ADVERTISEMENT

പറവൂർ ∙ ഉയരം കുറഞ്ഞ പറവൂർ പാലത്തിന്റെ നിർമാണം ദുരന്ത നിവാരണ അതോറിറ്റി ഡപ്യൂട്ടി കലക്ടർ സ്ഥലത്തെത്തി പരിശോധിച്ചു. നഗരസഭയുടെയും ചിറ്റാറ്റുകര പഞ്ചായത്തിന്റെയും ജനപ്രതിനിധികളും മുസിരിസ് ടൂറിസം പദ്ധതി അധികൃതരും ഒപ്പമുണ്ടായിരുന്നു. പാലത്തിന് ഉയരം കുറവാണെന്നു പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടു.

പുതിയ ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി പറവൂർ – ചിറ്റാറ്റുകര കരകളെ ബന്ധിപ്പിച്ചാണ് പറവൂർ പാലം നിർമിക്കുന്നത്. കഴിഞ്ഞ ദിവസം ഗർഡറുകൾ സ്ഥാപിച്ചതോടെ ഉയരം കുറവാണെന്ന ആക്ഷേപമുയർന്നു. പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി വേണമെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ഹൈബി ഈഡൻ എംപിയും കലക്ടറോടും ദേശീയപാത പ്രോജക്ട് ഡയറക്ടറോടും ആവശ്യപ്പെട്ടു.

മുസിരിസ് ടൂറിസം പദ്ധതിയുടെ ബോട്ടിലാണ് പരിശോധന സംഘം സ്ഥലത്തെത്തിയത്. വേലിയിറക്ക സമയത്തു പാലത്തിനടിയിലൂടെ കൊണ്ടുപോയ ബോട്ട് ഗർഡറിനോട് വളരെ ചേർന്നാണ് പോയത്. അതോടെ, വേലിയേറ്റ സമയത്ത് പാലത്തിനടിയിലൂടെ കൊണ്ടുപോകാൻ കഴിയില്ലെന്ന് ഉറപ്പായി. പുഴയുടെ വീതി കുറച്ചാണ് പാലം നിർമിക്കുന്നതെന്നു ബോധ്യമായി. 

ഗർഡറുകൾ മാറ്റി തൂണുകൾ ഉയർത്തിയ ശേഷം വീണ്ടും ഗർഡർ സ്ഥാപിക്കേണ്ടിവരും. പുഴയുടെ വീതി കൂട്ടുകയും വേണം. നിലവിൽ പണിത പില്ലറുകളും പൊളിച്ചു പണിയേണ്ടി വന്നേക്കും. പാലത്തിന്റെ ഉയരക്കുറവ് ജലഗതാഗത സംവിധാനത്തെയും ടൂറിസത്തെയും ബാധിക്കും. ഭാവിയിൽ കൊച്ചി മെട്രോ പറവൂരിലേക്ക് നീട്ടുന്നതിനും തടസ്സമാകും.

പാലം നിർമാണത്തിന്റെ അപാകത സംബന്ധിച്ച് ഏതാനും മാസങ്ങൾക്കു മുൻപു നാട്ടുകാർ ജനപ്രതിനിധികളെ അറിയിച്ചെങ്കിലും ഗൗരവമായി എടുത്തില്ലെന്ന ആക്ഷേപമുണ്ട്. ഇന്നു 2നു കലക്ടറുടെ ചേംബറിൽ ചേരുന്ന യോഗത്തിൽ പാലം സംബന്ധിച്ച പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യും. ദേശീയപാത അധികൃതരും കരാർ കമ്പനി പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുക്കും. നിയോജകമണ്ഡലത്തിൽ നിർമിക്കുന്ന എല്ലാ പാലങ്ങളുടെയും ഉയരം പരിശോധിക്കണമെന്നു കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com