ADVERTISEMENT

പീരുമേട് ∙ കനത്ത ചൂടും, വേനൽ മഴ ലഭിക്കാത്തതും മൂലം വൻകിട –ചെറുകിട തേയില തോട്ടങ്ങളിൽ നുള്ളാൻ പച്ചക്കൊളുന്ത് ഇല്ല. റെക്കോർഡ് വിളവ് ലഭിക്കേണ്ട ഏപ്രിൽ–മേയ് മാസങ്ങളിലെ ഈ വരുമാന നഷ്ടം തേയിലത്തോട്ടം വ്യവസായത്തെ കൂടുതൽ പ്രതിസന്ധിയിലേക്കു തള്ളിവിടാൻ ഇടയുണ്ട്. കടുത്ത വേനലിൽ തേയിലച്ചെടികൾ കരിഞ്ഞു ഉണങ്ങി. പച്ചക്കൊളുന്ത് ഉൽപാദനം ഗണ്യമായി കുറഞ്ഞതോടെ സ്ത്രീ തൊഴിലാളികളെ ഉൾപ്പെടെ ഏലക്കാടുകളിൽ ജോലിക്കു നിയോഗിക്കേണ്ട അവസ്ഥയിലാണ് എസ്റ്റേറ്റ് മാനേജ്മെന്റ്.  ഏപ്രിൽ ആദ്യം ലഭിക്കുന്ന വേനൽ മഴ വൻ തോതിൽ പച്ചക്കൊളുന്ത് ഉൽപാദനത്തിനു ഇടയാക്കുന്നതായിരുന്നു പിതിവ്.

ഇത്തവണ അതു ഉണ്ടായില്ല. ഇനി മേയ് മാസത്തിൽ മഴ ലഭിച്ചാലും 10 മുതൽ 15 ദിവസം കഴിഞ്ഞാൽ മാത്രമേ പച്ചക്കൊളുന്ത് ഉണ്ടാകൂ. കൊളുന്ത് വില കി കിലോഗ്രാമിനു 18 ആയി ഉയർന്നെങ്കിലും ഫാക്ടറികൾ പ്രവർത്തിക്കാൻ വേണ്ടത്ര കൊളുന്ത് എത്തുന്നില്ല. ചുരുക്കം ചില വൻകിട എസ്റ്റേറ്റുകളിൽ മാത്രമേ പേരിനു പച്ചക്കൊളുന്ത് ലഭിക്കുന്നുള്ളൂ. മഴ ലഭിക്കാത്ത സാഹചര്യം തുടർന്നാൽ തോട്ടങ്ങളുടെ പ്രവർത്തനം ചുരുക്കുകയോ, നിർത്തി വയ്ക്കുകയോ ചെയ്യേണ്ട സാഹചര്യത്തിലേക്കു എത്തിയേക്കും. 

∙ ചെറുകർഷകർക്ക് വൻ നഷ്ടം
വനൽ കടുത്തതോടെ കർഷകരെ കണ്ണീരിലാഴ്ത്തി വീട്ടുപറമ്പിലെ കൃഷി ദേഹണ്ഡങ്ങൾ വരെ കരിഞ്ഞുണങ്ങി. വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടി, പുളിക്കത്തൊട്ടി, ആനക്കുഴി ഭാഗങ്ങളിലെ ചെറിയ കൃഷിയിടങ്ങൾ വരെ കടുത്ത വേനലിൽ കരിഞ്ഞുണങ്ങി. ഉണക്ക് ഏൽക്കാത്ത കുരുമുളക് തോട്ടങ്ങൾ നാട്ടിലെങ്ങും കാണാനില്ലാത്ത അവസ്ഥയാണ്. ഇതിനു പുറമേ പ്രദേശത്തെ കൊക്കോ, ജാതി, തെങ്ങ് എന്നിവയെല്ലാം കരിഞ്ഞുണങ്ങിക്കഴിഞ്ഞു. വേനൽ മഴ പെയ്‌തെങ്കിലും അതൊന്നും ഇതുവരെ കൃഷിക്കു പ്രയോജനപ്പെട്ടില്ല.

കോണിപ്പാട്ട് ബിനോയി, സുഭാഷ്, ജോമോൻ പനച്ചിക്കൽ, ജിനാഷ് പാലക്കപ്രയിൽ, കുന്നേൽ റിജോ ജോൺ, ആലപ്പാട്ട് ബിനോയി തുടങ്ങിയവരുടെ പുരയിടത്തിലെ കാർഷിക വിളകൾ പൂർണമായും കരിഞ്ഞുണങ്ങി. കാർഷിക വിളകളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന സാധാരണക്കാരായ കർഷകരെ കടുത്ത വേനൽ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഉണങ്ങിപ്പോയ കുരുമുളക് ചെടികളൊന്നും തന്നെ മഴ പെയ്താലും ഇനി അടുത്ത വർഷമൊന്നും വിളവ് ലഭിക്കില്ല.

പുതു കൃഷി ചെയ്താലും വിളവ് ലഭിക്കാൻ വർഷങ്ങൾ വേണം. അതിനാൽ തങ്ങളുടെ ജീവിതമാർഗം തന്നെ ഇല്ലാതാകുന്ന സ്ഥിതിയാണ് പലർക്കും. കരിഞ്ഞുണങ്ങിയ കൃഷിയിടങ്ങളിലെ കൃഷിക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണമെന്നാണ് കൃഷിക്കാരുടെ ആവശ്യം. ഇക്കാര്യത്തിൽ കൃഷി വകുപ്പ് നൽകുന്ന നാമമാത്ര നഷ്ടപരിഹാരം കൊണ്ട് കർഷകർക്ക് പിടിച്ചു നിൽക്കാനാകില്ലെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്.

English Summary:

Peerumedu Tea Crisis: Soaring Heat with No Summer Showers Causes Catastrophic Harvest Losses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com