ADVERTISEMENT

ചെന്നൈ ∙ ആവഡിയിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം നിർണായക തെളിവാകുമെന്നിരിക്കെ ഇതു കണ്ടെത്താൻ തീവ്രശ്രമത്തിലാണ് പൊലീസ്. മൂർച്ചയേറിയ ആയുധമാണ് ഉപയോഗിച്ചത്. ഇടുപ്പിലും കഴുത്തിലും ആഴത്തിലുള്ള മുറിവാണ് ഇരുവർക്കും ഏറ്റത്. മുറിവിന്റെ ആഴക്കൂടുതലും  രക്തം വാർന്നതുമാണ് മരണ കാരണമെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. പ്രതി എവിടെയാണ് ആയുധം ഉപേക്ഷിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. സമീപത്ത് ആളൊഴിഞ്ഞതും കാടുമൂടിയതുമായ ഒട്ടേറെസ്ഥലങ്ങളുള്ളതും ആയുധം കണ്ടെടുക്കൽ വൈകിപ്പിക്കുന്നു. വിവിധ സ്റ്റേഷനുകളിലെ പൊലീസുകാരുടെ സഹായത്തോടെ പ്രദേശമാകെ അരിച്ചു പെറുക്കി പരിശോധിക്കുകയാണ് അന്വേഷണ സംഘം. 

സ്വഭാവദൂഷ്യം  പുറത്തറിഞ്ഞത് വൈരാഗ്യം ഇരട്ടിപ്പിച്ചു
അശ്ലീല വിഡിയോകൾക്ക് അടിമയായിരുന്നു പ്രതിയെന്ന് പൊലീസ് കണ്ടെത്തി. സമീപത്തെ കടയിൽ ജോലി ചെയ്യുമ്പോൾ, ഇയാളുടെ സ്ത്രീകളോടുള്ള പെരുമാറ്റം സംബന്ധിച്ച് പരാതി ഉയർന്നിരുന്നു. ചികിത്സ തേടി അടിക്കടി ക്ലിനിക്കിലെത്തിയിരുന്ന ഇയാളെ അകറ്റി നിർത്താൻ പ്രസന്നകുമാരി ശ്രമിച്ചതിനെ തുടർന്ന് കടയിലെ ജോലി ഉപേക്ഷിക്കാൻ  മഹേഷ് നിർബന്ധിതനായി. വൈരാഗ്യം മൂലമാകാം ആയുധവുമായി വീണ്ടും ക്ലിനിക്കിലെത്തിയത്. ജി പേ ഇടപാട് നടത്താൻ ശ്രമിച്ച് പരാജയപ്പെട്ടത് പ്രതി മുൻകൂട്ടി പദ്ധതിയിട്ടതാകാമെന്നും ഉദ്യോഗസ്ഥർ സംശയിക്കുന്നു. കൃത്യം നടത്തുന്നതിന് മുൻപ് വൈകിട്ട് 5.15ന് ഇയാൾ വീടിനടുത്ത് എത്തുന്നതിന്റെയും തിരികെ പോകുന്നതിന്റെയും ദൃശ്യങ്ങളും സിസിടിവിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഈ സമയത്ത് മകൻ ഹരി ഓംശ്രീ വീട്ടിലുണ്ടായിരുന്നതാകാം തിരികെ പോകാൻ കാരണമെന്നാണ് സംശയിക്കുന്നത്. മകൻ പോയെന്ന് ഉറപ്പിച്ച ശേഷം തിരികെയെത്തിയാണ് കൊലപാതകം നടത്തിയത്.

