണനേരം കൊണ്ട് തന്നെ അവർ ഭാവവ്യത്യാസം വരുത്തി, അകത്തു കയറി ഒരു കട്ടിൽ പുറത്തേക്കിട്ടു, ഞങ്ങൾക്കിരിക്കാനായി. "എന്താണ് വന്നത്?" അവരുടെ ഭാവവ്യത്യാസത്തിൽ നിന്നും എന്തോ അരുതാത്തത് സംഭവിച്ചു എന്ന് ഞങ്ങൾക്ക് മനസ്സിലായി. "മുരുകന്റെ പരിചയക്കാരാണ്" "കോളജിൽ വച്ചുള്ള പരിചയമാണോ?" "അതെ" ഞാൻ വേഗം ഇടയിൽ കയറി പറഞ്ഞു. അവരുടെ കണ്ണുകൾ വീണ്ടും ഉരുണ്ടു കൂടി. എത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും അതിൽ നിന്നും ഉറവ പൊട്ടിയൊലിച്ചു. ഒന്നും മിണ്ടാതെ, കാര്യമെന്തെന്നു മനസ്സിലാകാതെ ഇതികർത്തവ്യാ മൂഢരായി ഇരിക്കാൻ മാത്രമേ ഞങ്ങൾക്ക് സാധിച്ചുള്ളൂ. "ഇല്ലെങ്കിൽ ഇല്ലെന്നേ ഉണ്ടായിരുന്നുള്ളൂ മക്കളെ. കണ്ണിൽ കാണിച്ചിട്ട് ഇങ്ങനെ തിരിച്ചെടുക്കാനായിരുന്നെങ്കിൽ എന്തിനാണ് തന്നത്"
ഒരു ഇടിത്തീ പോലെയാണ് ആ വാക്കുകൾ ഞങ്ങളുടെ മേൽ വന്നു പതിച്ചത്. കേട്ട വാക്കുകൾ വിശ്വസിക്കാനാകാതെ ഞങ്ങൾ ഇരുപേരും മുഖത്തോടു മുഖം നോക്കി. മുരുകൻ ഇനി ഇല്ലെന്നോ? അങ്ങനെ തന്നെയല്ലേ അവർ പറഞ്ഞത്? ഞങ്ങളുടെ മുഖത്തെ ഭാവം കണ്ടിട്ടാകണം, അവർ ഒന്നമ്പരന്നു. "മുരുകന്റെ സുഹൃത്തുക്കൾ അല്ലെ നിങ്ങൾ?" "അതെ അമ്മാ, പക്ഷെ ഞങ്ങൾ മുരുകന്റെ സീനിയേഴ്സ് ആയിരുന്നു കോളജിൽ, മുരുകൻ പഠിച്ചിറങ്ങുന്നതിനു മുൻപേ കോളജ് വിട്ടതാ ഞങ്ങൾ" അപ്പോൾ മനസ്സിൽ തോന്നിയ ഒരു നുണ ഞാൻ അടിച്ചു വിട്ടു. "അപ്പൊ നിങ്ങൾക്ക് ഒന്നുമറിയില്ലേ?" നിഷേധാർഥത്തിൽ തലയാട്ടാൻ മാത്രമേ ഞങ്ങൾക്ക് കഴിയുമായിരുന്നുള്ളൂ. ഒരു വശത്തു പ്രിയപ്പെട്ട ആ ചെറുപ്പക്കാരൻ ഇനിയില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാത്തതിന്റെ സങ്കടം. മറ്റെന്തിനേക്കാളും ആ ഹൃദയഭാരമായിരുന്നു അപ്പോൾ ഞങ്ങൾക്കുണ്ടായിരുന്നത്. പക്ഷെ അപ്പോളും സംശയം ഞങ്ങളെ വിട്ടകന്നിരുന്നില്ല.നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ ആ അമ്മ പറഞ്ഞു തുടങ്ങി.
