ADVERTISEMENT

ആലപ്പുഴ. വേമ്പനാട്ടുകായലിൽ ഹൗസ് ബോട്ട് മണൽത്തിട്ടയിൽ ഇടിച്ചു കയറി. ആന്ധ്ര സ്വദേശികളായ 2 വിനോദസഞ്ചാരികൾ ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നെങ്കിലും അവരെ ജീവനക്കാർ സ്‌പീഡ് ബോട്ടിൽ കയറ്റി സുരക്ഷിതരായി കരയിൽ എത്തിച്ചു. എട്ട് മാസം മുൻപും ഇതേപോലെ ഹൗസ് ബോട്ട് അപകടത്തിൽപ്പെട്ടിരുന്നു.

നെഹ്റു ട്രോഫി കൊച്ചുപറമ്പിൽ പി.പ്രദീപിന്റെ ഉടമസ്‌ഥതയിലുള്ള ആര്യമോൾ എന്ന ഹൗസ് ബോട്ട് ഇന്നലെ വൈകിട്ട് നാലിന് സായ് കേന്ദ്രത്തിന് കിഴക്ക് വേമ്പനാട്ടു കായലിൽ തോട്ടാത്തോട് ഭാഗത്താണ് മണൽത്തിട്ടയിൽ ഇടിച്ചു കയറിയത്. കായലിൽ വെള്ളപ്പറ്റു മൂലം ജലനിരപ്പ് വളരെ താഴ്ന്നിരുന്നു. കൂടാതെ ബോട്ടിന്റെ ഏരാവിനു വളരെ കൂടുതൽ താഴ്‌ചയായിരുന്നു. ഇത് മണൽത്തിട്ടയിൽ ഇടിച്ചു കയറാൻ കാരണമായെന്നു സംശയിക്കുന്നു. ഹൗസ് ബോട്ടുകൾക്ക് സ്‌ഥിരമായി ബോട്ട് ചാലുകൾ ഉള്ളതാണ്. കായലിൽ ഹൗസ് ബോട്ടുകളുടെ തിരക്ക് വർധിക്കുമ്പോൾ ചാലുകൾ വഴി അല്ലാതെയും പോകും.

അതേസമയം, പ്രളയത്തിനും അതിനു ശേഷവും കായലിൽ പലയിടത്തും മണ്ണും ചെളിയും അടിഞ്ഞുകൂടി ചെറിയ തിട്ടകൾ രൂപപ്പെട്ട വിവരം 5 മാസം മുൻപ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വിളിച്ചു ചേർത്ത മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടി യോഗത്തിൽ പരാതിപ്പെട്ടിരുന്നതായി ഹൗസ് ബോട്ട് ഉടമകൾ പറഞ്ഞു. മണൽത്തിട്ടകൾ ഹൗസ് ബോട്ട് ടൂറിസം മേഖലയ്ക്ക് ഭീഷണിയാകുന്നതിനാൽ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും പറഞ്ഞതാണ്. മണൽത്തിട്ടകൾ നീക്കം ചെയ്യാനുള്ള ചുമതല ജലസേചന വകുപ്പിനെ ഏൽപ്പിക്കാമെന്നു മന്ത്രി മുഹമ്മദ് റിയാസ് ഉറപ്പ് നൽകുകയും ചെയ്തു. പിന്നീട് ടൂറിസം ഡയറക്‌ടർക്കും ജലസേചന വകുപ്പിനും പല തവണ പരാതി നൽകിയിട്ടും മണൽ നീക്കം ചെയ്‌തില്ലെന്നും ഉടമകൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com