ADVERTISEMENT

കണ്ണൂർ ∙ മത്സ്യ ക്ഷാമവും ഇന്ധന വില വർധനയും ഉൾപ്പെടെയുള്ള പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെ ഉയരുന്ന കടൽ പ്രതിഭാസങ്ങൾ മത്സ്യ മേഖലയെ ആശങ്കയിലാഴ്ത്തുന്നു. ലക്ഷങ്ങൾ നഷ്ടം സഹിച്ചാണ് പലപ്പോഴും മേഖലയിൽ പ്രവർത്തിക്കുന്നവർ മുന്നോട്ടു പോകുന്നത്. ഓരോ ദിവസം കടലിൽ ഇറങ്ങുമ്പോഴും കടലമ്മ കനിയും എല്ലാം ശരിയാകുമെന്ന പ്രതീക്ഷയാണ്. 

കഴിഞ്ഞ ദിവസം മുതൽ ഉടലടുത്ത കള്ളക്കടൽ പ്രതിഭാസം ഇരുട്ടടിയാകുമോ എന്ന ഭീതിയിലായിരുന്നു മത്സ്യ മേഖലയിലുള്ളവർ. എന്നാൽ മലബാർ മേഖലയിൽ കടൽക്ഷോഭം  നേരിടാത്തതിനാൽ ഇന്നലെ പുലർച്ചെ മുതൽ അഴീക്കൽ, ആയിക്കര, പുതിയങ്ങാടി ഭാഗത്തു നിന്നുള്ളവർ പതിവു പോലെ മത്സ്യ ബന്ധനത്തിന് ഇറങ്ങിയിരുന്നു. ഏതാനും നാളുകളായി മത്സ്യ ക്ഷാമം അനുഭവിക്കുന്ന മേഖലയ്ക്ക് പ്രതീക്ഷ നൽകി കഴിഞ്ഞ ദിവസം മുതൽ കുറഞ്ഞ തോതിലെങ്കിലും മത്സ്യം ലഭിച്ചു തുടങ്ങിയിരുന്നു.

ഇന്നലെ കടലിൽ ഇറങ്ങിയവർ ബേളൂരിയും ചെമ്മീനുമായാണ് തിരിച്ചെത്തിയത്. ഏഴിമല ഭാഗത്താണ് ബേളൂരി ശേഖരം ലഭിച്ചത്. ഹാർബറുകളും ഇന്നലെ സജീവമായിരുന്നു. കടുത്ത ചൂടും മത്സ്യ ബന്ധനത്തെ ബാധിച്ചിരുന്നു. മത്തി, അയില എന്നിവ കാണാക്കനിയായ അവസ്ഥയാണ്. ഏറെ നാളായി ചെറിയ അയില മാത്രമാണ് ആയിക്കര, അഴീക്കൽ, പുതിയങ്ങാടി മേഖലയിൽ തൊഴിൽ എടുക്കുന്നവർക്ക് ലഭിക്കുന്നത്.

ചെറുതും വലുതുമായ ചെമ്മീനും ലഭിക്കുന്നുണ്ട്. മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റു ജില്ലകളിലെ തീരങ്ങളിൽ നിന്നും എത്തിക്കുന്ന മത്സ്യങ്ങളും അഴീക്കൽ, ആയിക്കര, പുതിയങ്ങാടി മേഖലയിൽ ലഭ്യമാകുന്നതാണ് ചെറുകിട വിപണിയെ നിലനിർത്തുന്നത്.  വരും ദിവസങ്ങളിൽ കൂടുതൽ മത്സ്യം കിട്ടുമെന്ന പ്രതീക്ഷയിലാണു തൊഴിലാളികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com