"താണ ജാതിക്കാരാണ് മക്കളെ ഞങ്ങൾ. താണ ജാതിക്കാരെന്നു പറഞ്ഞാൽ, ഈ മുറ്റത്തു പോലും ഇവിടുള്ള മറ്റു ജാതിക്കാർ കയറില്ല, ഈ വഴി നടക്കുക പോലുമില്ല. നിങ്ങളിവിടെക്കു വന്നപ്പോൾ ആരോടെങ്കിലും വഴി ചോദിച്ചായിരുന്നോ? ചോദിച്ചാലും അവരൊന്നും പറഞ്ഞ് തരില്ല. അത്രയും ജാതിവെറിയുള്ള നാടാണിത്. കണ്ടില്ലേ കാവേരി അടുത്തുണ്ടായിട്ടും മണ്ണെല്ലാം തരിശായി കിടക്കുന്നത്. ഈ നാശക്കൂട്ടങ്ങളെ കാരണമാണ്. തൂമ്പയെടുക്കുന്നവന് മണ്ണ് തരില്ല. മണ്ണിൽ പണിയെടുത്താലോ കൂലിയും തരില്ല. ഈ വറുതിയിലും സങ്കടത്തിലുമാണ് മുരുകൻ വന്നു പിറന്നത് മക്കളെ. അറിയാമോ പത്തു വർഷത്തിന് ശേഷം ഈ മണ്ണിൽ മഴ പെയ്തത് അവൻ ജനിച്ച ദിവസമാണ്." ആ അമ്മയുടെ കണ്ണുകൾ ധാരമുറിയാതെ ഒഴുകുന്നത് ഞാൻ വേദനയോടെ കണ്ടു നിന്നു. ഒപ്പം കരഞ്ഞേക്കുമോ എന്ന ഭയം കാരണം ഞങ്ങൾ രണ്ടു പേരും തല കുമ്പിട്ടിരുന്നു. "ഈ വറുതി കണ്ടു വളർന്നത് കൊണ്ടാകണം മക്കളെ, അവനു പഠിക്കണം, പള്ളിക്കൂടത്തിൽ പോണം എന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു. ഈ പട്ടിക്കാട്ടില് എവിടെയാണ് പള്ളിക്കൂടം? ആ പോസ്റ്റാഫീസിന്റെ അടുത്ത് കൊറേ കോളജ് പിള്ളാര് പഠിപ്പിക്കാൻ വരും. അവിടെ പോയാണ് അവനും അക്ഷരം പഠിച്ചത്. ഉടുക്കാൻ നല്ല തുണിയില്ലാതെ, കഴിക്കാൻ ഭക്ഷണമില്ലാതെ. പഠിക്കാൻ മിടുക്കനായിരുന്നു അവൻ. ഇവിടുന്നു പത്തു മൈല് ദൂരെയുള്ള സ്‌കൂളിൽ എന്റെ അച്ഛൻ അവനെ കൊണ്ട് ചെന്നാക്കി. നിങ്ങൾക്കറിയാമോ നടന്നാണ് എന്റെ മോൻ അത്രേം ദൂരം പോയിരുന്നത്."
ഈ കാലഘട്ടത്തിൽ പോലും സമൂഹത്തിൽ ജാതിയുടെ ഇത്ര ഭയാനകവും ഇരുണ്ടതുമായ സ്വാധീനം ഉണ്ടെന്നത് ആ വേദനയിൽ പോലും ഞങ്ങളിൽ അത്ഭുതം ഉളവാക്കി. അവർ തുടർന്നു. "ഒത്തിരി സമ്മാനങ്ങൾ വാങ്ങിയൊക്കെയാണ് അവൻ പഠിച്ചത്. സ്‌കൂളിലെ സാറന്മാർ തന്നെ തുണിയും ബുക്കും ഒക്കെ വാങ്ങി കൊടുക്കുമായിരുന്നു. ചിലരൊക്കെ ആഹാരവും. സ്കൂൾ കഴിഞ്ഞപ്പോൾ അവനു പെരിയ പഠിപ്പ് പഠിക്കണം എന്നായിരുന്നു ആശ. ഞങ്ങളുടെ കൈയ്യിൽ എവിടുന്നാ അതിനുള്ള പണം. പണ്ട് അവനെ അക്ഷരം പഠിപ്പിച്ച ആ കൊച്ചുങ്ങൾ അവനെ ഇവിടുള്ള എം.എൽ.എ സാറിന്റെ വീട്ടിൽ കൊണ്ട് പോയി. അവർ റൊമ്പ നല്ലവർ. അവരുടെ കോളജിൽ (ഇവിടെ അടുത്ത് തന്നെ) അവനു ഫീസ് വാങ്ങാതെ പഠിപ്പിക്കാം എന്ന് പറഞ്ഞു. അവൻ പഠിച്ചു. നല്ല വണ്ണം പഠിച്ചു. ഈ നശിച്ച നാട്ടിൽ നിന്നും രക്ഷപ്പെടണം എന്ന് കരുതി തന്നെ അവൻ പഠിച്ചു. എന്തു പ്രയോജനം മക്കളെ. പഠിച്ചു കഴിഞ്ഞു ബാംഗ്ലൂരിലെ ഒരു വലിയ കമ്പനിയിൽ പെരിയ ശമ്പളത്തിന് ജോലിയും കിട്ടി." ഇത് കേട്ടതോടെ ഞങ്ങൾ ഉറപ്പിച്ചു വീടും ഞങ്ങൾ അന്വേഷിച്ച ആളും ഇത് തന്നെ. ആ ഉറപ്പു പക്ഷെ ഞങ്ങൾക്ക് വീണ്ടും തന്നത് വേദനയാണ്. ഇത്ര നേരം കഥ കേട്ടിരിക്കെ ഞങ്ങൾ മറന്ന ആ വേദന പിന്നെയും ഞങ്ങളെ തേടിയെത്തി.
