ADVERTISEMENT

പുന്നല ∙ ഒടുവിൽ നാട്ടുകാർ ആശങ്കപ്പെട്ടത് തന്നെ നടന്നു; പള്ളിമുക്ക്–പുന്നല–കറവൂർ–അലിമുക്ക് റോഡിലൂടെയുള്ള ദുരിതയാത്രയ്ക്കു മാറ്റമില്ല. എഫ്ഡിആർ ടെക്നോളജിയിൽ (ജർമൻ) നിർമിക്കുമെന്ന് പറഞ്ഞു തുടങ്ങിയെങ്കിലും കലുങ്കും ഓടയും നിർമിക്കാതെ അവിടവിടെയായി ടാർ ചെയ്തു പണി നിലച്ചിരിക്കുകയാണിപ്പോൾ. അച്ചൻകോവിൽ റോഡിന്റെ ഭാഗമായ പത്തനാപുരം–മുതൽ കറവൂർ–അലിമുക്ക് വരെയുള്ള ഭാഗം മലയോര മേഖലയിലെ പ്രധാന പാതയായിട്ടും നവീകരണം വേഗത്തിലാക്കാൻ അധികൃതർ ഇടപെടുന്നില്ലെന്നു നാട്ടുകാർ പരാതിപ്പെടുന്നു. 

നിർമാണം തുടങ്ങിയപ്പോൾ തന്നെ നിയോജക മണ്ഡലത്തിലെ മറ്റു റോഡുകൾ പോലെ ഈ റോഡും പാതിവഴിയിലാക്കരുതെന്നു നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ ഉറപ്പു നൽകണമെന്നാവശ്യപ്പെട്ട് പ്രതിഷേധവും നടന്നു. ഒടുവിൽ മന്ത്രി കെ.ബി.ഗണേഷ്കുമാർ (അന്നത്തെ എംഎൽഎ) വേഗത്തിൽ റോഡ് പൂർത്തിയാക്കുമെന്ന് ആളുകൾക്കു നേരിട്ട് ഉറപ്പു നൽകിയാണു പ്രതിഷേധം അവസാനിപ്പിച്ച് നിർമാണം തുടങ്ങിയത്.

ഈ ഉറപ്പും പാഴ്‌വാക്കായി മാറുകയാണ്. പള്ളിമുക്ക് – പുന്നല ഭാഗത്തും അലിമുക്ക് – കറവൂർ ഭാഗത്തും ചിലയിടങ്ങളിൽ ടാർ ചെയ്തതൊഴച്ചാൽ മറ്റു സ്ഥലങ്ങളിലെല്ലാം പൊളിച്ച് ഇട്ടിരിക്കുകയാണ്. ആൽപേവ് മിശ്രിതം ചേർത്ത് ആദ്യം ഉറപ്പിച്ച ഭാഗങ്ങളെല്ലാം വേനൽ മഴ പെയ്തതോടെ ഇളകി മാറി. കുഴികൾ രൂപപ്പെട്ട ഇതുവഴി വലിയ വാഹനങ്ങൾക്കു പോലും പോകാൻ കഴിയില്ലെന്നു നാട്ടുകാർ പറയുന്നു. ടാർ ചെയ്ത ഭാഗങ്ങളിൽ പോലും ഓടയും കലുങ്കും നിർമിക്കേണ്ട സ്ഥലങ്ങളിൽ വലിയ കുഴികളാണ്.

പുന്നല റോഡിൽ കരിമ്പാലൂർ ഭാഗത്തെ കുഴികളിൽ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയും ഉൾപ്പെടെ അപകടത്തിൽപ്പെടുന്നതു പതിവു കാഴ്ചയാണ്. എഫ്ഡിആർ ടെക്നോളജിയിൽ നിർമിച്ച പത്തനാപുരം – ഏനാത്ത് റോഡിന്റെ സ്ഥിതിയും മറ്റൊന്നല്ല. 2 റോഡുകളും ഒരേ കമ്പനി തന്നെയാണ് കരാറെടുത്തിട്ടുള്ളത്. റോഡ് പൂർണമായി ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനുള്ള തയാറെടുപ്പിലാണു നാട്ടുകാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com