ADVERTISEMENT

ചെന്നൈ ∙ കത്തിരിക്കു മുൻപേ വെയിൽ കത്തിജ്വലിച്ചതോടെ നഗരത്തിലെ താപനില 4‍0 ഡിഗ്രി സെൽഷ്യസ് കടന്നു.അഗ്നിനക്ഷത്രം എന്ന പേരിൽ അറിയപ്പെടുന്ന കത്തിരി വെയിൽ അനുഭവപ്പെടുന്ന മേയ് രണ്ടാം വാരം മുതലാണു നഗരത്തിൽ 40 ഡിഗ്രിക്കു മുകളിൽ താപനില രേഖപ്പെടുത്താറുള്ളത്. അതേസമയം, സംസ്ഥാനത്തെ ചില ജില്ലകളിലെ താപനില ഇപ്പോൾ തന്നെ 44 ഡിഗ്രി വരെ ഉയർന്നിട്ടുണ്ട്.

‌ഉരുകിയൊലിച്ച് നഗരം
മീനമ്പാക്കം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ 40.7 ഡിഗ്രി സെൽഷ്യസാണു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. സാധാരണ താപനിലയെക്കാൾ 2–4 ഡിഗ്രിയാണു വർധിച്ചത്. നുങ്കംപാക്കം കേന്ദ്രത്തിൽ 40 ഡിഗ്രി രേഖപ്പെടുത്തി. ഏതാനും ദിവസം കൂടി ഇതേനില തുടരുമെന്നും കടുത്ത ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. മേയ് രണ്ടാം വാരം മുതൽ മാസാവസാനം വരെ നീളുന്ന കത്തിരി വെയിൽ കാലത്തെ ചൂട് പരിചയമുള്ള നഗരവാസികൾക്ക് പക്ഷേ, നേരത്തേയെത്തിയ ചൂട് കടുത്ത ആഘാതമായി മാറി. വീട്ടിൽ പോലും വിയർത്തൊലിക്കുന്ന അവസ്ഥയാണെന്നു നഗരവാസികൾ പറയുന്നു.


അമ്പരപ്പിച്ച് കാറ്റ്
കൊടും ചൂടിനിടയിലും നഗരത്തിൽ ഇന്നലെ കനത്ത കാറ്റ് വീശി. മറീന ബീച്ചിൽ രാവിലെ മുതൽ ശക്തമായ കാറ്റ് അനുഭവപ്പെട്ടു. ബീച്ചിലെ സന്ദർശകരെയും കച്ചവടക്കാരെയും പൊടിക്കാറ്റ് വലച്ചു. നഗരത്തിന്റെ മറ്റു ഭാഗങ്ങളിൽ വൈകിട്ടും കാറ്റ് വീശി.


റോഡരികിൽ ജലവിതരണം

കടുത്ത വേനൽ കണക്കിലെടുത്ത് സംസ്ഥാനത്തെ റോഡുകൾക്ക് സമീപം ശുദ്ധജലം വിതരണം ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകി. കമ്മിഷന്റെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിച്ച് ജലവിതരണം ചെയ്യാമെന്നും ഏതെങ്കിലും പാർട്ടിക്കോ സ്ഥാനാർഥിക്കോ അനുകൂലമാകുന്ന തരത്തിൽ വിതരണത്തെ മാറ്റരുതെന്നും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.

15 ജില്ലകളിൽ ഓറഞ്ച് അലർട്ട് 
കടുത്ത ചൂട് അനുഭവപ്പെടുന്ന സംസ്ഥാനത്തെ 15 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കരൂർ, തിരുച്ചിറപ്പള്ളി, തിരുപ്പൂർ, സേലം, അരിയലൂർ, പെരമ്പലൂർ, തിരുവണ്ണാമലൈ, കള്ളക്കുറിച്ചി, റാണിപ്പെട്ട്, വെല്ലൂർ, തിരുപ്പത്തൂർ, കൃഷ്ണഗിരി, ധർമപുരി, നാമക്കൽ, ഈറോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ 40 ഡിഗ്രിക്കു മുകളിലാകും താപനിലയെന്നും നാളെ മുതൽ ചൂട് കുറയുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com