"ആ ജോലിക്കു പോകാൻ വേണ്ടി പോയപ്പോഴാണ് അവനു അപകടം ഉണ്ടായത്." "ങേ?" ഒരുമിച്ചാണ് ഞങ്ങളുടെ ഇരുവരുടെയും വായിൽ നിന്നും ആ ശബ്ദം പുറത്തു വന്നത്. "അതെ മക്കളെ. അവൻ പോയ ബസ്സിന് തീ പിടിച്ചു." ഇപ്പോൾ ആ കരച്ചിൽ ഒരൽപം കൂടി ഉച്ചത്തിലായി. "നിവർന്നു നിൽക്കാൻ തുടങ്ങിയ ഞങ്ങളുടെ ജീവിതം പിന്നെയും ഒടുങ്ങി. ഇപ്പോൾ എനിക്കറിയാം എന്തിനാണ് ഞങ്ങൾ ഈ നശിച്ച ജാതിയിൽ വന്നു പിറന്നതെന്ന്. ദൈവത്തിന്റെ വെറും കളിപ്പാട്ടങ്ങളാണ് ഞങ്ങളൊക്കെ. പെറ്റ് വളർത്തിയ മകനെ കൊള്ളി വയ്‌ക്കേണ്ടി വന്ന ഭാഗ്യം കേട്ട സ്ത്രീയാണ് ഞാൻ. എന്റെ മകന്റെ മുഖം പോലും തിരിച്ചറിയാൻ പറ്റാതെ" അവർ മുകളിലേക്ക് നോക്കി അലമുറയിട്ടു കരഞ്ഞു. ആ കരച്ചിൽ ഒന്നടങ്ങിയപ്പോൾ ഞാൻ ചോദിച്ചു "അപ്പോൾ ജോലി?" "ഇരന്തു പോയവനെന്ന വേലൈ? പോന മാസം താൻ അവനുടെ ഒന്നാം വർഷ തിഥി മുടിഞ്ചത്" (മരിച്ചവനെന്തിനാണ് ജോലി? കഴിഞ്ഞ മാസമാണ് അവന്റെ ഒന്നാം ചരമ വാർഷികം കഴിഞ്ഞത്) തലയ്ക്കടി കൊണ്ടവൻ പോലെയായി ഞാൻ. ഒരു തരം മരവിപ്പ് എന്റെ തലയിലും സിരകളിലും പടർന്നു. അവർ പറയുന്നത് ശരിയാണെങ്കിൽ മുരുകൻ മരിച്ചിട്ടു ഒരു വർഷം പിന്നിട്ടിരിക്കുന്നു. അപ്പോൾ ഞങ്ങളുടെ കൂടെ ജോലി ചെയ്തതാര്? എന്റെ ഉള്ളം കാലിൽ നിന്നും ഒരു മരവിപ്പ് മുകളിലേക്ക് കയറി. അവരോടു ഇതെങ്ങനെ ചോദിക്കും? ഞങ്ങൾ ഇംഗ്ലിഷിൽ അങ്ങോട്ടുമിങ്ങോട്ടും ആശയ വിനിമയം നടത്തി. ഇനി ഇവർക്ക് മാനസിക വിഭ്രാന്തിയുള്ളവരാണെങ്കിൽ? മറ്റാരോടെങ്കിലും ചോദിച്ചാലല്ലേ സത്യാവസ്ഥ മനസ്സിലാക്കാൻ കഴിയൂ.
"ഇവിടെ വേറെ ആരുമില്ലേ?" "ആരുമില്ല, ഞാൻ തനിച്ചാണ് കഴിയുന്നത്. മുരുകന്റെ അപ്പാ മരിച്ചിട്ടു ഒരുപാടു നാളുകളായി. അതിനു ശേഷം ഞാൻ എന്നുടെ അപ്പാ കൂടി താൻ ഇരുന്തത്. രണ്ടു വർഷങ്ങൾക്കു മുൻപേ അവരും മരിച്ചു പോയി." ഇവർക്കെന്തോ മാനസിക അസ്വാസ്ഥ്യം ഉള്ളതായി എനിക്ക് തോന്നി. ഭർത്താവിന്റെയും പിതാവിന്റെയും മരണം കാരണമുള്ള വിഭ്രാന്തിയാകാം ഇതൊക്കെ പറയിപ്പിക്കുന്നത് എന്നെനിക്കു തോന്നി. വളരെ പെട്ടെന്ന് തന്നെ അസാധാരണമായ ഒരു നെഗറ്റീവ് എനർജി എന്നെ ചൂഴ്ന്നു. എന്റെ ചുറ്റുമുള്ളതെല്ലാം അപരിചിതവും അസാധാരണവുമായി എനിക്ക് തോന്നിത്തുടങ്ങി. അവിടെ നിന്നും വളരെ വേഗം യാത്ര പറഞ്ഞിറങ്ങാൻ എനിക്ക് ധൃതിയായി. കേട്ടതെല്ലാം ഭീതിപ്പെടുത്തുന്നവ, സമയം വൈകുന്നേരത്തോടടുക്കുന്നു. യാത്ര ചെയ്യാൻ ദൂരമേറെ. ഞാനും വിനോദും തമ്മിൽ സംസാരിച്ചു അൽപം പണം നിർബന്ധപൂർവം അവരുടെ കൈയ്യിൽ പിടിപ്പിച്ചു. അവരതിൽ നോക്കിയത് പോലുമില്ല. അവരുടെ കരച്ചിലിന്റെ ഏതോ ഒരു ഇടവേളയിൽ യാത്ര പറയാതെ പറഞ്ഞു ഞങ്ങൾ ഇറങ്ങി. ആ വഴി നീളെ ഞാൻ എന്റെ സംശയം ആവർത്തിച്ച് കൊണ്ടേയിരുന്നു "അവർക്കു മാനസികമായി എന്തോ കുഴപ്പമുണ്ട്, അല്ലെങ്കിൽ ഈ കഴിഞ്ഞ മാസം വരെ നമ്മോടൊപ്പം ജോലി ചെയ്തിരുന്ന ആൾ കഴിഞ്ഞ വർഷം മരിച്ചുവെന്ന് പറയുക? അവന്റെ ചരമ വാർഷികം പോലും കഴിഞ്ഞെന്നു പറയുക?"പക്ഷെ എന്റെ ചോദ്യങ്ങൾക്കൊന്നും അങ്ങേ തലയ്ക്കൽ നിന്നും മറുപടിയൊന്നും കിട്ടിയില്ല. അങ്ങോർ എന്തോ ചിന്തയിലാഴ്ന്നിരിക്കയാണെന്നു എനിക്ക് തോന്നി.
