ADVERTISEMENT

കൊല്ലം ∙ പോളയത്തോട് ശ്മശാനത്തിന് സമീപം റോഡരികിൽ നിന്ന വാകമരം കടപുഴകി ലോറിക്കു മുകളിലേക്ക് വീണു. അപകടത്തിൽ ലോറിയുടെ കണ്ണാടിച്ചില്ലുകൾ തകർന്നു. ആർക്കും പരുക്കില്ല. ഇന്നലെ ഉച്ചയ്ക്ക് 2ന് ആണ് അപകടം ഉണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്കു മുകളിലാണു മരം വീണത്.

കടപ്പാക്കടയിൽ നിന്നു അഗ്നി രക്ഷാസേനാംഗങ്ങളെത്തി ലോറിക്കു മുകളിൽ വീണുകിടന്ന മരം വെട്ടിമാറ്റി. കഴിഞ്ഞ മാർച്ച് 26ന് കോളജ് ജംക്‌ഷനിലും സമാനമായ അപകടം ഉണ്ടായി. കോളജ് ജംക്‌ഷനിൽ നിന്ന വലിയ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണ് 2 കാറുകളും 2 കടകളും അന്ന് തകർന്നു. 

ടൗണിൽ പല സ്ഥലങ്ങളിലും ഇത്തരത്തിൽ അപകടാവസ്ഥയിലായ മരങ്ങളും മരച്ചില്ലകളും നിൽപുണ്ട്. ഉണങ്ങിയ മരങ്ങളും യാത്രക്കാർക്ക് ഭീഷണിയാണ്. ആശ്രാമം മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡിനോട് ചേർന്ന് ഇത്തരത്തിൽ ഒട്ടേറെ മരങ്ങൾ നിൽപുണ്ട്. അതിൽ ഒരെണ്ണം കഴിഞ്ഞയാഴ്ച വ്യവസായ വകുപ്പിന് സമീപം കടപുഴകി വീണ് നടപ്പാതയ്ക്ക് അരികിൽ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് ബാരിക്കേഡുകൾ തകർന്നു.

കഴിഞ്ഞ നവംബറിൽ എസ്എൻ വനിതാ കോളജിന് സമീപം നിൽക്കുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള മാവിന്റെ ശിഖരവും ഒടിഞ്ഞ് വീണു. സാധാരണ ഇവിടെ സ്ഥിരമായി ഒട്ടേറെ വാഹനങ്ങൾ പാർക്കു ചെയ്യുകയും വിദ്യാർഥികൾ സ്ഥിരമായി നിൽക്കുന്ന സ്ഥലവുമാണ്. എന്നാൽ അപകടം നടന്ന ദിവസം അവധിയായതിനാലും കടകൾ അടഞ്ഞു കിടന്നതു കൊണ്ടും അപകടം നടക്കുമ്പോൾ ആരും സ്ഥലത്തുണ്ടായിരുന്നില്ല. കാലവർഷം ആരംഭിക്കുന്നതിന് മുൻപ് ടൗണിൽ റോഡരികിൽ നിൽക്കുന്ന ഇത്തരത്തിൽ കാലപ്പഴക്കം ചെന്നതും നാശത്തിന്റെ വക്കിലുമുള്ള മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു നീക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com