ADVERTISEMENT

പത്തനാപുരം∙ കാട്ടാനകൾക്കിടയിൽ ചേരി തിരിഞ്ഞ് പോര്, കറവൂരിൽ പരുക്കേറ്റ ആന കാട്ടിലേക്ക് മടങ്ങാതെ ജനവാസ കേന്ദ്രത്തിൽ നിൽക്കുന്നത് നാട്ടുകാരെ വലയ്ക്കുന്നു. അച്ചൻകോവിൽ റോഡിൽ കറവൂരിലെ പറങ്കിമാം തോട്ടത്തിലും ചാങ്ങാപ്പാറ വനത്തിലുമായാണ് ആനയുടെ നിൽപ്. കാലിന്റെ മധ്യ ഭാഗത്ത് മറ്റൊരു ആനയുടെ കുത്തേറ്റ് വ്രണമായ അവസ്ഥയിലാണ് ആന. ഒരാഴ്ചയോളമായി സംഭവം നടന്നിട്ട്. ദിവസങ്ങൾക്ക് മുൻപായിരുന്നു ആനകളുടെ പോര്. 

മുറിവേറ്റ ആന, അവശനിലയിലായ ശേഷമാണ് വനം ഉദ്യോഗസ്ഥർ കാണുന്നത്. പിന്നീട് ഡോക്ടറുടെ നേതൃത്വത്തിൽ വിദഗ്ധ ചികിത്സ നടത്തിയതോടെ നടക്കാവുന്ന അവസ്ഥയിലേക്കെത്തി. ഇപ്പോൾ ആഹാരം കഴിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. മയക്കുവെടി വച്ച് ചികിത്സിക്കാൻ കഴിയുന്ന രീതിയിൽ ആരോഗ്യമില്ലാത്തതിനാൽ കൈതച്ചക്കയിലും മറ്റും മരുന്നു നിറച്ച് നൽകിയാണ് ചികിത്സ.

ഈ ആനയുടെ കൂട്ടാളികളായ നാല് ആനകളും, എതിർവശത്തായി അഞ്ച് ആനകളുമാണ് ഇവിടെ തമ്പടിച്ചിട്ടുള്ളത്. ഈ ആനയെ സംരക്ഷിക്കാനും, ഇതിനെ ആക്രമിക്കാനുമായി രണ്ടു ചേരികളായി തിരിഞ്ഞു നിൽക്കുന്ന ആനക്കൂട്ടത്തെ തുരത്താൻ കാര്യമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. 

കഴിഞ്ഞ ദിവസം ഒരു ആനക്കൂട്ടം, പറങ്കിമാവിൻ തോട്ടത്തിലെ തൊഴിലാളികളെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. സദാ സമയവും വാഹനങ്ങൾ പോകുന്ന അച്ചൻകോവിൽ റോഡിനോടു ചേർന്നാണ് ആനക്കൂട്ടം തമ്പടിച്ച പറങ്കിമാവിൻ തോട്ടം. ദിവസം പല തവണയാണ് റോഡ് ആനക്കൂട്ടം മറികടക്കുന്നത്. ഈ സമയങ്ങളിൽ കാൽനടയാത്രക്കാരോ, വാഹനങ്ങളോ വന്നാൽ  ആക്രമണം ഉറപ്പ്.

അതേ സമയം പരുക്കേറ്റ ആനയുടെ മുറിവ് ഉണങ്ങാതെ ആനയെ മയക്കുവെടി വയ്ക്കാൻ കഴിയില്ലെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു. ചികിത്സ നടത്തി വരികയാണ്. നിരീക്ഷണത്തിനു വനം ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com