ഞങ്ങൾ കാറിന്റെ അടുത്തെത്തി. ഭാഗ്യം അതവിടെയുണ്ട്. പോസ്റ്റാഫീസിലേക്കു നോക്കി. അതടഞ്ഞു കിടക്കുന്നു. ഇനി എന്ത്? കാർ കിടന്നിരുന്ന വീട്ടിലെ സ്ത്രീ വന്നു ഞങ്ങളെ നോക്കി വെളുക്കെ ചിരിച്ചു. പണം ആകണം ലക്ഷ്യം. ഞാൻ പേഴ്സിൽ നിന്നും നൂറു രൂപ അവർക്കു കൈമാറി. വെളുക്കെ ചിരിച്ചു കൊണ്ട് അവരാ പണം കൈപ്പറ്റി. തിരികെ നടക്കാൻ തുടങ്ങിയ അവരെ ഞാൻ വിളിച്ചു. "അമ്മേ നിങ്ങൾക്കീ മുരുകനെ അറിയാമോ?" "അറിയാമല്ലോ. പൊന്നി പയ്യൻ താനേ?" മുരുകന്റെ അമ്മയുടെ പേര് പൊന്നിയെന്നാകണം. ഉറപ്പിക്കാനായി കനകവേലിന്റെ പേരും ഒപ്പം കേളജിൽ പഠിച്ചവനാണെന്നും ഞാൻ പറഞ്ഞു. "അവൻ മരിച്ചു പോയി ഒരുപാടു നാളായല്ലോ മക്കളെ. റൊമ്പ നല്ല പയ്യൻ. അന്ത പൊന്നി കൊടുത്തു വയ്ക്കലെ (പൊന്നിയ്ക്കു ഭാഗ്യമില്ല)" ഇവർക്കും ഭ്രാന്താണോ? ഇവരെല്ലാം ഇതെന്താ ഇങ്ങനെ പറയുന്നത്? കൂടുതൽ ചോദ്യങ്ങൾക്ക് മുതിരാതെ ഞാൻ അവരോടു പൊലീസ് സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചു. ഈ "നുണകൾ" കേട്ട് എന്റെയുള്ളിൽ ദേഷ്യം പുകഞ്ഞു തുടങ്ങി. ഒരു വേള ഇത് മുരുകൻ നടത്തുന്ന ഒരു നാടകമാണോ എന്ന് പോലും ഞാൻ സംശയിച്ചു. ഇതിന്റെ സത്യം അറിയാതെ ഇനി മുന്നോട്ടില്ല എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. സുകുമാരക്കുറുപ്പ് മുതൽക്കുള്ള ഇത്തരം കേസുകളുടെ സാധ്യതയായിരുന്നു ഞാൻ സംസാരിച്ചു കൊണ്ടിരുന്നത്. ഇൻഷുറൻസ് തുക നേടുക, ഒപ്പം അമ്മയുമായി ഈ നാട്ടിൽ നിന്ന് പോയി എവിടെയെങ്കിലും ജോലി ചെയ്തു ജീവിക്കുക ഇതാകണം മുരുകന്റെ ലക്ഷ്യം. കമ്പനിയിൽ നിന്നും ആരും വരില്ല എന്ന് കരുതിയാകണം ഈ നാടകം അമ്മയെയും പറഞ്ഞു പഠിപ്പിച്ചത്. അല്ലെങ്കിൽ ആ പാവം സ്ത്രീ ഇതിലെ കഥാപാത്രം മാത്രം. ഇൻഷുറൻസ് കമ്പനിയെ പറ്റിക്കാൻ ഉള്ള നാടകമാണിത് എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. അപ്പോളും മറു പക്ഷത്തു മൗനം തന്നെയായിരുന്നു.
