ADVERTISEMENT

ചെന്നൈ ∙ വേനലിന്റെ കാഠിന്യം വർധിക്കുന്ന കത്തിരി വെയിൽ കാലത്തിന് ഇന്ന് തുടക്കമാകുന്നതിനാൽ കടുത്ത ജാഗ്രതയിലാണ് തമിഴകം. പേരു സൂചിപ്പിക്കുന്ന പോലെ കത്തുന്ന വെയിലാണ് ഇനിയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് അനുഭവപ്പെടുക. ചൂട് കൂടുന്നതിനാൽ ആരോഗ്യ സംരക്ഷണത്തിനുള്ള മാർഗങ്ങൾ ജനം സ്വീകരിക്കണമെന്നു ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.

കാക്കണേ, കത്തുന്ന ചൂടിൽ നിന്ന്
എല്ലാ വർഷവും മേയിൽ അനുഭവപ്പെടുന്ന കത്തിരി വെയിൽ ഇത്തവണ 28 വരെ ഉണ്ടാകുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ആദ്യത്തെ 7 ദിവസങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടും. ചെന്നൈ അടക്കം മിക്ക ജില്ലകളിലും കൂടിയ താപനില 40 ഡിഗ്രിയോ അതിനു മുകളിലോ രേഖപ്പെടുത്തും. തുടർന്നുള്ള ദിവസങ്ങളിൽ അൽപം ആശ്വാസം ലഭിക്കുമെങ്കിലും അവസാന ദിനങ്ങളിൽ വീണ്ടും ചൂട് കൂടും. വടക്കൻ ജില്ലകളിൽ 6 വരെ ഉഷ്ണതരംഗ സാധ്യതയുണ്ട്.അതേസമയം, നീലഗിരി, ഈറോഡ്, ധർമപുരി, കൃഷ്ണഗിരി എന്നീ ജില്ലകളിൽ വേനൽമഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.

വിമാനത്താവളവും പ്രതിസന്ധിയിൽ 
നഗരത്തിൽ ചൂട് കടുത്തത് വിമാന സർവീസുകൾക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു. വിമാനത്താവളത്തോടു ചേർന്നുള്ള മീനമ്പാക്കത്ത് 40 ഡിഗ്രി സെൽഷ്യസ് താപനിലയാണു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഉയർന്ന താപനിലയും പ്രദേശത്തെ മലനിരകളുടെ സാന്നിധ്യവും കാറ്റിന്റെ ദിശയിൽ ഉണ്ടാക്കുന്ന മാറ്റം, ലാൻഡിങ്, ടേക്ക് ഓഫ് സമയത്ത് വിമാനങ്ങളെ നിയന്ത്രിക്കുന്നതിൽ പൈലറ്റുമാർക്ക് വലിയ വെല്ലുവിളിയാണു സൃഷ്ടിക്കുന്നത്. അതേസമയം, ഏതു സാഹചര്യങ്ങളെയും നേരിടാൻ പൈലറ്റുമാർ പര്യാപ്തമാണെന്നതിനാൽ ആശങ്ക വേണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

എന്താണ് കത്തിരി വെയിൽ?
സൂര്യൻ കാർത്തിക, ഭരണി, രോഹിണി നക്ഷത്രങ്ങളിലൂടെ കടന്നുപോകുന്ന സമയമാണിത്. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന കത്തിരി വെയിലുള്ള ഈ കാലയളവിനെ അഗ്നിനക്ഷത്രം എന്നു വിളിക്കുന്നു. കത്തിരിക്കാലം എന്നും ഇതറിയപ്പെടുന്നു.

വേനൽക്കാലത്തെ ആരോഗ്യസംരക്ഷണത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
∙ രാവിലെ 11 മുതൽ ഉച്ചയ്ക്കു 3 വരെ പുറത്തിറങ്ങുന്നത് ഒഴിവാക്കാം.
∙ പുറത്തിറങ്ങുന്നവർ ശുദ്ധജലവും കുടയും കയ്യിൽ കരുതാം.
∙ നേരിട്ട് ഏറെ നേരം വെയിലേൽക്കാതിരിക്കാൻ ശ്രദ്ധിക്കാം.
∙ ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാം.
∙ നിർജലീകരണം തടയാൻ ആവശ്യത്തിനു വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം.
∙ ആഹാരത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താം.
∙ പുറത്തുനിന്നുള്ള പാനീയങ്ങൾ വൃത്തിയുള്ള സാഹചര്യത്തിൽ തയാറാക്കിയവയാണെന്ന് ഉറപ്പാക്കാം.
∙ ദിവസേന 2 നേരം കുളിക്കുന്നതു ശരീര താപനില ഉയരാതിരിക്കാൻ സഹായിക്കും.
∙ വെയിലേറ്റുള്ള ത്വക് രോഗം തടയാൻ ഡോക്ടർമാരുടെ നിർദേശപ്രകാരം സൺസ്ക്രീൻ ഉപയോഗിക്കാം.
∙ വെയിലുള്ള സമയത്ത് ഇരുചക്രവാഹനങ്ങളിൽ ഏറെനേരം യാത്ര ചെയ്യുന്നത് ഒഴിവാക്കാം.
∙ നഗര യാത്രയ്ക്കു മെട്രോ, സബേർബൻ സർവീസുകൾ ഉപയോഗപ്പെടുത്താം.

പ്രായമുള്ളവർ, കുട്ടികൾ, മറ്റ് അസുഖങ്ങൾ ഉള്ളവർ എന്നിവർക്കു ചൂടുകാലം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നതിനാൽ അവർക്കു പ്രത്യേക കരുതലും പരിചരണവും നൽകണം. ശരീരത്തിലെ ജലാംശം നിലനിർത്തുകയാണു വേനൽക്കാലത്ത് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഉഷ്ണതരംഗം അനുഭവപ്പെടുമ്പോൾ സ്വയം തണുക്കാനുള്ള ശരീരത്തിന്റെ കഴിവു കുറയുന്നത്, സൂര്യാഘാതം പോലുള്ളവയ്ക്കു കാരണമാകും. ചൂട് കൂടുതലുള്ളപ്പോൾ എസി സംവിധാനമുള്ള സ്ഥലത്തോ വായുസഞ്ചാരമുള്ള സ്ഥലത്തോ നിൽക്കാൻ ശ്രമിക്കുക. നേരിട്ടു വെയിലേൽക്കുമെന്നതിനാൽ പുറത്തെ തുറസ്സായ സ്ഥലങ്ങളിൽ നിന്നു മാറിനിൽക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com