ADVERTISEMENT

കലവൂർ∙ ദേശീയപാതയോരത്ത് പുലർച്ചെ ടാങ്കർ ലോറിയിൽ നിന്നു ശുചിമുറി മാലിന്യം തള്ളുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ ഇരുചക്രവാഹന യാത്രികരെ ലോറി ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ.തണ്ണീർമുക്കം കരുണാലയം പി.ശരത് (29), വിവേക് നിവാസിൽ വി.വിവേക് (30) എന്നിവരെയാണ് ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 29ന് പുലർച്ചെ പാതിരപ്പള്ളിക്കു സമീപത്ത് ഇവർ പാതയോരത്ത് ടാങ്കർ ലോറി നിർത്തി മാലിന്യം തള്ളുന്നത് കണ്ട്, മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതിനാണ് മണ്ണഞ്ചേരി  എട്ടുകണ്ടത്തിൽ എസ്.അജിത് (23), എസ്.സോജു (25) എന്നിവരെ അവർ സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ചു കൊല്ലാൻ ശ്രമിച്ചത്. 

പാതിരപ്പള്ളി തെക്ക് പെട്രോൾ പമ്പിന് സമീപം ഇവർ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു.  സാരമായി പരുക്കേറ്റ അജിത്തിനെയും സോജുവിനെയും പിന്നാലെ വാഹനങ്ങളിൽ വന്നവരാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിനുകേസെടുത്ത്  പൊലീസ് അന്വേഷിക്കുകയായിരുന്നു.  സമാനമായ 7 കേസുകളിലെ പ്രതിയാണ്  ലോറി ഉടമയായ ശരത്.   ലോറി  ഓടിച്ചതും ഉടമ കൂടിയായ ശരത്താണ്.  ഇവർ മാലിന്യം തള്ളുന്നത് മൊബൈലിൽ പകർത്തിയതിലെ വൈരാഗ്യം കാരണമാണ് ലോറി ഇടിപ്പിച്ചതെന്ന് സമ്മതിച്ചതായും പൊലീസ് പറഞ്ഞു.  രണ്ടു പ്രതികളെയും റിമാൻഡ് ചെയ്തു

പ്രതികളെ കുടുക്കിയത്  സിസിടിവി ദൃശ്യങ്ങൾ
കലവൂർ∙ ലോറിയുടെ നമ്പർ പ്ലേറ്റ് മറച്ചിട്ടും പ്രതികളിലേക്ക് എത്തുവാൻ പൊലീസിനെ സഹായിച്ചത് സിസിടിവി ദൃശ്യങ്ങൾ. യുവാക്കളിൽ നിന്നു ലഭിച്ച വിഡിയോ ദൃശ്യങ്ങളിൽ ലോറിയുടെ പ്രത്യേകതകൾ മനസ്സിലാക്കിയ പൊലീസ് റോഡിലെ മറ്റ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സംശയം തോന്നിയ അമ്പതോളം ലോറികൾ നിരീക്ഷിച്ചു. ഇതോടൊപ്പം സംഭവം നടന്ന ദിവസം മാലിന്യം ശേഖരിച്ച സ്ഥലങ്ങൾ സംബന്ധിച്ചും അന്വേഷിച്ചു.

അങ്ങനെയാണ് കളർകോടുള്ള വീട്ടിൽ പൊലീസ് എത്തിയത്.ഇവിടത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് യുവാക്കളെ ഇടിച്ച ലോറി തന്നെയെന്ന് ഉറപ്പിച്ചു. തുടർന്ന് വീട്ടുകാരനിൽ നിന്ന് ലോറിക്കാരുടെ നമ്പർ ശേഖരിച്ചാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com