"താനെന്താ ഒന്നും മിണ്ടാത്തത്?" കാർ പിന്നിലേക്കെടുക്കവേ ഞാൻ ചോദിച്ചു. മൗനം തന്നെ. അവർ പറഞ്ഞു തന്ന വഴിയേ ഞാൻ പൊലീസ് സ്റ്റേഷനിലേക്കു വണ്ടി തിരിച്ചു. സ്റ്റേഷനിൽ എത്തും വരെ ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചില്ല. ഞങ്ങൾ അകത്തേക്ക് കയറി. ഇൻസ്‌പെക്ടറെ കാണണം എന്ന് ആവശ്യപ്പെട്ടു. ഞങ്ങളുടെ ഭാഗ്യത്തിന് അദ്ദേഹം അവിടെ ഉണ്ടായിരുന്നു. അധികനേരം കാത്തിരിക്കേണ്ടി വന്നില്ല. ഞങ്ങളെ അകത്തേക്ക് വിളിപ്പിച്ചു. മുരുകന്റെ പേരും അച്ഛന്റെ പേരും ഗ്രാമത്തിന്റെ പേരും ഒക്കെ ഞങ്ങൾ പറഞ്ഞു. ബെംഗളൂരു കമ്പനിയിൽ ജോലി ചെയ്യുകയാണെന്നും ഒരു എംപ്ലോയിയുമായി ബന്ധപ്പെട്ടു ഒരു അന്വേഷണത്തിന് വന്നതാണെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. മുരുകൻ ഫ്രോഡ് ആണെങ്കിൽ ഈ വിഷയവുമായി ബന്ധപ്പെട്ടു ഇനി അധികം കള്ളങ്ങൾ പറയേണ്ട എന്ന് തീരുമാനിച്ചതാണ് അങ്ങനെ പറഞ്ഞത്. "ഞാൻ ഇവിടെ പുതിയ ആളാണ്. രണ്ടു മാസമേ ആയിട്ടുള്ളൂ. അധിക ഡീറ്റെയിൽസ് അറിയില്ല. നിങ്ങൾ ഒന്ന് ഹെഡ് കോൺസ്റ്റബിളിനോട് ചോദിക്കൂ. അയാൾ ഇവിടെ അടുത്ത് തന്നെ ഉള്ളതാണ്" വളരെ മാന്യമായി അദ്ദേഹം പറഞ്ഞു. ഹെഡ് കോൺസ്റ്റബിളിനെ അദ്ദേഹം തന്നെ അകത്തേക്ക് വിളിപ്പിച്ചു. വിവരങ്ങളെല്ലാം കേട്ട് കഴിഞ്ഞപ്പോൾ അദ്ദേഹം അൽപനേരം ചിന്തിയിലൂന്നി. "എനിക്കറിയാം സാറേ ഈ പയ്യനെ. ഈ ഊരിൽ ഇവന്റെ അത്ര പഠിച്ചവർ ആരുമില്ല. പെരിയ പഠിപ്പെല്ലാം പഠിച്ചവൻ" അൽപം നിർത്തി ഒരു ദീർഘ നിശ്വസത്തോടെ അയാൾ തുടർന്നു. "എന്തു ചെയ്യാം?, വിധി ഓരോരുത്തർക്ക് ഓരോന്നല്ലേ കരുതി വച്ചിരിക്കുന്നത്. ആ ബസ്സപകടം അവനെയും കൊണ്ടല്ലേ പോയത്" "നിങ്ങൾക്കെല്ലാം ഭ്രാന്താണോ?" അലറിക്കൊണ്ട് എഴുന്നേറ്റ എന്നെ വിനോദ് പിടിച്ചിരുത്തി.
എന്റെ പെട്ടെന്നുള്ള അലർച്ച കേട്ട് ഇൻസ്പെക്ടറും ഹെഡ് കോൺസ്റ്റബിളും ഞെട്ടി. പുറത്തു നിന്നും ഒന്ന് രണ്ടു പൊലീസുകാർ അകത്തേക്ക് എത്തി നോക്കി. "സോറി സർ. മുരുകനെ ഇയാൾക്ക് വ്യക്തിപരമായി അറിയാം. മുരുകന്റെ മരണം ഉൾക്കൊള്ളാൻ ഇതേ വരെ പുള്ളിക്ക് കഴിഞ്ഞിട്ടില്ല. ക്ഷമിക്കണം സർ. കൂട്ടത്തിൽ ഒന്ന് ചോദിക്കട്ടെ. മുരുകന്റെ അമ്മ പറഞ്ഞത് മകന്റെ മുഖം പോലും കാണാൻ കഴിഞ്ഞില്ല എന്നാണല്ലോ?" "നിങ്ങളൊക്കെ പഠിച്ചവർ അല്ലെ? ശാസ്ത്രമൊക്കെ എത്രയോ പുരോഗമിച്ചു. ഒരാളെ തിരിച്ചറിയാൻ മുഖം മാത്രമാണോ ഇക്കാലത്തു അടയാളം? ആ ബസ്, ഇവിടെ നടന്ന ജാതി കലാപത്തിന്റെ ഭാഗമായി കത്തിക്കപ്പെട്ടതാണ്. മരിച്ച എല്ലാവരുടെയും DNA പരിശോധന വരെ നടത്തിയാണ് മൃതദേഹങ്ങൾ കൈമാറിയത്. ഓരോ ജാതിക്കാർക്കും പ്രത്യേകം ശ്മശാനങ്ങളുള്ള നാടാണിത്. ഒരാളെയെങ്കിലും മാറി ദഹിപ്പിച്ചാൽ അത് മതി അടുത്ത കലാപത്തിന്. അത് കൊണ്ട് തന്നെ പ്രത്യേകം ശ്രദ്ധിച്ചു തന്നെയാണ് മൃതദേഹങ്ങൾ കൈമാറിയത്" "മനസിലായി സാർ, ക്ഷമിക്കുക" ഇതെല്ലാം നാടകത്തിന്റെ ഭാഗമാണ് എന്ന് കരുതി തല കുടഞ്ഞിരുന്ന എന്നെയും കൂട്ടി വിനോദ് വേഗം പുറത്തിറങ്ങി. "കാർ ഞാനെടുക്കാം" എന്റെ അസ്വസ്ഥത കൊണ്ടാകണം വിനോദ് എന്റെ നേരെ കൈ നീട്ടി. ഞാൻ കാർ കീ വിനോദിന് കൈമാറി സൈഡ് സീറ്റിലേക്ക് കടന്നിരുന്നു.
