ADVERTISEMENT

കൂത്താട്ടുകുളം∙ മീഡിയ കവല– മംഗലത്തുതാഴം റോഡിൽ ടാറിങ് തെന്നി നീങ്ങി തിട്ട രൂപപ്പെട്ടത് അപകടത്തിനു കാരണമാകുന്നു. മീഡിയ കവലയ്ക്കു സമീപം 10 മീറ്റർ നീളത്തിലും മാരുതി കവലയിൽ 30 മീറ്റർ നീളത്തിലും തിട്ട രൂപപ്പെട്ടിട്ടുണ്ട്. പെട്ടെന്ന് ശ്രദ്ധയിൽ പെടാത്തതിനാൽ ഇരുചക്ര വാഹനങ്ങൾക്കാണ് ഇത് കൂടുതൽ ഭീഷണിയാകുന്നത്. 

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി തിട്ടയിൽ കയറിയ ബൈക്ക്, മറിഞ്ഞ് അപകടമുണ്ടായി. തിട്ടയിൽ കയറി ഇരുചക്ര വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമാകുന്നത് പതിവു സംഭവമാണെന്നു നാട്ടുകാർ പറഞ്ഞു. രാത്രി അപകട സാധ്യത കൂടുതലാണ്. അടിഭാഗം ഉറപ്പിക്കാതെ ടാറിങ് നടത്തിയതാണ് ടാറിങ് തെന്നി നീങ്ങാനും തിട്ടകൾ ഉണ്ടാകാനും കാരണമെന്നാണ് ആക്ഷേപം. 

ടാറിങ് തെന്നി നീങ്ങിയ ഭാഗത്ത് ടൈൽ വിരിച്ച് അപകടാവസ്ഥ പരിഹരിക്കണമെന്നും ഈ ഭാഗത്ത് അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭ കൗൺസിലർ ബോബൻ വർഗീസ് പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകി. 

മുൻപും ഇങ്ങനെ തന്നെ
 ഒന്നേകാൽ കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ മീഡിയ കവല– മംഗലത്തുതാഴം റോഡ് 2023 ഏപ്രിലിലാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.  ഉദ്ഘാടനം കഴിഞ്ഞ് 9–ാം ദിവസം റോഡ് വിവിധയിടങ്ങളിൽ ഇടിഞ്ഞു താഴ്ന്നത് വിവാദമായിരുന്നു. റോഡിന്റെ മധ്യഭാഗം ഇടിഞ്ഞു താഴുകയും ടാറിങ് തെന്നി നീങ്ങി നടുവിലെ വെള്ള വര വളഞ്ഞു പുളഞ്ഞ സ്ഥിതിയിലായി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഈ ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തി.

എന്നാൽ വീണ്ടും പലയിടങ്ങളിൽ റോഡ് തകരുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു. റോഡ് പണി നടക്കുന്നതിനിടെ നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി 4 തവണ നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധിച്ചിരുന്നു.  ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലർ ബോബൻ വർഗീസ് നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും തുടർനടപടിയായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT