ADVERTISEMENT

പത്തനാപുരം∙ ഗതാഗത മന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്തെ കെഎസ്ആർടിസി ഡിപ്പോയിൽ വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ മദ്യപിച്ചെത്തിയ 2 ഡ്രൈവർമാർ കുടുങ്ങി. പരിശോധനയറിഞ്ഞ് ഡ്രൈവർമാർ കൂട്ട അവധിയെടുത്ത് മുങ്ങിയതോടെ 14 സർവീസുകൾ റദ്ദാക്കി. ബ്രെത്തലൈസർ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് രണ്ടു പേരെ മദ്യപിച്ചതായി കണ്ടെത്തിയത്. പുലർച്ചെ അഞ്ചിന് പത്തനംതിട്ടയിൽ നിന്നുള്ള വിജിലൻസ് വിഭാഗമാണ് ഡിപ്പോയിലെത്തി ജീവനക്കാരെ പരിശോധിച്ചത്.

പരിശോധനാ വിവരം പുറത്തായതോടെ നേരത്തേ അവധിയെടുത്ത 3 ജീവനക്കാരടക്കം ഡ്യൂട്ടിക്ക് കയറേണ്ട ആറു പേരുൾപ്പെടെ പതിനഞ്ചോളം ഡ്രൈവർമാർ അവധിയെടുത്തു മുങ്ങി. ഇതിൽ ഡ്യൂട്ടി ചാർട്ട് ചെയ്ത ശേഷം അവധിയെടുത്ത 6 പേർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. ഡ്രൈവർമാർ കൂട്ട അവധിയെടുത്തതോടെ 14 സർവീസുകൾ റദ്ദാക്കേണ്ടി വന്നു. ദീർഘദൂര സർവീസുകളും ചെയിൻ സർവീസുകളും അയച്ചെങ്കിലും, പല ഗ്രാമീണ സർവീസുകളും മുടങ്ങിയെന്നു ഡിപ്പോ അധികൃതർ പറഞ്ഞു. പട്ടാഴി, പൂങ്കുളഞ്ഞി, മാങ്കോട്, പുന്നല–കറവൂർ, കമുകുംചേരി, ഏനാത്ത് ഉൾപ്പെടെ ഒട്ടേറെ ഗ്രാമീണ മേഖലകളിലേക്കുള്ള സർവീസുകളാണ് മുടങ്ങിയത്.

ഇതിൽ കൂടുതൽ പാതകളിലും കെഎസ്ആർടിസി മാത്രമാണ് സർവീസ് നടത്തുന്നത്. അതേസമയം റദ്ദാക്കിയ സർവീസുകൾക്ക് പകരം ബദൽ സംവിധാനം ഉണ്ടാക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ ഓഫിസ് അറിയിച്ചെങ്കിലും അതും ഉണ്ടായില്ല. കൊല്ലം സോണിൽ കുറഞ്ഞ ദൂരം ഓടി ഏറ്റവും കൂടുതൽ കലക്‌ഷൻ നേടി കൊടുക്കുന്ന ഡിപ്പോയാണ് പത്തനാപുരം.

കഴിഞ്ഞ തിങ്കളാഴ്ച ലഭിച്ച കലക്‌ഷൻ സംസ്ഥാനത്ത് തന്നെ ആ ദിവസത്തെ ഉയർന്ന വരുമാനമായിരുന്നു. ഇന്നലെ തിങ്കളാഴ്ചയായിരുന്നതിനാൽ കൂടുതൽ വരുമാനം നേടാമെന്ന പ്രതീക്ഷയിൽ പത്തനാപുരം ഡിപ്പോയിലെ തകരാറിലായ അഞ്ചു ബസുകൾക്ക് പകരം മറ്റു ഡിപ്പോകളിൽ നിന്നും ബസുകളെത്തിച്ചു സർവീസ് നടത്താനും ജീവനക്കാർ തയാറെടുപ്പ് നടത്തിയിരുന്നു. 14 സർവീസ് റദ്ദാക്കിയതോടെ രണ്ട് ലക്ഷത്തോളം രൂപയുടെ വരുമാന നഷ്ടം ഉണ്ടായതായി ജീവനക്കാർ പറയുന്നു.

English Summary:

Vigilance Crackdown in Pathanapuram: Drunken Drivers Snagged in Surprise Raid, Mass Leaves Disrupt Transport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com