വണ്ടി ഉരുണ്ടു തുടങ്ങിയപ്പോൾ മൗനം ഭഞ്ജിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു "ഡോ താൻ ഓക്കേ ആണോ?" ഇപ്പോൾ മൗനത്തിലായതു ഞാനാണ്. ഇയാൾക്കിതെങ്ങനെ ഇത്ര ലാഘവത്തോടെ കാണാൻ കഴിയുന്നു? ഞാൻ അത്ഭുതപ്പെട്ടു. അൽപം മാറിയുള്ള ഒരു ചായക്കടയുടെ ഓരത്തിൽ വണ്ടി നിർത്തി. ചായയും പുകയും അകത്താക്കുമ്പോളും ഞാൻ മൗനത്തിൽ തന്നെയായിരുന്നു. പണം കൊടുത്തു ഞങ്ങൾ പിന്നെയും യാത്ര തുടർന്നു. "അവരെല്ലാം പറഞ്ഞത് സത്യമാണെങ്കിൽ?" വിനോദ് സംഭാഷണത്തിന് തുടക്കമിട്ടു "പക്ഷേ എങ്ങനെ? അപ്പൊൾ പിന്നെ നമ്മുടെ കൂടെ ജോലി ചെയ്തതാര്? മുരുകന്റെ പ്രേതമോ?" "ആണെങ്കിലോ?" ഒരു ഉൾക്കിടിലം എന്നെ ബാധിച്ചു. ഉള്ളം കാലിൽ നിന്നും നെറുകയിലേക്ക് അത് പാഞ്ഞു. എന്റെ രോമകൂപങ്ങൾ എഴുന്നേറ്റു നിന്നു. "താനെന്തൊക്കെയാ ഈ പറയുന്നത്? ഈ നൂറ്റാണ്ടിൽ പ്രേതം?" "നൂറ്റാണ്ടൊക്കെ താൻ വിട്. മനുഷ്യൻ ഉണ്ടാക്കിയതാണ് നൂറ്റാണ്ടും പതിറ്റാണ്ടും ഒക്കെ" "പറയുന്നത് കേട്ടാൽ താൻ പ്രേതത്തെ കണ്ടിട്ടുള്ളത് പോലെയാണല്ലോ" "നമ്മളൊക്കെ ദിവസവും എത്ര പേരെ കാണുന്നു. കാണുന്നവരിൽ ബഹുഭൂരിപക്ഷവും അപരിചിതർ. അവരെല്ലാം തന്നെ മനുഷ്യരാണെന്നു ഉറപ്പിക്കാനാകുമോ? ആഗ്രഹങ്ങൾ പൂർത്തീകരിക്കാതെ മരിച്ചവരുടെ ആത്മാക്കൾ മനുഷ്യരൂപം നേടി നമുക്കിടയിൽ തന്നെ ഉണ്ടെങ്കിലോ?" "താൻ പറഞ്ഞു പറഞ്ഞു ഇതെവിടേക്കാ?"
"താൻ വിശ്വസിക്കില്ലായിരിക്കും. പക്ഷെ ഞാൻ ഒരു സംഭവം പറയാം. എന്റെ കുട്ടിക്കാലത്തു നടന്ന സംഭവമാണ്. എനിക്കേതാണ്ട് അഞ്ചോ ആറോ വയസ്സ് പ്രായം വരും. എന്റെ ഒരച്ഛൻ പെങ്ങൾ കുളത്തിൽ വീണു മരിച്ചു. കുളിക്കാൻ ഇറങ്ങിയപ്പോൾ അപസ്മാരം വന്നതാണെന്നാണ് പറഞ്ഞത്. അവിവാഹിതയായ അവരുടെ മരണം ഞങ്ങളുടെ അച്ഛമ്മയെ തീരാ ദുഃഖത്തിലാക്കി. ഒരുപാട് നാൾ കഴിഞ്ഞു ഒരു ദിവസം ഇറയത്തിലിരുന്നു പതിവ് പോലെ വിളക്ക് കൊളുത്തി നാമം ചൊല്ലുകയായിരുന്നു ഞാൻ. എന്റടുത്തു എന്റെ അച്ഛമ്മയും ഉണ്ട്. മുൻവശത്തെ കോലായുടെ അരികിലായി മുടിയഴിച്ചിട്ട സ്ത്രീരൂപത്തെ ആദ്യം കണ്ടത് ഞാനാണ്. ഭയന്നു വിറച്ച ഞാൻ അച്ഛമ്മയെ വിളിച്ചു. തിരിഞ്ഞു നോക്കിയ അച്ഛമ്മയും ആ രൂപത്തെ കണ്ടു. അച്ഛമ്മ ഭയത്തോടെ ആരാ എന്ന് ചോദിച്ചെങ്കിലും മറുപടി ഉണ്ടായില്ല. വിളക്ക് കൊളുത്തി നാമം ചൊല്ലിക്കഴിഞ്ഞതിനു ശേഷം മാത്രമേ ഇറയത്തെ ലൈറ്റ് തെളിക്കുകയുള്ളൂ എന്നതിനാൽ ആ രൂപം അവ്യക്തമായി തന്നെ തുടർന്നു. അനങ്ങാതെ ഒന്നും മിണ്ടാതെ. അൽപസമയത്തിന് ശേഷം എന്റെ കണ്മുന്നിൽ വച്ച് തന്നെ ആ രൂപം മഞ്ഞുരുകുന്നത് പോലെ മാഞ്ഞു പോകുന്നത് ഞാൻ കണ്ടു. അത് കണ്ടത് ഞങ്ങളിൽ ഒരാൾ മാത്രമാണെങ്കിൽ മനസ്സിന്റെ തോന്നൽ എന്നൊക്കെ പറഞ്ഞു ഒഴിവാക്കാമായിരുന്നു. പക്ഷേ ഞങ്ങൾ രണ്ടു പേരും ഒരുമിച്ചാണ് കണ്ടത്. അന്ന് കണ്ടത് തന്റെ മകളെ തന്നെയാണ് എന്നാണ് അച്ഛമ്മ വിശ്വസിച്ചത്. ഒരു പക്ഷേ തിരികെ പോകുന്നതിനു മുൻപ് തന്റെ പ്രിയപ്പെട്ടവരെ കാണാൻ വന്നതാകും എന്ന് അവർ ഉറപ്പിച്ചു. ഇനി താൻ പറയൂ, ഇതിലൊക്കെ അൽപം സത്യമില്ലേ?"
