ADVERTISEMENT

കണ്ണൂർ ∙ സർവീസ് റോഡ് പൂർത്തിയാകുമ്പോൾ വീട്ടിൽ നിന്നു പുറത്തിറങ്ങാൻ എന്തുചെയ്യുമെന്ന ആധിയിലാണ് കിഴുത്തള്ളിയിലെ സി.സരള. ചാലക്കുന്ന് ഭാഗത്തേക്ക് ദേശീയപാത കടന്നുപോകുന്നതിനു സമീപമാണ് ഇവരുടെ വീട്. ആകെയുണ്ടായിരുന്ന ആറു സെന്റ് സ്ഥലത്തിൽ ഒരു സെന്റ് ദേശീയപാത വികസനത്തിനായി വിട്ടുകൊടുത്തു. വീടിന്റെ ഒരുവശം ഉൾപ്പെടെ പൊളിച്ചുമാറ്റേണ്ടി വന്നെങ്കിലും ബാക്കിയുള്ള ഭാഗം അറ്റകുറ്റപ്പണി നടത്തിയാണ് ഇവിടെ താമസം തുടരുന്നത്.

സമീപത്തെ ഇവരുടെ ചാലിക്കണ്ടി തറവാട് വീടും സഹോദരങ്ങളുടെ വീടുകളും ദേശീയപാതയ്ക്കായി ഭൂമി വിട്ടുകൊടുത്തതോടെ ‌പൂർണമായും പൊളിച്ചുമാറ്റേണ്ടി വന്നിരുന്നു. ഇവരുടെ വീടിന്റെ ചെറിയ ഭാഗം മാത്രമേ നഷ്ടപ്പെടുന്നുള്ളൂ എന്നതിനാൽ ഇവിടെ നിന്നു മാറേണ്ടി വരില്ല എന്നായിരുന്നു ഭൂമി ഏറ്റെടുക്കുന്ന സമയത്തും നിർമാണം തുടങ്ങിയ സമയത്തുമെല്ലാം പറഞ്ഞിരുന്നത്. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന മകനെ കാണാൻ കഴിഞ്ഞ ദിവസം പോയപ്പോഴാണ് വീടിനു സമീപം ഉയരത്തിൽ മണ്ണിട്ട വിവരം അറിഞ്ഞത്. തിരിച്ചെത്തിയപ്പോൾ കാണുന്നത് വീടിന്റെ താഴത്തെ നിലയുടെ പകുതിയോളം ഉയരത്തിലേക്ക് മണ്ണിട്ടുയർത്താനുള്ള ശ്രമം. എന്തിനാണ് സർവീസ് റോഡ് ഇത്രയേറെ ഉയർത്തുന്നതെന്ന് അറിയില്ലെന്നും ഇവർ പറഞ്ഞു.

മണ്ണിടൽ പൂർത്തിയായാൽ പിന്നെ വീട്ടിലേക്ക് എത്താനോ വീട്ടിൽ നിന്നു പുറത്തിറങ്ങാനോ കഴിയാത്ത സ്ഥിതിയാവും. മാത്രമല്ല, മഴവെള്ളം വീടിന്റെ താഴത്തെ നിലയിലേക്ക് കുത്തിയൊഴുകി എത്തുകയും ചെയ്യും. സമീപത്തെ ഇരുചക്ര വാഹന സർവീസ് സെന്ററിലേക്കുള്ള വഴിയും അടയുമെന്ന് ആശങ്കയുണ്ട്. ദേശീയപാത വിഭാഗം പ്രോജക്ട് മേധാവിക്ക് ഉൾപ്പെടെ പരാതി നൽകി കാത്തിരിക്കുകയാണ് ഇവർ. ഭർത്താവ് കഴിഞ്ഞ വർഷമാണ് മരിച്ചത്. സരളയ്ക്കും ആരോഗ്യപ്രശ്നങ്ങളുണ്ട്. വീട്ടിലേക്കൊരു വഴി, വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടി ഇത്ര മാത്രമേ ചോദിക്കുന്നുള്ളൂ. ഇവിടെ തുടർന്നും ജീവിക്കണമെങ്കിൽ രണ്ട് ആവശ്യങ്ങളും പരിഹരിക്കാതെ സാധ്യവുമല്ല.– സരള പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com