ADVERTISEMENT

കരിങ്കുന്നം ∙ ഒരു മാസത്തിലേറെയായി കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്ന് ജനജീവിതം ഭീതിയിലാഴ്ത്തിയിട്ടും വനംവകുപ്പിന് പിടികൂടാൻ സാധിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.  തൊടുപുഴ നഗരസഭയുടെ കീഴിലുള്ള പാറക്കടവ് ഭാഗത്തും പുലിസാന്നിധ്യമുണ്ടെന്ന നാട്ടുകാരുടെ വാദം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കരിങ്കുന്നം,​ മുട്ടം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഇല്ലിചാരി മലയിൽ കണ്ട പുള്ളിപ്പുലി തന്നെയാണ് ഇവിടെയും എത്തിയതെന്നാണ് നിഗമനം.

കഴിഞ്ഞ ദിവസം രാത്രി മലങ്കര എസ്റ്റേറ്റിന്റെ ഭാഗമായ കാട്ടോലിയിൽ പുലിയെ കണ്ടതായും നാട്ടുകാർ പറയുന്നുണ്ട്. ഇവിടെ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.  ജില്ലയിൽ ഹൈറേഞ്ച് മേഖലകളിൽ പുലിസാന്നിധ്യം എപ്പോഴും ഉണ്ടെങ്കിലും ലോറേഞ്ച് മേഖലകളിൽ അപൂർവമായാണ് പുലിയെ കാണുന്നത്. എത്രയും വേഗം പുലിയെ പിടികൂടി ഭീതി അകറ്റണമെന്നാണു നാട്ടുകാരുടെ ആവശ്യം. 

പുലിയെ പിടികൂടുന്നതിനായി 
പുതുതായി കോഴിയെയും ആടിനെയും ഇരയൊരുക്കി സ്ഥാപിച്ച കൂട്.
പുലിയെ പിടികൂടുന്നതിനായി പുതുതായി കോഴിയെയും ആടിനെയും ഇരയൊരുക്കി സ്ഥാപിച്ച കൂട്.

പുലിയുടെ ദൃശ്യം വീണ്ടും
∙ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന പുള്ളിപ്പുലിയുടെ ദൃശ്യം കഴിഞ്ഞ 28നും വനംവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞിരുന്നു. കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയിൽ സ്ഥാപിച്ച ക്യാമറകളിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. തുടർന്ന് പുലിയെ പിടികൂടാൻ ക്യാമറക്കു സമീപത്തേക്ക് ഇന്നലെ വൈകിട്ട് കൂട് മാറ്റി സ്ഥാപിച്ചു. ഇല്ലിചാരിയിലും തൊടുപുഴയിലും മുട്ടത്തും കണ്ടത് ഒരേ പുലിയെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. 

ഒരുമാസത്തിലേറെയായി കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയിൽ പുലിയുടെ സാന്നിധ്യമുണ്ട്. പൂച്ചപ്പുലിയാകുമെന്ന നിഗമനത്തിലായിരുന്നു വനം വകുപ്പ്. തുടർന്നു നാട്ടുകാരുടെ ഭീതിയകറ്റാൻ ഇവിടെ ക്യാമറ സ്ഥാപിക്കുകയായിരുന്നു. 16ന് ക്യാമറക്കണ്ണിൽ പുലി കുടുങ്ങിയതോടയാണ് വനം വകുപ്പ് പുലിയെ പിടികൂടാനായി നീക്കം ആരംഭിച്ചത്. ഇതിനുശേഷമാണ് 7 കിലോമീറ്റർ അകലെയുള്ള പാറക്കടവിലും മഞ്ഞുമ്മാവിലും നാട്ടുകാർ പുലിയെ കാണുന്നത്. 

പ്രദേശത്ത് കഴിഞ്ഞദിവസം ചത്ത നിലയിൽ കണ്ടെത്തിയ കുറുക്കനെ പുലി കൊന്നതാകാമെന്നാണ് നാട്ടുകാരുടെ സംശയം. രണ്ടു ദിവസം മുമ്പ് വടക്കുംമുറി അഴകുംപാറയിൽ നായയെ ചത്ത നിലയിൽ കണ്ടതും പുലി കൊന്നതാണെന്ന് നാട്ടുകാർ ഉറപ്പിക്കുന്നു. ഇന്നലെ മുട്ടത്ത് വണ്ടനാനിയിൽ ബേബിയുടെ വീടിനു സമീപം നായയെ ചത്തനിലയിൽ കണ്ടിരുന്നു. ഇതിന്റെ ശരീരത്തിലും അടയാളങ്ങൾ ഉണ്ടായിരുന്നതിനാൽ പുലി മുട്ടത്ത് വീണ്ടും എത്തിയെന്നാണ് നാട്ടുകാർ കരുതുന്നത്.

കോഴിയെയും ആടിനെയും വച്ച് കെണി
∙ നാടിനെ ഭീതിയിലാഴ്ത്തിയ പുലിയെ പിടികൂടാൻ ആടിനെയും കോഴിയെയും ഇരയാക്കി കൂട് സ്ഥാപിച്ചു. ഇതോടെ പുലി വൈകാതെ പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. പുലി പലയിടങ്ങളിലേക്ക് സഞ്ചരിക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഒറ്റക്കല്ലുംപാറയ്ക്കു സമീപമാണ് പുലിയുടെ സാന്നിധ്യം കൂടുതൽ കാണുന്നത്. ഇവിടെയാണ് കോഴിയെയും ആടിനെയും കെണിയൊരുക്കി കൂട് സ്ഥാപിച്ചത്. മൂലമറ്റം ഫോറസ്റ്റ് സ്‌റ്റേഷന്റെ നേതൃത്വത്തിലാണ് കൂട് ഒരുക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com