ADVERTISEMENT

കരിമണ്ണൂർ∙ കാലാവധിക്കുള്ളിൽ പണി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ നാട്ടുകാരുടെയും സർക്കാർ വകുപ്പുകളുടെയും മേൽ പഴിചാരി രക്ഷപ്പെടാൻ നെയ്യശ്ശേരി -തോക്കുമ്പൻ റോഡ് പണി ഏറ്റെടുത്ത കരാർ കമ്പനിയും കെഎസ്‌ടിപിയും ശ്രമിക്കുന്നതായി ആക്ഷേപം. 137.8 കോടി രൂപയ്ക്കാണ് കരിമണ്ണൂർ മുതൽ പട്ടയക്കുടി വരെയുള്ള 27 കിലോ മീറ്റർ റോഡ് പണിയാൻ മൂവാറ്റുപുഴ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി കരാർ എടുത്തത്. രണ്ടു വർഷമാണ് കാലാവധി. ഒരുവർഷം കഴിഞ്ഞിട്ടും 40 ശതമാനം ജോലികൾ പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനെ തുടർന്നാണ് കരാർ കമ്പനി പ്രകോപനപരമായ നിലപാടിലേക്ക് നീങ്ങിയത്. 

നാട്ടുകാരുടെ ശുദ്ധജലം മുടക്കുക, റോഡ് മാന്തി പൊളിച്ച് പൊടിശല്യം രൂക്ഷമാക്കുക, ഗതാഗത തടസ്സം സൃഷ്ടിക്കുക തുടങ്ങിയ നടപടികൾ പതിവായതോടെ നാട്ടുകാർ പ്രതിഷേധിക്കാൻ തുടങ്ങി. റോഡിനായി മണ്ണുമാന്തി ഉപയോഗിച്ച് കോരി മാറ്റിയ റോഡിൽ വലിയ കിടങ്ങുകളായി. മഴ പെയ്യുന്നതോടെ റോഡിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ഇത് യാത്രക്കാരെ വലിയ ദുരിതത്തിലാക്കുകയാണ്.

പൊടിശല്യം രൂക്ഷമായതോടെ രണ്ടാഴ്ച മുൻപ് പഞ്ചായത്തംഗം ബിബിൻ അഗസ്റ്റിന്റെ നേതൃത്വത്തിൽ കമ്പനി ഓഫിസ് പടിക്കൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. പൈപ്പ് പൊട്ടിയതിനെ    തുടർന്ന് ഏഴു ദിവസം കുടിവെള്ളം മുടങ്ങിയതോടെ പൈപ്പ് നന്നാക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ കമ്പനിയുടെ വാഹനം തടഞ്ഞു. ഇതോടെ കമ്പനി പണി തടസ്സപ്പെടുത്തിയെന്ന് പറഞ്ഞ് കരിമണ്ണൂർ പൊലീസിൽ പരാതി നൽകി. 

മനഃപൂർവം കുടിവെള്ളം മുടക്കിയതിനും നാട്ടുകാരുടെ ഇടയിലേക്ക് അപകടകരമായ വിധം വാഹനം ഓടിച്ച് കയറ്റിയതിനും എതിരെ നാട്ടുകാരും പൊലീസിൽ പരാതി നൽകി. സമയത്ത് പണി പൂർത്തിയാക്കിയില്ലെങ്കിൽ കരാർ പ്രകാരം സർക്കാരിന് നഷ്ടം നൽകേണ്ടത് ഒഴിവാക്കാനും പണി വൈകിയത് തങ്ങളുടെ കുറ്റം കൊണ്ടല്ലെന്ന് സ്ഥാപിച്ച് ആർബിട്രേഷൻ വഴി കരാർ തുക വർധിപ്പിക്കാനും കമ്പനി നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. 

റോഡ് പണിയുടെ തുടക്കം മുതൽ നാട്ടുകാർ കരാർ കമ്പനിയുമായി നല്ല സഹകരണത്തിൽ ആയിരുന്നു.     പെട്ടെന്നാണ് കമ്പനിയുടെ ഭാഗത്തുനിന്നു പ്രകോപനപരമായ നീക്കം ഉണ്ടായതെന്നും ഇത് ഗൂഢലക്ഷ്യം വച്ചാണെന്നും നാട്ടുകാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com