ADVERTISEMENT

കൊല്ലം∙ രാത്രിയിൽ കൊല്ലം പട്ടണത്തിലേക്ക് ഇറങ്ങുന്നവർ കൈവശം ഒരു ടോർച്ചും കൂടി കരുതണം. അല്ലെങ്കിൽ ഇരുട്ടിന്റെ മറവിൽ തക്കം പാർത്തിരിക്കുന്ന പിടിച്ചുപറിക്കാരുടെയോ സാമൂഹിക വിരുദ്ധരുടെയോ  തെരുവുനായ്ക്കളുടെയോ ആക്രമണം നേരിടേണ്ടി വരും. പിന്നെ ബൈക്കുകളിൽ വെളിച്ചമില്ലാതെ ചീറിപ്പാഞ്ഞു വരുന്ന ഫ്രീക്കന്മാരുടെ അഭ്യാസം വരുത്തിവയ്ക്കുന്ന അപകടങ്ങൾ വേറെ. ചിന്നക്കട ക്ലോക്ക് ടവറിന് സമീപത്തുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിലും പരിസരത്തും വെളിച്ചമില്ല. 

ബസ് കാത്തിരിപ്പു കേന്ദ്രത്തിന് എതിർ വശത്തായി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഭാഗത്ത് ഒരു വലിയ ഹൈമാസ്റ്റ് ലാംപും തെരുവു വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ നിന്നും വെളിച്ചം കണ്ടിട്ട് മാസങ്ങളായി. സെന്റ് ജോസഫ്  സ്കൂൾ ജംക്‌ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രം അവിടെ ഉണ്ടോ എന്നറിയാൻ ടോർച്ച് തെളിച്ചു നോക്കണം. 

വിവിധ വ്യാപാര സ്ഥാപനങ്ങളിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി ബസ് കാത്തു നിൽക്കുന്ന സ്ത്രീകളുടെ കാര്യമാണ് കഷ്ടം. സമീപത്ത് തെരുവു കച്ചവടക്കാരുടെയും ഒ‍ാട്ടോ റിക്ഷ സ്റ്റാൻഡും ഉള്ളതിന്റെ ധൈര്യത്തിലാണ് പലരും ഇവിടെ നിൽക്കുന്നത്. അല്ലെങ്കിൽ അവിടെ നിന്നും നടന്ന് ചിന്നക്കട കാത്തിരിപ്പു കേന്ദ്രത്തിലേക്കു നടക്കണം. അപ്പോഴും മറ്റൊരു പ്രശ്നമുണ്ട്. നടന്നു വരുന്ന പാതയിലും വെളിച്ചമില്ല. 

കടപ്പാക്കടയിൽ കിളികൊല്ലൂരിലേക്ക് പോകുന്ന ഭാഗത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലും വെളിച്ചമില്ല.  വ്യാപാര സ്ഥാപനങ്ങളുടെ വെളിച്ചത്തിലാണ് മേൽ പറഞ്ഞ ഭാഗത്തു കൂടി രാത്രിയിൽ കൊല്ലം പട്ടണത്തിലൂടെ ആൾക്കാർ യാത്ര ചെയ്യുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com