ADVERTISEMENT

കൊച്ചി ∙ ഡ്രൈവിങ് സ്കൂളുകാരുടെ സമരത്തെത്തുടർന്നു ജില്ലയിൽ ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. കാക്കനാട് ആർടി ഓഫിസിനോടനുബന്ധിച്ച ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഡ്രൈവിങ് ടെസ്റ്റിനു രാവിലെ എത്തിയെങ്കിലും പരീക്ഷാർഥികൾ ഹാജരായില്ല. 30 പേർക്കു സ്ലോട്ടുണ്ടെന്നും ആരെങ്കിലുമുണ്ടെങ്കിൽ മുന്നോട്ടു വരണമെന്നും എംവിഐമാർ വിളിച്ചുപറഞ്ഞെങ്കിലും പ്രതികരണമുണ്ടായില്ല. 

കോതമംഗലത്ത് ഡ്രൈവിങ് ടെസ്റ്റിന് ഇന്നലെ 40 പേരെത്തിയിരുന്നു. തൃപ്പൂണിത്തുറ റീജനൽ ട്രാൻസ്പോർട്ട് ഓഫിസിനു കീഴിലെ ഡ്രൈവിങ് ടെസ്റ്റുകൾ പൂത്തോട്ടയിലെ ടെസ്റ്റിങ് ഗ്രൗണ്ടിൽ  നടന്നില്ല. ഡ്രൈവിങ് ടെസ്റ്റിന് 2 മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ രാവിലെ 8.30നു ഗ്രൗണ്ടിൽ എത്തിയെങ്കിലും ഒരാൾ പോലും ടെസ്റ്റിനു ഹാജരായില്ല. 

43 ഡ്രൈവിങ് സ്കൂളുകളാണു സബ് റീജനൽ ഓഫിസിനു കീഴിൽ ഉള്ളത്. മട്ടാഞ്ചേരി ജോ. ആർടി ഓഫിസിന്റെ വില്ലിങ്ഡൻ ദ്വീപിലെ ടെസ്റ്റിങ് ഗ്രൗണ്ടിൽ  28 പേരാണ് ഇന്നലെ ടെസ്റ്റിനു വരേണ്ടിയിരുന്നത്. അതിൽ ഒരാൾ എത്തിയെങ്കിലും നടത്താൻ കഴിയാതെ മടങ്ങി.കൊച്ചിൻ ഡ്രൈവിങ് സ്കൂൾ അസോസിയേഷന്റെ നേതൃത്വത്തിൽ ഡ്രൈവിങ് സ്കൂൾ ഉടമകൾ പ്രതിഷേധിക്കാൻ എത്തി. ടെസ്റ്റ് നടത്തിയാൽ തടയുമെന്ന നിലപാടിലായിരുന്നു അവർ.

ജോ. ആർടിഒ സി.എസ്. അയ്യപ്പന്റെ നേതൃത്വത്തിൽ ആർടി ഓഫിസ് അധികൃതർ മൈതാനത്ത് എത്തിയിരുന്നു. ജോയിന്റ് ആർടി ഓഫിസിനു കീഴിൽ ഇന്ന് 53 പേരുടെ ടെസ്റ്റുകളാണു നിശ്ചയിച്ചിരുന്നത്. മിക്കവരും ടെസ്റ്റിനു തയാറായി എത്തിയെങ്കിലും ഡ്രൈവിങ് സ്കൂളുകൾ നിസ്സഹകരിച്ചതിനാൽ നടത്താനായില്ല. 

മൂവാറ്റുപുഴയിൽ ഓൾ കേരള മോട്ടർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാർ ചേർന്നു പെരിങ്ങഴയിൽ മോട്ടർ വാഹന വകുപ്പിന്റെ ഗ്രൗണ്ട് ഉപരോധിച്ചതോടെയാണു മൂവാറ്റുപുഴയിൽ ഡ്രൈവിങ് ടെസ്റ്റ് മുടങ്ങിയത്.

ഗതാഗത വകുപ്പിന്റെ 2024ലെ വിചിത്ര സർക്കുലർ പിൻവലിക്കുക, ഡ്രൈവിങ് സ്കൂളുകളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മൂവാറ്റുപുഴ ആർടിഒ ഓഫിസിനു കീഴിൽ 53 സ്വകാര്യ ഡ്രൈവിങ് സ്കൂളുകൾ ആണുള്ളത് ഇന്നലെ പെരിങ്ങഴയിൽ അൻപതോളം പേരാണു ടെസ്റ്റിന് എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com