ADVERTISEMENT

മാന്നാർ ∙ ഈർപ്പമില്ലാത്ത നല്ല നെല്ലിനു കർഷകർ അഞ്ചു ശതമാനം കിഴിവ് നൽകി, മുടങ്ങി കിടന്ന ചെന്നിത്തല 5-ാം ബ്ലോക്ക് പാടശേഖരത്തിൽ നിന്നും ഇന്നലെ മുതൽ നെല്ലെടുത്തു തുടങ്ങി. ഇവിടത്തെ നെല്ലിനു ഈർപ്പമുണ്ടെന്നും അതിനനുസരിച്ചു കിഴിവ് കൂടുതൽ നൽകണമെന്നും ആവശ്യപ്പെട്ടാണ് സിവിൽ സപ്ലൈസിനു വേണ്ടി നെല്ലെടുക്കുന്ന സ്വകാര്യ മില്ലുകാർ ആറു ദിവസം മുൻപ് കൊയ്ത നെല്ലെടുക്കാൻ മടി കാട്ടിയതും പാടശേഖര സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധവും പരാതിയുമുയർത്തിയതും.

ജില്ലാ പാഡി മാർക്കറ്റിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം മില്ലുകാരുടെ പ്രതിനിധികൾ 5–ാം ബ്ലോക്ക് പാടശേഖരത്തിലെത്തി പാടശേഖരസമിതി പ്രസിഡന്റ് ഏബ്രഹാം പി. ജോണും സെക്രട്ടറി പി.എസ്. മത്തായിയും മറ്റു കർഷകരുമായി ചർച്ച നടത്തിയിരുന്നു. ക്വിന്റലിനു 5 ശതമാനം നിരക്കിൽ കിഴിവ് നൽകാമെന്നറിയിച്ചതിനെ തുടർന്നാണ് നെല്ലെടുക്കാമെന്നു മില്ലുകാർ സമ്മതിച്ചതും ഇന്നലെ രാവിലെ മുതൽ നെല്ലെടുത്തു തുടങ്ങിയതും.  

3 ലോഡു നെല്ലാണ് ഇന്നലെ സന്ധ്യവരെ എടുത്തത്. നെല്ലെടുക്കാത്തതു കാരണം ചെന്നിത്തല 5–ാം ബ്ലോക്ക് പാടശേഖരത്തിൽ 6 ദിവസമായി കൊയ്ത്തു നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതോടെ ഇവിടെ കൊയ്ത്തിനെത്തിയ 15 യന്ത്രങ്ങൾ രാപകലില്ലാതെ മഴയും മഞ്ഞും വെയിലുമേറ്റു പാടശേഖരത്തിൽ കിടക്കുകയായിരുന്നു. 

പാടശേഖരത്തിൽ നിന്നും 45 ടൗൺ നെല്ലെടുക്കുകയും ശേഷിക്കുന്നവയിൽ ഏറിയ ഭാഗം നെല്ലും ചാക്കിൽ നിറച്ചതിനാൽ ബുദ്ധിമുട്ടില്ലാതെ യന്ത്രത്തിനു പാടശേഖരത്തിലിറങ്ങാനാകുന്നതോടെ മുടങ്ങി കിടന്ന കൊയ്തു ഇന്നു മുതൽ പുനഃസ്ഥാപിക്കുകയും ഒരാഴ്ച കൊണ്ടു കൊയ്തു പൂർത്തിയാക്കാനുമുള്ള ശ്രമത്തിലാണ് പാടശേഖരസമിതി പ്രവർത്തകരും കർഷകരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com