ADVERTISEMENT

കൊച്ചി∙ ഇടപ്പള്ളി മേൽപാലത്തിൽ നിന്നു ചാടിയ യുവാവിനെ അടിയന്തര പരിചരണം നൽകി ആശുപത്രിയിലെത്തിച്ച് വനിതാ ഡോക്ടർ. ചൂർണിക്കര ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ പനങ്ങാട് മുകുന്ദത്തിൽ സി.എൻ. ശ്രീകല ഗുരുതര പരുക്കേറ്റ യുവാവിനെ ആംബുലൻസിൽ കയറ്റി എറണാകുളം ഗവ. മെഡിക്കൽ കോളജിൽ എത്തിച്ച ശേഷമാണു ജോലി സ്ഥലത്തേക്കു പോയത്.

ഇന്നലെ രാവിലെ ഒൻപതിനായിരുന്നു ഇടപ്പള്ളി ജംക്‌ഷനിൽ യുവാവു മേൽപാലത്തിൽനിന്നു ചാടിയത്. ഇരുവശത്തേക്കും റെഡ് സിഗ്നൽ ആയിരുന്നതിനാൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കു മുൻപിലാണു യുവാവു വീണത്. ഗോവ ഗവർണർ കടന്നുപോകുന്നതുമായി ബന്ധപ്പെട്ടുള്ള ഡ്യൂട്ടിക്കുണ്ടായിരുന്ന ട്രാഫിക് എസ്ഐ സാനു മാത്യുവും മറ്റു പൊലീസുകാരും ഓട്ടോ ഡ്രൈവർമാരുമാണു സംഭവം കണ്ട് ആദ്യം ഓടിയെത്തിയത്. 

ഇവർ ഓട്ടോറിക്ഷ വിളിച്ചു പരുക്കേറ്റു കിടന്നയാളെ ആശുപത്രിയിലേക്കു മാറ്റാൻ ശ്രമം ആരംഭിച്ചപ്പോഴേക്കും ഇതു വഴി കടന്നു പോകുകയായിരുന്ന ഡോ. ശ്രീകല സ്ഥലത്തെത്തി ആ നീക്കം തടഞ്ഞു. രോഗിയെ ഓട്ടോയിലേക്കു മാറ്റരുതെന്നു ഡോക്ടർ പറഞ്ഞപ്പോൾ നാട്ടുകാർ ബഹളമുണ്ടാക്കിയെങ്കിലും അവർ വഴങ്ങിയില്ല.  

‘‘ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ ഇടപ്പള്ളി സിഗ്നൽ പിന്നിടുമ്പോഴാണു പിന്നിൽ വലിയ ബഹളം കേട്ടത്. നോക്കുമ്പോൾ ഒരാൾ റോഡിൽ വീണു കിടക്കുന്നു. വാഹനം നിർത്തി ഓടി അടുത്തു ചെല്ലുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ ഓട്ടോ വിളിച്ച് ആശുപത്രിയിലേക്കു മാറ്റാൻ ശ്രമിക്കുകയാണ്. എന്നാൽ, ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ നട്ടെല്ലിന് എന്തെങ്കിലും പറ്റിയിട്ടുണ്ടോ എന്ന ആശങ്ക എനിക്കുണ്ടായി. അങ്ങനെയുണ്ടെങ്കിൽ സ്ഥിതി ഗുരുതരമാകാൻ സാധ്യതയുണ്ട്. ഇതാണ് ആംബുലൻസ് വിളിച്ചേ രോഗിയെ മാറ്റാവൂ എന്നു ശഠിച്ചത്’’– ഡോ. ശ്രീകല പറയുന്നു.

‘108’ ആംബുലൻസ് വിളിച്ചെങ്കിലും എത്തൻ വൈകുമെന്ന വിവരം ലഭിച്ചു. ഇതോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ആംബുലൻസ് എത്തിച്ച് പരുക്കേറ്റയാളെ സ്ട്രക്ചറിൽ ഉള്ളിലേക്കു മാറ്റി. തുടർന്ന് വഴിമധ്യേ എന്തെങ്കിലും സങ്കീർണതകൾ ഉണ്ടായാലോ എന്ന ആശങ്കയിൽ ശ്രീകലയും ആംബുലൻസിൽ കയറി.  ഗവ. മെഡിക്കൽ കോളജിലെത്തിയ ഉടൻ ഡോക്ടർമാരോടു ശ്രീകല കാര്യങ്ങൾ വിശദീകരിക്കുകയും വൈകാതെ അവർ ചികിത്സ ആരംഭിക്കുകയും ചെയ്തു.

ഞാനല്ല, എന്റെ പ്രഫഷനിലുള്ള ആരാണെങ്കിലും ഇതു തന്നെ ചെയ്യും എന്നാണെന്റെ വിശ്വാസം. അതു ഞങ്ങളുടെ ഡ്യൂട്ടിയാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com