ADVERTISEMENT

കണ്ണൂർ ∙ വയോധികയായ അമ്മയെയും മകളെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊറ്റാളിക്കാവിനു സമീപം ‘സുവിശ്വ’ത്തിൽ സുനന്ദ വി.ഷേണായി (78), മകൾ ദീപ ഷേണായി (44) എന്നിവരാണു മരിച്ചത്. ദീപയെ ഡൈനിങ് ഹാളിലും സുനന്ദയെ അടുക്കളയിലുമാണു മരിച്ചനിലയിൽ കണ്ടത്. മൃതദേഹങ്ങൾക്കു 3 ദിവസത്തെ പഴക്കമുണ്ടെന്നു കരുതുന്നു. ആത്മഹത്യ സംശയിക്കുന്നുവെങ്കിലും പൊലീസ് മറ്റു സാധ്യതകളും അന്വേഷിക്കുന്നു. 


 സുനന്ദ വി.ഷേണായി, 
 ദീപ ഷേണായി
സുനന്ദ വി.ഷേണായി, ദീപ ഷേണായി

ആളനക്കം കാണാത്തതിനെത്തുടർന്ന് ഇന്നലെ രാവിലെ 9.45ന് സമീപവാസികളെത്തി വീട്ടുകാരെ വിളിച്ചെങ്കിലും ആരെയും കണ്ടില്ല. ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് അയൽവാസികൾ വീട്ടിലെത്തി നോക്കിയത്. മുൻവാതിൽ ചാരിയിട്ട നിലയിലായിരുന്നു. അകത്തു നിന്നു പൂട്ടിയിരുന്നില്ല. ദുർഗന്ധം വമിക്കുന്ന വിവരമറിയിച്ചതോടെ പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് വീട്ടിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരഞ്ഞെടുപ്പു ദിവസം രാവിലെ ഇരുവരും വോട്ട് ചെയ്യാൻ പോയിരുന്നതായി അയൽവാസികൾ പറഞ്ഞു.

അന്ന് വൈകിട്ട് 3 വരെ അയൽവാസികൾ വീടിനു പുറത്ത് ഇവരെ കണ്ടിരുന്നു. 10 വർഷത്തിലധികമായി കൊറ്റാളിക്കാവിനടുത്ത് വീടു വാങ്ങി താമസം തുടങ്ങിയ ഇവർ അയൽവാസികളുമായി കൂടുതൽ ബന്ധം പുലർത്തിയിരുന്നില്ല. വീടിനു മുന്നിലെ വാതിലിനടുത്തായി 3 ദിവസത്തെ പത്രം നിവർത്താതെ കിടപ്പുണ്ട്. മരണം നടന്നിട്ട് 3 ദിവസമായെന്ന നിഗമനത്തിൽ പൊലീസ് എത്താൻ കാരണമിതാണ്. വീട്ടിലെ വൈദ്യുതി വിളക്കുകൾ കത്തിക്കിടക്കുകയായിരുന്നു. ഫാനുകളും പ്രവർത്തിക്കുന്നുണ്ടായിരുന്നു. 

കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത്ത് കുമാർ, ടൗൺ എസിപി സിബി ടോം, സ്പെഷൽ ബ്രാഞ്ച് എസിപി വി.വി.മനോജ്, ടൗൺ ഇൻസ്പെക്ടർ കെ.സി.സുഭാഷ് ബാബു എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവ് ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തു വിടാനാകൂവെന്നു പൊലീസ് പറഞ്ഞു. 

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് കണ്ണൂർ മൈതാനപ്പള്ളി സമുദായ ശ്മശാനത്തിൽ സംസ്കരിക്കും. കനറാ ബാങ്ക് റിട്ട. മാനേജരായ പരേതനായ വിശ്വനാഥ് ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്. മറ്റു മക്കൾ: അർച്ചന (കക്കാട്), അമിത (എറണാകുളം). മരിച്ച ദീപ അവിവാഹിതയാണ്.

മരണകാരണം അവ്യക്തം
കണ്ണൂർ∙ അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ പൊലീസ് ദുരൂഹത സംശയിക്കുന്നില്ലെങ്കിലും മരണകാരണം വ്യക്തമായില്ല. ആത്മഹത്യയാണെന്നു സംശയിക്കുന്നുണ്ടെങ്കിലും പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൂടുതൽ വ്യക്തമാകുകയുള്ളുവെന്നു പൊലീസ് പറഞ്ഞു.

വീടിന്റെ മുൻവാതിൽ ചാരിയ നിലയിലായിരുന്നതാണു മറ്റു സംശയങ്ങൾക്കു വഴിവയ്ക്കുന്നത്. എന്നാൽ, ബലപ്രയോഗം നടന്നതിന്റെയോ മോഷണ ശ്രമത്തിന്റെയോ ലക്ഷണങ്ങളില്ല. ഇതാണ് ആത്മഹത്യയെന്ന നിഗമനത്തിലേക്ക് പൊലീസിനെ നയിച്ചത്. വാർത്ത പരന്നതോടെ ഒട്ടേറെപ്പേർ പ്രദേശത്തെത്തി. 

പൊലീസ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുമ്പോഴേക്കും വീടും പരിസരവും ആളുകളെ കൊണ്ടു നിറഞ്ഞു. കോർപറേഷൻ കൗൺസിലർമാരായ ടി.രവീന്ദ്രൻ, കൂക്കിരി രാഗേഷ് എന്നിവരും സ്ഥലത്തെത്തി. സുനന്ദയുടെ ഭർത്താവിന്റെ മരണശേഷമാണ് ഇവർ ഇവിടെ വീട് വാങ്ങിയത്. ദീപ നേരത്തേ കുട്ടികൾക്ക് വീട്ടിൽ ട്യൂഷൻ എടുത്തിരുന്നു. ഇരുവരെയും കുറിച്ച് നല്ല അഭിപ്രായമാണ് നാട്ടുകാർക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com