ADVERTISEMENT

പരവൂർ ∙ നെടുങ്ങോലം തിയറ്റർ ജംക‍്ഷൻ, ആശുപത്രി മുക്ക് എന്നിവിടങ്ങളിൽ രാത്രികാലങ്ങളിൽ മോഷണം പതിവാകുന്നു. മാരകായുധങ്ങളുമായി മോഷണത്തിനു എത്തുന്ന മോഷ്ടാവിനെ ഭയന്നു ജീവിക്കുകയാണ് നാട്ടുകാർ. മുൻകാലങ്ങളിൽ മോഷണം പതിവായതിനെ തുടർന്നു നാട്ടുകാർ ചാത്തന്നൂർ എസിപിക്ക് പരാതി നൽകിയിരുന്നു. തുടർന്നു പൊലീസ് പട്രോളിങ് ശക്തമാക്കിയതിനാൽ മോഷണങ്ങൾ നടന്നിരുന്നില്ല. 

 എന്നാൽ കഴിഞ്ഞ ആഴ്ചകളിൽ പൊലീസ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ തിരക്കിലായ സമയത്ത് മോഷണങ്ങൾ വീണ്ടും ആരംഭിക്കുകയായിരുന്നു. നെടുങ്ങോലം മാലാക്കായൽ കല്ലുവിളയിൽ വൃന്ദാവനത്തിൽ രാജിമോളുടെ വീട്ടിലായിരുന്നു ആദ്യം മോഷണം നടന്നത്. 

വീട്ടുകാർ വിദേശത്തായിരുന്നതിനാൽ വീടു പൂട്ടിയിട്ടിരിക്കുകയായിരുന്നു. ശുചിമുറിയുടെ ജനാലയുടെ കമ്പി വളച്ചു അകത്തു കയറിയ മോഷ്ടാവ് ടിവി, മിക്സി തുടങ്ങിയ വീട്ടുപകരണങ്ങളെല്ലാം കവർന്നു. അടുത്ത ദിവസം വീടിനുള്ളിൽ ലൈറ്റ് കത്തി കിടക്കുന്നത് കണ്ടതോടെയാണ് മോഷണം വിവരം നാട്ടുകാർ അറിയുന്നത്. തുടർന്ന് പരവൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പിന്നാലെ കഴിഞ്ഞ ദിവസം രാത്രി നെടുങ്ങോലം ആശുപത്രിമുക്ക് മിഥുനത്തിൽ ബിനുവിന്റെ വീട്ടിലും മോഷണം നടന്നിരുന്നു. പൂജാമുറിയിൽ സൂക്ഷിച്ചിരുന്ന വിളക്കുകളും പാത്രങ്ങളുമാണ് മോഷണം പോയത്. മോഷ്ടാവ് ഉപയോഗിച്ച കത്തിയും ചെരിപ്പുകളും വീട്ടുവളപ്പിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

രാത്രിയിൽ ചൂട് കഠിനമായതിനാൽ വീട്ടുകാർ പെട്ടെന്ന് ഉണരാനുള്ള സാധ്യത കണക്കിലെടുത്താണ് മോഷ്ടാവ് മാരകായുധങ്ങളുമായി മോഷണത്തിനെത്തുന്നതെന്നാണ് കരുതുന്നത്. ആശുപത്രിമുക്കിലെ തന്നെ മറ്റൊരു വീട്ടിലും മോഷണ ശ്രമം നടന്നിരുന്നെങ്കിലും വീട്ടുടമസ്ഥൻ ഉണർന്നു ബഹളം വച്ചതിനാൽ മോഷ്ടാവ് കടന്നുകളയുകയായിരുന്നു. മാലാക്കായൽ കാട്ടുവിള പഞ്ചായത്ത് കുളം കേന്ദ്രീകരിച്ചുള്ള ലഹരി സംഘങ്ങളാണ് മോഷണത്തിനു പിന്നിലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

 മാലാക്കായൽ കേന്ദ്രീകരിച്ചു വൻതോതിലുള്ള ലഹരി ഉപയോഗം നടക്കുന്നതായും നാട്ടുകാർ പറയുന്നു. വീടുകളെ കുറിച്ചു വ്യക്തമായ ധാരണയുള്ളവരാണ് ലഹരി ഉപയോഗത്തിനായി മോഷണം നടത്തുന്നതെന്നും പൊലീസ് പരിശോധന ശക്തമാക്കണമെന്നുമാണ് ആവശ്യം. മാലാക്കായൽ പ്രദേശത്തെ സർക്കാർ പുറമ്പോക്ക് ഭൂമിയിൽ തമ്പടിക്കുന്ന ലഹരി സംഘങ്ങൾ പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും പരാതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com