ADVERTISEMENT

കണ്ണൂർ∙ പരിഷ്കരിച്ച രീതിയിലുള്ള മോട്ടർ വാഹന ഡ്രൈവിങ് ടെസ്റ്റുകൾ ആദ്യം ദിനം തന്നെ ജില്ലയിൽ മുടങ്ങി. ജില്ലയിലെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളായ തോട്ടട, തളിപ്പറമ്പ്, തലശ്ശേരി, ഇരിട്ടി, പയ്യന്നൂർ എന്നിവിടങ്ങളിൽ ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിച്ചവർ എത്തിയെങ്കിലും പരിഷ്കരിച്ച സംവിധാനങ്ങളൊന്നും ഇല്ലാത്തതിനാൽ ടെസ്റ്റ് നടത്താനായില്ല. പുതിയ രീതിയിലുള്ള ടെസ്റ്റ് അപ്രായോഗികമാണെന്ന് ആരോപിച്ച് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിൽ ഡ്രൈവിങ് സ്കൂൾ അധികൃതർ പ്രതിഷേധിച്ചു കരിദിനാചരണം നടത്തി. 





തലശ്ശേരിയിൽ ഡ്രൈവിങ് ടെസ്റ്റ്‌ പരിഷ്കരണത്തിൽ ഡ്രൈവിങ് സ്കൂൾ ഉടമകൾ പ്രതിഷേധിക്കുന്നു.
തലശ്ശേരിയിൽ ഡ്രൈവിങ് ടെസ്റ്റ്‌ പരിഷ്കരണത്തിൽ ഡ്രൈവിങ് സ്കൂൾ ഉടമകൾ പ്രതിഷേധിക്കുന്നു.

 കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടർ വാഹനങ്ങൾക്കാണ് ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്കരണം ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ പരിഷ്കരിച്ച നിലയിൽ ടെസ്റ്റ് നടത്താൻ ജില്ലയിൽ ഒരിടത്തും ഗ്രൗണ്ടുകൾ സജ്ജമല്ലെന്ന് ഡ്രൈവിങ് സ്കൂൾ അധികൃതർ ചൂണ്ടിക്കാട്ടുന്നു. രാവിലെ 7 ന് തന്നെ ടെസ്റ്റിങ് കേന്ദ്രങ്ങളിൽ ടെസ്റ്റിനായി അപേക്ഷകരും സ്കൂൾ അധികൃതരും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും എത്തിയെങ്കിലും ആധുനിക നിലയിൽ ക്യാമറകൾ ഉൾപ്പെടെയുള്ള സൗകര്യമില്ലാത്തതിനാൽ മടങ്ങി. ജില്ലയിൽ തോട്ടട, തളിപ്പറമ്പ് എന്നിവിടങ്ങൾ മാത്രമാണ് സർക്കാരിന്റേതായുള്ള ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങൾ. തലശ്ശേരി, ഇരിട്ടി, പയ്യന്നൂർ എന്നീ ടെസ്റ്റിങ് കേന്ദ്രങ്ങൾ ഡ്രൈവിങ് സ്കൂൾ അധികൃതർ വാടക നൽകിയാണ് നടത്തിപ്പ്. ഓരോ കേന്ദ്രത്തിനും ഒരു ലക്ഷത്തിലധികം രൂപയാണ് ഡ്രൈവിങ് സ്കൂൾ ഉടമകൾ മാസ വാടക നൽകുന്നത്. 

മുടങ്ങി, മടങ്ങി 
തളിപ്പറമ്പിൽ ഡ്രൈവിങ് ടെസ്റ്റ് ഡ്രൈവിങ് സ്കൂളുകൾ ബഹിഷ്കരിച്ചു. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ രാവിലെ തന്നെ കാഞ്ഞിരങ്ങാടുള്ള ടെസ്റ്റ് ഗ്രൗണ്ടിൽ ഹാജരായിരുന്നെങ്കിലും ഡ്രൈവിങ് സ്കൂൾ അധികൃതരും വിദ്യാർഥികളും എത്തിയില്ല. തലശ്ശേരിയിൽ ഡ്രൈവിങ് ടെസ്റ്റിനായി 30 പേർക്കാണ് സ്ലോട്ട് കിട്ടിയിരുന്നതെങ്കിലും ടെസ്റ്റിനുള്ള സജ്ജീകരണം ഗ്രൗണ്ടിൽ ഇല്ലാത്തതിനാൽ മുടങ്ങി. ഡ്രൈവിങ് സ്കൂൾ ഉടമകൾ ഗ്രൗണ്ടിന് മുന്നിൽ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു.

