ADVERTISEMENT

മാവേലിക്കര ∙ പുതിയകാവ് ജംക്‌ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തഴക്കര കരയംവട്ടം മുതൽ ആരംഭിക്കുന്ന ഗതാഗതക്കുരുക്കിൽപെട്ടു മാവേലിക്കര മിച്ചൽ ജംക്‌ഷനിലെ ട്രാഫിക് സിഗ്നൽ കടന്നു പോകാൻ പലപ്പോഴും കുറഞ്ഞതു അര മണിക്കൂറോളം സമയം എടുക്കുന്ന ദുരവസ്ഥയാണ്. റോഡിന്റെ ഇരുവശത്തുമുള്ള അനധികൃത വാഹന പാർക്കിങ്ങും വഴിയോരക്കച്ചവടവുമാണു ഗതാഗതക്കുരുക്കിനു പ്രധാന കാരണം.പുതിയകാവ് പള്ളിയുടെ കുരിശുംമൂടിനു സമീപത്തു നിന്നു കല്ലുമല റോഡ‍ിലേക്കു കയറാനും കല്ലുമല റോഡിൽ നിന്നെത്തുന്ന വാഹനങ്ങൾ തഴക്കര, പുതിയകാവ് ഭാഗത്തേക്ക് തിരിയുമ്പോഴും കുരുക്ക് ഏറെയാണ്.

സമാനമായി പുതിയകാവ് ജംക്‌ഷനിൽ തിരുവല്ല ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ മാവേലിക്കര, തഴക്കര ഭാഗത്തേക്കും തഴക്കര ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ തിരുവല്ല ഭാഗത്തേക്കു തിരിയുമ്പോൾ ഏറെ നേരമാണു ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്.മിച്ചൽ ജംക്‌ഷനിലെ തിരക്ക് ഒഴിവാക്കാൻ പലപ്പോഴും കാറും ഇരുചക്രവാഹനങ്ങളും പുതിയകാവ് ബ്ലോക്ക് ഓഫിസിനു സമീപത്തു നിന്നു തെക്കോട്ടു തിരിഞ്ഞു കൊറ്റാർകാവ് വഴിയാണു പോകുന്നത്. കൊറ്റാർകാവ് വഴിയെത്തുന്ന വാഹനങ്ങൾ പുതിയകാവ് ഭാഗത്തേക്കു തിരിയാൻ കാത്തു കിടക്കേണ്ടി വരുന്നതും കുരുക്കിന് ഇടയാക്കുന്നുണ്ട്.സ്ഥിരം ഗതാഗത കുരുക്ക് ഉണ്ടാകുന്ന പുതിയകാവ് ജംക്‌ഷനിലെ പ്രശ്നം പരിഹരിക്കാൻ ഒരു ഹോം ഗാർഡിനെ മാത്രമാണു ഡ്യൂട്ടിക്ക് നിർത്തുന്നത്.

ജംക്‌ഷനിലെ കുരുക്ക് പരിഹരിക്കാൻ ഒരാളുടെ സേവനം പര്യാപ്തമല്ല എന്നതാണു സത്യം. പന്തളം, ചെങ്ങന്നൂർ ഭാഗത്തേക്കുള്ള ബസുകൾ പുതിയകാവ് ജംക്‌ഷനിൽ തന്നെ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് അപകടത്തിനും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്.റോഡ് നവീകരണം നടത്തിയപ്പോൾ കാത്തിരിപ്പ് കേന്ദ്രം അശാസ്ത്രീയമായി ജംക്‌ഷനിൽ തന്നെ സ്ഥാപിച്ചതാണു മറ്റൊരു പ്രധാന പ്രശ്നം. പുതിയകാവ് മുതൽ കിഴക്കോട്ട് റോഡിനിരുവശത്തും അനധികൃതമായ വഴിയോരക്കച്ചവടം ആണ്. സാധനങ്ങൾ മേടിക്കാൻ പലരും റോഡിൽ തന്നെ വാഹനം നിർത്തുന്നതു അപകടത്തിന് ഇടയാക്കുന്നുണ്ട്. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നു നഗരസഭ ഉദ്യോഗസ്ഥർക്കു കോടതി നിർദേശം നൽകിയിട്ടും പരിഹാരം മാത്രം ഉണ്ടായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com