എനിക്ക് മറുപടിയില്ലായിരുന്നു. ഇന്ദ്രിയജ്ഞാനങ്ങൾക്കപ്പുറത്തു എന്തെങ്കിലും ഉണ്ടെന്നു വിശ്വസിക്കാൻ എന്റെ ഉള്ളിലെ ഭയം എന്നെ അനുവദിച്ചില്ല. പെട്ടെന്നാണ് ഓഫീസിലെ മുനിഞ്ഞു കത്തുന്ന ബൾബ് എന്റെ ഓർമയിൽ വന്നത്. വിനോദ് തുടർന്നു "ആഗ്രഹങ്ങൾ തീരാതെ മരിക്കുന്ന ആത്മാക്കൾ. കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ആളിന് പോലും ആഗ്രഹങ്ങൾ തീരില്ല എന്നറിയാം. പക്ഷേ ആ ആഗ്രഹത്തിന്റെ തീവ്രത, അത് സ്വായത്തമാക്കാനുള്ള ആത്മാവിന്റെ കഴിവിനെ കൂട്ടുകയേ ഉള്ളൂ. ഇവിടെ മുരുകന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സമൂഹത്തിൽ ലഭിക്കേണ്ട മാന്യമായ സ്ഥാനം. അവിചാരിതമായി സംഭവിച്ച മരണം പക്ഷേ അതിനു തടസ്സമായി. അവന്റെ ആത്മാവിന്റെ ശ്രമം ആകണം നമ്മൾ ഓഫിസിൽ കണ്ട മുരുകൻ. കാലക്രമേണ ആഗ്രഹപൂർത്തീകരണം നടത്തിയപ്പോൾ ആത്മാവ് ദുർബലമായി. അതാകണം ഒരു ദിനം അവൻ ഇല്ലാതായത്. ക്ഷയിക്കുന്ന അവന്റെ ആ എനർജിയാകണം നമ്മൾ മുനിഞ്ഞു കത്തുന്ന ആ ബൾബിലും കണ്ടത്. എനിക്കത് വിശദീകരിക്കാൻ അറിയില്ല. ഒപ്പം ഈ പറഞ്ഞതെല്ലാം ശരിയാണെന്ന് പറയുന്നുമില്ല. ഒരു പക്ഷേ മുരുകൻ മറ്റൊരു സുകുമാരക്കുറുപ്പ് ആയിരിക്കാം. സുകുമാരകുറുപ്പിന് കഴിയാത്തത് ഒരു പക്ഷേ മുരുകൻ നേടിയിരിക്കാം, പക്ഷേ എന്തിനു എന്ന ചോദ്യമില്ലെ? ജോലി കിട്ടിയ മുരുകന് അമ്മയെ ബാംഗ്ലൂരിൽ കൊണ്ട് വരാം. മാന്യമായി ജീവിക്കാം എന്നിരിക്കെ എന്തിനു വേണ്ടി അയാൾ ഈ നാടകം കളിക്കണം?"
"ആരെങ്കിലും അവന്റെ ഐഡന്റിറ്റി മോഷ്ടിച്ചതാണെങ്കിലോ? അവന്റെ ഡോക്യൂമെന്റ്സ് ഉപയോഗിച്ച് നടത്തിയ ആൾമാറാട്ടം?" ഉള്ളിലെ ഭയം മൂലം ശബ്ദം വിറച്ചെങ്കിലും അത് പുറത്തു കാട്ടാതെ ഞാൻ ചോദിച്ചു. "അവന്റെ സ്‌കിൽസ് താനും കണ്ടതല്ലേ? അത്ര കഴിവുള്ള ഒരാൾ എന്തിനു മറ്റൊരാളുടെ ഐഡന്റിറ്റിയിൽ വരണം?" എന്റെ ഉത്തരം മുട്ടി. വീടെത്തും വരെ ഞങ്ങൾ രണ്ടു പേരും മൗനമായിരുന്നു. വിനോദിനെ അപ്പാർട്മെന്റിൽ ഡ്രോപ്പ് ചെയ്തു പിന്നെയും ഏതാണ്ട് അരമണിക്കൂർ എനിക്ക് തനിച്ചു ഡ്രൈവ് ചെയ്യണമായിരുന്നു. "ഡോ താൻ തനിച്ചു പോകുമോ? സമയം ഇത്രയുമായില്ലേ?" "അത് സാരമില്ല." ഉള്ളിലെ ഭയം പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു. വണ്ടി ഉരുണ്ടു തുടങ്ങി. പിറകിലാരോ ഉണ്ടെന്നും അതേതു നിമിഷവും എന്റെ കഴുത്തിൽ പിടിക്കും എന്നെനിക്ക് തോന്നി. അധികം വൈകാത്തതിനാൽ റോഡിൽ വാഹനങ്ങളുടെ തിരക്കുണ്ടായിരുന്നു എന്നത് എനിക്ക് ആശ്വാസമായി. അപ്പാർട്മെന്റിൽ ഞാൻ വണ്ടി പാർക്ക് ചെയ്തത് ഒട്ടൊരു വെപ്രാളത്തോടെയാണ്. എത്രയും വേഗം വീട്ടിലെത്താൻ ഞാൻ ആഗ്രഹിച്ചു പോയി. HRനോട് സംസാരിക്കുന്നത് നാളെ മതിയെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. തമ്മിൽ സംസാരിച്ചു തീരുമാനിച്ചതിനു ശേഷം മാത്രം അവരെ അറിയിച്ചാൽ മതി എന്ന് വിനോദ് നിർദേശിച്ചിരുന്നു. യാത്രാക്ഷീണം കാരണം വേഗം കുളിച്ചു ഭക്ഷണവും കഴിച്ചു ഉറങ്ങാൻ കിടന്നു.
