ADVERTISEMENT

കൊല്ലം ∙ ആശ്രാമം ചിൽഡ്രൻസ് പാർക്കിനു സമീപത്തു നിന്നു മാലിന്യം കണ്ടെയ്നറിലേക്കു മാറ്റുന്നതു മൂലം ബുദ്ധിമുട്ടിലായി സന്ദർശകർ. നഗരത്തിലെ ഹോട്ടൽ മാലിന്യം അടക്കമുള്ളവ കണ്ടെയ്നറിലേക്കു മാറ്റി സംസ്കരിക്കാനായി കൊണ്ടു പോകുന്നതിനാണ് ഈ പ്രദേശം ഉപയോഗിക്കുന്നത്.

ഇതോടെ മാലിന്യം വാഹനങ്ങളിൽ നിന്നു മാറ്റുന്ന സമയത്ത് പാർക്കിൽ അടക്കം രൂക്ഷമായ ദുർഗന്ധം അനുഭവപ്പെടുന്നു എന്നാണു പരാതി. ആശ്രാമം ഗെസ്റ്റ് ഹൗസിനു മുൻവശത്തെ ഗ്രൗണ്ടിന് സമീപം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിനും ഡിടിപിസി ചിൽഡ്രൻസ് പാർക്കിനും പിൻവശത്തായാണു ലോറികളിൽ മാലിന്യം കൊണ്ടുവന്നു മാറ്റുന്നത്. മാലിന്യം നീക്കം ചെയ്യണമെന്ന കാര്യത്തിൽ എതിർപ്പില്ലെങ്കിലും ഇതിന് ജനസമ്പർക്കം ഇല്ലാത്ത പ്രദേശങ്ങൾ ഉപയോഗിക്കണമെന്നാണ് ആവശ്യം.

ലോറികൾ മാലിന്യങ്ങളുമായി ഇവിടെ വന്നു മറ്റു വാഹനങ്ങളിലേക്കു മാറ്റാൻ തുടങ്ങിയിട്ടു 2 ആഴ്ചയോളമായി. എല്ലാ സമയത്തും ലോറികൾ വരികയും മാലിന്യം കയറ്റുകയും ചെയ്യുന്നുണ്ട്. അധികൃതരോട് പരാതിപ്പെട്ടെങ്കിലും മാലിന്യം ഉപേക്ഷിക്കുകയോ അവിടെ ഇറക്കുകയോ ചെയ്യുന്നില്ലല്ലോ എന്നായിരുന്നു മറുപടി.

പക്ഷേ മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം പാർക്കിലെത്തുന്ന സന്ദർശകരെ അടക്കം ബാധിക്കുന്നുണ്ട്. ഈ അടുത്ത ദിവസങ്ങളിൽ പാർക്കിലെത്തിയ കുട്ടികൾക്ക് ഛർദിയും മറ്റു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. തുടർന്നു പാർക്ക് ജീവനക്കാരോട് പരാതി പറയുകയും ടിക്കറ്റ് തുക മടക്കി നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പുറമേ പാർക്കിലെ ജീവനക്കാർക്ക് മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധവും മറ്റും കാരണം ശാരീരിക അസ്വസ്ഥതകളും ഉണ്ടാവുന്നുണ്ട്. 

വിഷയത്തിൽ കോർപറേഷന് ഡിടിപിസി അധികൃതർ ഇന്നു പരാതി നൽകും. മുൻപും നഗരത്തിൽ സമാനമായ പരാതികൾ ഉയർന്നിരുന്നു. ചിൽഡ്രൻസ് പാർക്കിന് പുറമേ ആശ്രാമം ഗെസ്റ്റ് ഹൗസ്, ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം തുടങ്ങി പ്രധാനമായ പല കെട്ടിടങ്ങളും നിലനിൽക്കുന്ന പ്രദേശത്ത് നിന്നു ആളുകൾക്ക് ബുദ്ധിമുട്ടാവാത്ത സ്ഥലത്തേക്ക് ഇത് മാറ്റണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com