 ഇരിട്ടിയിൽ ടെസ്റ്റിന് സ്ലോട്ട് ലഭിച്ചതിനെ തുടർന്ന് പുലർച്ചെ 5ന് എത്തിയ 28 പേർക്ക് കാത്തിരിപ്പിനൊടുവിൽ നിരാശരായി മടങ്ങേണ്ടി വന്നു. പുതിയ സർക്കുലർ പ്രകാരം ഉള്ള സജ്ജീകരണങ്ങൾ ഗ്രൗണ്ടിൽ ഏർപ്പെടുത്തിയിരുന്നില്ല. തോട്ടടയിലും പയ്യന്നൂരും ഇതേ സ്ഥിതിയായിരുന്നു. 

പരിഷ്കാരങ്ങൾ ഇങ്ങനെ
∙റോഡ് ടെസ്‌റ്റിനു ശേഷമാണ് ഇനി 'എച്ച്' ടെസ്‌റ്റ്. പ്രതിദിന ടെസ്റ്റുകൾ 60 ആയി കുറച്ചു. പുതുതായി 40 പേർക്കും തോറ്റവർക്കുള്ള റീ ടെസ്‌റ്റിൽ 20 പേർക്കുമാണ് അവസരം. ടാർ ചെയ്തോ കോൺക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിങ്. ആംഗുലർ പാർക്കിങ് (വശം ചെരിഞ്ഞുള്ള പാർക്കിങ്), പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ് (എസ് വളവു പോലെ), കയറ്റത്തു നിർത്തി പിന്നോട്ടു പോകാതെ മുൻപോട്ട് എടുക്കുക തുടങ്ങിയവയാണ് ഉറപ്പായും വിജയിക്കേണ്ട പരീക്ഷകൾ.
∙ ‘മോട്ടർ സൈക്കിൾ വിത്ത് ഗിയർ' വിഭാഗത്തിൽ ഇനി ഡ്രൈവിങ് ടെസ്‌റ്റിന് ഉപയോഗിക്കേണ്ടത് കാൽ കൊണ്ടു പ്രവർത്തിപ്പിക്കാവുന്ന ഗിയർ സിലക്ഷൻ സംവിധാനമുള്ളതും 95 സിസിക്കു മുകളിൽ എൻജിൻ കപ്പാസിറ്റിയുള്ളതുമായ മോട്ടർ സൈക്കിൾ. നിലവിൽ ഡ്രൈവിങ് സ്‌കൂൾ ലൈസൻസിൽ ചേർത്തിട്ടുള്ള 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ നീക്കം ചെയ്യണം. പകരം 15 വർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങൾ ലൈസൻസിൽ ചേർക്കണം. 
∙ ലൈറ്റ് മോട്ടർ വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിനായി ഓട്ടമാറ്റിക് ഗിയർ, ഓട്ടമാറ്റിക് ട്രാൻസ്മിഷൻ ഉള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കരുത്. ടെസ്റ്റിനായി ഉപയോഗിക്കുന്ന ഡ്രൈവിങ് സ്‌കൂളിന്റെ എൽഎംവി വിഭാഗം വാഹനങ്ങളിൽ ടെസ്‌റ്റ് റിക്കോർഡ് ചെയ്യുന്നതിനായുള്ള ഡാഷ്‌ബോർഡ് ക്യാമറയും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസും ഡ്രൈവിങ് സ്‌കൂൾ ഉടമ വാങ്ങി ഘടിപ്പിക്കണം. ടെസ്റ്റ് റിക്കോർഡ് ചെയ്ത്‌ മെമ്മറി കാർഡ് എം വിഐ കൊണ്ടുപോകണം. ഡേറ്റ ഓഫിസിലെ കംപ്യൂട്ടറിലേക്കു മാറ്റിയ ശേഷം മെമ്മറി കാർഡ് തിരികെ നൽകണം. ഡേറ്റ 3 മാസത്തേക്കു സൂക്ഷിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com