ADVERTISEMENT

ചെന്നൈ ∙ തെങ്കാശി സ്വദേശിയായ ഗർഭിണി ട്രെയിനിൽ നിന്നു വീണു മരിച്ചതിനു പിന്നാലെ ദക്ഷിണ റെയിൽവേ എക്സ്പ്രസ് ട്രെയിനുകളുടെ എമർജൻസി ബ്രേക്ക് സംവിധാനത്തിന്റെ കാര്യക്ഷമതാ പരിശോധന തുടങ്ങി. കൊല്ലത്തേക്കുള്ള എക്സ്പ്രസ് ട്രെയിനിൽ നിന്നു കസ്തൂരി വീണതിന് പിന്നാലെ ബന്ധുക്കൾ എമർജൻസി ബ്രേക്ക് ചെയിൻ വലിച്ചെങ്കിലും ട്രെയിൻ നിന്നില്ല.

പിന്നീട് അടുത്ത കംപാർട്ട്മെന്റിലെത്തി ചങ്ങല വലിച്ചു ട്രെയിൻ നിർത്തി. അപ്പോഴേക്കും ട്രെയിൻ 8 കിലോമീറ്ററിലധികം പിന്നിട്ടിരുന്നു. ഇതോടെയാണ് എക്‌സ്‌പ്രസ് ട്രെയിനുകളിലെ 'എമർജൻസി ചെയിൻ' എന്നറിയപ്പെടുന്ന ഇന്റർ-കമ്മ്യൂണിക്കേഷൻ വാൽവുകളുടെ (ഐസിവി) കാര്യക്ഷമതയെക്കുറിച്ചു സംശയം ഉയർന്നത്.

കൃത്യമായി പ്രവർത്തിക്കുന്ന എമർജൻസി ബ്രേക്ക് ഉപയോഗിച്ചാൽ ട്രെയിൻ 700 മീറ്റർ – 1 കിലോമീറ്റർ ദൂരത്തിനുള്ളിൽ നിൽക്കുന്ന തരത്തിലാണു നിർമാണം. കൊല്ലത്തേക്കുള്ള എക്‌സ്പ്രസ് ട്രെയിൻ അപകടം നടന്ന മേഖലയിൽ 100 കിലോമീറ്റർ വേഗത്തിലാണു സഞ്ചരിക്കുക. ബ്രേക്ക് സംവിധാനം കൃത്യമായി പ്രവർത്തിച്ചിരുന്നെങ്കിൽ 2 കിലോമീറ്ററിനുള്ളിൽ തന്നെ ട്രെയിൻ നിർത്താനാകുമായിരുന്നെന്നു വിദഗ്ധർ പറയുന്നു. 

പ്രാഥമിക അറ്റകുറ്റപ്പണികൾക്കൊപ്പം ഓരോ 15 ദിവസത്തിലും ഐസിവികൾ പരിശോധിക്കുന്നുണ്ടെന്നാണു റെയിൽവേ അറിയിച്ചത്. ചങ്ങലകൾ വലിച്ചുനോക്കിയാണ് പ്രവർത്തനക്ഷമത ഉറപ്പാക്കുക. ആരെങ്കിലും ചെയിൻ വലിച്ചാൽ അത് അവഗണിച്ചു മുന്നോട്ടു പോകാൻ ലോക്കോ പൈലറ്റിനും സാധിക്കില്ല. 

അപകടമുണ്ടായ എഗ്മൂർ – കൊല്ലം എക്സ്പ്രസിലെ എസ്8 കോച്ചിലെ എമർജൻസി ചെയിൻ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നാണു പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. എങ്കിലും ട്രെയിൻ നിർത്താനാകാതിരുന്ന സാഹചര്യത്തെക്കുറിച്ച് അന്വേഷണം തുടരും. കൂടാതെ, ദക്ഷിണ റെയിൽവേക്കു കീഴിലുള്ള എല്ലാ ട്രെയിനുകളിലും എമർജൻസി ബ്രേക്ക് സംവിധാനത്തിന്റെ കാര്യക്ഷമത പരിശോധിക്കും. ഇതിനിടെ, കസ്തൂരിയുടെ സംസ്കാരം ജന്മനാട്ടിൽ നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com