അവിശ്വസനീയ ക്രൂരത; ഓടിയെത്തി മലയാളി കൂട്ടായ്മ
ചെന്നൈ ∙ അതിക്രൂര കൊലപാതകത്തിന്റെ ഞെട്ടലിലാണ് ആവഡി. സൗമ്യനും പ്രദേശത്തെ സാമൂഹിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവുമായ ഡോ.ശിവന്റെയും പ്രസന്നയുടെയും കൊലപാതകം തിങ്കളാഴ്ച പുലർച്ചയോടെയാണു നാട്ടിൽ പലരും അറിഞ്ഞത്. അവിശ്വസനീയമായ സംഭവം പ്രദേശത്തെ മലയാളി സമൂഹത്തെയും ഉലച്ചു കളഞ്ഞു. സൈന്യത്തിൽ മെക്കാനിക്കൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ശിവൻ നായർ വിരമിച്ച ശേഷം ആയുർവേദ ഏജൻസിയും നടത്തിയിരുന്നു. മുപ്പതിലേറെ വർഷമായി ഇവിടെ താമസിക്കുന്ന കുടുംബത്തിന് പ്രദേശത്ത് വലിയ സുഹൃത്‌ വലയവുമുണ്ട്. കൊലപാതക വിവരമറിഞ്ഞ് രാവിലെ തന്നെ ഇവരെല്ലാം വീട്ടിലേക്ക് എത്തി. എയർഫോഴ്സ് മലയാളി അസോസിയേഷൻ, എക്സ് സർവീസ്മെൻ അസോസിയേഷൻ, ആവഡി എൻഎസ്എസ് എന്നിവയുടെയും സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം.  മകൻ ഹരി ഓംശ്രീയുടെ സുഹൃത്തുക്കളും സഹപാഠികളും അടക്കമുള്ളവരും രാത്രി തന്നെ സ്ഥലത്ത് എത്തി. 

1. ശിവൻ നായരുടെയും പ്രസന്നകുമാരിയുടെയും മകൻ ഡോ. ഹരി ഓംശ്രീയോട് വിവരങ്ങൾ ചോദിച്ചറിയുന്ന നോർക്ക സ്പെഷൽ ഓഫിസർ അനു പി.ചാക്കോ. 2. വീടിനു മുന്നിലെ കിണറ്റിൽ ആയുധങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നു.
1. ശിവൻ നായരുടെയും പ്രസന്നകുമാരിയുടെയും മകൻ ഡോ. ഹരി ഓംശ്രീയോട് വിവരങ്ങൾ ചോദിച്ചറിയുന്ന നോർക്ക സ്പെഷൽ ഓഫിസർ അനു പി.ചാക്കോ. 2. വീടിനു മുന്നിലെ കിണറ്റിൽ ആയുധങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നു.

സാമ്പത്തിക പ്രയാസം നേരിടുന്നവരിൽ നിന്ന് പണം വാങ്ങാതെ ചികിത്സ നടത്തിയിരുന്ന ആളായിരുന്നു ഡോക്ടറെന്ന് അണ്ണന്നൂരിൽ ആയുർവേദ ക്ലിനിക് നടത്തുന്ന ബിന്ദു രമേഷ് പറഞ്ഞു. മെഡിക്കൽ കോളജിലെ വിദഗ്ധർ കയ്യൊഴിഞ്ഞവരുടെ രോഗങ്ങൾ പോലും ചികിത്സിച്ച് ഭേദമാക്കുന്ന കൈപ്പുണ്യമായിരുന്നു ഡോ.ശിവനെ ആളുകൾക്ക് പ്രിയങ്കരനാക്കിയത്. വളരെക്കാലമായി ഉണങ്ങാത്ത മുറിവുകളും രോഗങ്ങളും ഭേദമാക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യം ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായി ബിന്ദു പറഞ്ഞു.നോർക്ക സ്പെഷൽ ഓഫിസർ അനു പി.ചാക്കോ സ്ഥലത്തെത്തി കേരള സർക്കാരിന്റെ ഭാഗത്തു നിന്നുള്ള പിന്തുണ അറിയിച്ചു. ശിവൻ നായരുടെ സഹോദരങ്ങൾക്ക് ഉടൻ എത്തിച്ചേരാൻ ഫെയ്മ ദേശീയ വർക്കിങ് പ്രസിഡന്റ് കെ.വി.വി.മോഹനൻ തുണയായി. സിടിഎംഎ വൈസ് പ്രസിഡന്റ് കെ.മനോഹരന്റെ ഇടപെടൽ പൊലീസ് സ്റ്റേഷനിലടക്കം നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചു. മലയാളി സംഘടനാ നേതാക്കളും പ്രവർത്തകരുമായ എം.യു.റെയ്മണ്ട്, ആന്റണി ജോർജ്, എം.രാജഗോപാൽ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com