സ്വാഭാവികമായും മുരുകൻ തന്നെയായിരുന്നു എന്റെ സ്വപ്നത്തിൽ. അവൻ എന്റെ അടുത്ത് വന്നിരിക്കുന്നതായും എന്റെ കഴുത്തു ഞെക്കുന്നതുമായും ഒക്കെ പലപ്പോഴും ഞാൻ സ്വപ്നം കണ്ടു. ഒന്ന് രണ്ടു തവണ ഭാര്യ എന്നെ കുലുക്കി വിളിച്ചുണർത്തി. ഞാൻ എന്തൊക്കെയോ പിച്ചും പേയും പറയുന്നു എന്നവൾ പറഞ്ഞു. ആ രാത്രി കടന്നു പോയി. പിറ്റേന്ന് ഞാൻ വിനോദിനെ വിളിച്ചു. "HR നോട് എന്തു പറയണം?" "ഒന്നുമില്ല. അവൻ അബ്സ്കോൻഡിംഗ് ആണ് എന്ന് പറയാം. അവർ പൊലീസിൽ റിപ്പോർട്ട് ചെയ്യട്ടെ. അല്ലാതെ ഈ കഥകളൊക്കെ ആര് വിശ്വസിക്കാനാ?" "ശരി. പക്ഷേ നമ്മൾ എങ്ങനെ ഇനി അവിടെ ഇരുന്നു ജോലി ചെയ്യും? എനിക്ക് വർക്ക് ഫ്രം ഹോം ഓപ്‌ഷൻ തരണം." "ഹഹ. പേടി കുടുങ്ങി അല്ലെ?" "സത്യം പറഞ്ഞാൽ അതെ. എനിക്കിനി അവിടെ പറ്റില്ല. ഒരു മാസം നോക്കട്ടെ. അല്ലെങ്കിൽ പ്രോജക്ട് മാറാനുള്ള റിക്വസ്റ്റ് കൊടുക്കും ഞാൻ" "താനെന്തായാലും നാളെ ഓഫീസിൽ വാ. വർക്ക് ഫ്രം ഹോം ഒക്കെ നമുക്ക് ശരിയാക്കാം. ഈ ആഴ്ച നമുക്ക് ഒരുമിച്ചു ഓഫീസിൽ പോയി വരാം. അല്ലെങ്കിൽ കമ്പനി കാബ് അറേഞ്ച് ചെയ്യാം" ഇന്നലെ ഞാൻ തനിയെ വന്നത് ഭയന്നാണെന്നു മനസ്സിലാക്കിയാണ് വിനോദ് ഇത് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായി. എന്തായാലും രാത്രി ഒറ്റയ്ക്കിരിക്കാനും ഒറ്റയ്ക്ക് യാത്ര ചെയ്യാനും കുറച്ചു നാളെക്കെങ്കിലും എനിക്ക് വയ്യ. ഒരു മൂളലിൽ ഞാൻ സമ്മതം പറഞ്ഞു.
തിങ്കളാഴ്ച വിനോദ് എന്നെ വന്നു പിക്ക് ചെയ്തു. ഓഫീസിലെത്തി. മുരുകന്റെ സീറ്റിലേക്ക് നോക്കി. ഇല്ല അവൻ അവിടെയില്ല. ആദ്യം ചെയ്തത് സീറ്റ് മാറാനുള്ള റിക്വസ്റ്റ് അയക്കുകയാണ്. ഒഴിഞ്ഞു കിടന്ന മറ്റൊരു കാബിനിലേക്ക് ഞാൻ മാറി. എന്റെ മോണിറ്ററും ഫോണും മാറ്റി വയ്ക്കാൻ വന്ന ഇൻഫ്രയിലെ ആളാണ് അത് കണ്ടു പിടിച്ചത്. "കണ്ടോ സാർ ഞാൻ പറഞ്ഞില്ലേ ചൂടായാൽ ബൾബ് ശരിയാകും എന്ന്." അതെ മുരുകന്റെ തലയ്ക്കു മുകളിലെ ബൾബ് അതിന്റെ മുനിഞ്ഞു കത്തൽ അവസാനിപ്പിച്ചിരുന്നു. തെളിമയോടെ അത് ഞങ്ങളുടെ തലയ്ക്കു മുകളിൽ അങ്ങനെ കത്തി നിൽക്കുന്നു.