ADVERTISEMENT

മൂന്നാർ ∙ കുളിരു തേടി മൂന്നാറിലേക്കു വരുന്നവരെ നിരാശരാക്കി ചൂട് ഉയരുന്നു. ഏപ്രിൽ 29ന് 29 ഡിഗ്രി സെൽഷ്യസും 30ന് 30 ഡിഗ്രിയുമാണു മൂന്നാറിൽ രേഖപ്പെടുത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് 2 മുതൽ 4 ഡിഗ്രി വരെ മൂന്നാറിൽ കൂടിയെന്നാണു വിദഗ്ധർ പറയുന്നത്. നല്ലതണ്ണിയിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ (ഉപാസി) നിരീക്ഷണകേന്ദ്രത്തിലെ കണക്കുകൾ പ്രകാരമാണിത്.

സംസ്ഥാനത്തു പൊതുവേ ഉണ്ടായ വരൾച്ചയുടെ ഭാഗമായാണു മൂന്നാറിലും ഇത്തവണ ചൂട് ഉയർന്നത്. വേനൽമഴയുടെ കുറവാണ് ഉയർന്ന നിലയിൽ ഉഷ്ണം തുടരാൻ കാരണം.

ഇത്തവണ ഏപ്രിൽ 15 മുതൽ 30 വരെ പകൽ 28 മുതൽ 30 ഡിഗ്രി വരെയായിരുന്നു മൂന്നാറിൽ താപനില. ഇക്കാലയളവിൽ രാത്രിയും പുലർച്ചെയും 11 ഡിഗ്രി സെൽഷ്യസ് വരെയായും താപനില താഴ്ന്നു. 1989-2000 കാലത്ത് പകൽ ഏറ്റവും കൂടിയ താപനില 25.6 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 16 മുതൽ 17.4 ഡിഗ്രി സെൽഷ്യസും ആയിരുന്നു. 2011–2020ൽ പകൽ ഏറ്റവുമുയർന്ന താപനില 26.1 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 15.7 ഡിഗ്രി സെൽഷ്യസുമായിരുന്നു.

ദേവിയാർ പുഴ വറ്റിവരണ്ടു 
അടിമാലി ∙ കടുത്ത വേനലിൽ ദേവിയാർ പുഴയിൽ നീരൊഴുക്ക് നിലച്ചു. ഇതോടെ പുഴയുടെ ഇരുകരകളിലും താമസിക്കുന്ന കുടുംബങ്ങളുടെ ശുദ്ധജല സ്രോതസ്സുകൾ വറ്റി വരണ്ടു ജലക്ഷാമം രൂക്ഷമായി. ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് പുഴയിൽ നീരൊഴുക്ക് നിലച്ചത്. കഴിഞ്ഞ 5 മാസത്തോളമായി നിലനിൽക്കുന്ന കൊടിയ വേനലാണ് പുഴ വറ്റാൻ കാരണമായത്. ‌

 കടുത്ത വേനലിൽ നീരൊഴുക്ക് നിലച്ച ദേവിയാർ പുഴ
കടുത്ത വേനലിൽ നീരൊഴുക്ക് നിലച്ച ദേവിയാർ പുഴ

ദേവിയാർ പുഴയുടെ ഭാഗമായ തലമാലിയിൽ നിന്ന് ആരംഭിക്കുന്ന അടിമാലി തോടും ഇരുമ്പുപാലം തോടും മാസങ്ങളായി വറ്റി വരണ്ട നിലയിലാണ്. ഇതോടെ അടിമാലി മുതൽ വാളറ വരെയുള്ള ദൂരത്തിൽ പുഴയോടു ചേർന്നുള്ള ഒട്ടേറെ കിണറുകളും, കുളങ്ങളും വറ്റിയതു ജനങ്ങളുടെ ദുരിതം വർധിപ്പിച്ചിട്ടുണ്ട്.

English Summary:

Record heat in Munnar; Experts say up to 4 degrees more than last year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com