ADVERTISEMENT

കൊല്ലം ∙ കടുത്ത ചൂട് ജില്ലയിൽ കുടിവെള്ളത്തെയും ബാധിക്കുന്നു. പല മേഖലകളെയും കനത്ത വെയിൽ വരണ്ട സ്ഥിതിയിലേക്ക് എത്തിച്ചു കഴിഞ്ഞു. കൊല്ലം നഗരമേഖലയിൽ ഭൂഗർഭജലത്തിന്റെ അളവ് വളരെയധികം കുറഞ്ഞതിനാൽ വെള്ളത്തിന് പലരും പ്രതിസന്ധി നേരിടുകയാണ്. ഹോട്ടലുകൾ അടക്കമുള്ള കച്ചവട സ്ഥാപനങ്ങളെയും ഇതു ബാധിക്കുന്നു. എങ്കിലും വിവിധ കുടിവെള്ള പദ്ധതികളുടെ വെള്ളം കൊണ്ടാണ് നാട് മുന്നോട്ടു പോകുന്നത്. 

ഇത് ആവശ്യത്തിന് ലഭിക്കുന്നില്ലെന്നാണ് പരാതി . എന്നാൽ എല്ലാവർക്കും നൽകേണ്ടതിനാൽ ഓരോരുത്തകർക്കും ആവശ്യത്തിന് അനുസരിച്ചു നൽകാൻ കഴിയാത്തതാണെന്ന് അധികൃതരും വ്യക്തമാക്കുന്നു. 500 മുതൽ 800 രൂപ വരെ നൽകി വെള്ളം വാങ്ങേണ്ട സാഹചര്യത്തിലാണ് ജനം. തദ്ദേശ സ്ഥാപനങ്ങളുടെ ശക്തമായ ഇടപെടലാണ് ഈ സാഹചര്യത്തിൽ അനിവാര്യം.

നീർച്ചാലായി കല്ലടയാർ
തെന്മല പരപ്പാർ അണക്കെട്ടിന്റെ ജലസംഭരണ പ്രദേശം തുടങ്ങുന്ന നെടുവെണ്ണൂർക്കടവിൽ കല്ലടയാർ വറ്റി നീർച്ചാലായി . കല്ലടയാറ്റിൽ ഒഴുക്കു നിലച്ചതിനാൽ തീരങ്ങളിലെ കിണറുകളിൽ ജലദൗർലഭ്യം വർധിച്ചു. ബാലക ശ്രീധർമശാസ്താ ക്ഷേത്രത്തിനു സമീപത്തെ കല്ലടയാർ കടവിലും ജലവിതാനം താഴ്ന്നതോടെ തിരുമക്കൾ എന്ന മത്സ്യക്കൂട്ടങ്ങൾ ആഴങ്ങളിലേക്ക് മാറി. റോക്കവുഡ്, ചിതറ ശുദ്ധജല വിതരണ പദ്ധതികൾക്കു വെള്ളമെടുക്കുന്ന ഇരട്ടവള്ളക്കടവ് റോക്കവുഡ് കടവിലും മൈലമൂട് കടവിലും നീരൊഴുക്ക് നിലച്ചതോടെ പദ്ധതികളിലെ ജലവിതരണത്തെ അവതാളത്തിലാക്കി. തെന്മല, ആര്യങ്കാവ് അതിർത്തി മേഖലയിലെ ജലസ്രോതസ്സായ കഴുതുരുട്ടിയാർ വറ്റി വരണ്ടു. ആറ്റിൽ കുഴി കുത്തി വെള്ളം ശേഖരിച്ചാണു കഴുതുരുട്ടിയാറ്റിൻ തീരത്തെ വീടുകളിലെ ജലക്ഷാമത്തിനു വഴിതേടുന്നത്.

ശുദ്ധജല പദ്ധതികളെയും ബാധിക്കുന്നു
വെളിനല്ലൂർ പഞ്ചായത്തിലെ ആറ്റൂർകോണം ശുദ്ധജല പദ്ധതിയിൽ ജലക്ഷാമം മൂലം മിക്കപ്പോഴും പമ്പിങ് നിർത്തി വയ്ക്കേണ്ടി വരുന്നു . ഇത്തിക്കര ആറ്റിൽ ബണ്ട് കെട്ടിയാണ് പഞ്ചായത്തിലെ മുഴുവൻ ഭാഗങ്ങളിലും ജലം എത്തിക്കുന്നത്. പമ്പിങ് 20 ദിവസമായി നടക്കുന്നില്ല. 3 ദിവസത്തിനുള്ളിൽ‍ ജലവിതരണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.  പ്രശ്നത്തിന് പരിഹാരമായി ആറ്റിൽ തടയണ നിർമിക്കുന്ന പ്രവർത്തനം നടന്നു വരികയാണ്.

പൂതക്കുളം പഞ്ചായത്ത് മേഖലയിലും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. പുത്തൻകുളത്തെ ജപ്പാൻ കുടിവെള്ള പദ്ധതി ടാങ്കിൽ പരമാവധി സംരക്ഷണ ശേഷിയിൽ ജലം നിറയ്ക്കാത്തതിനാലാണ് കുടിവെള്ള പ്രശ്നം രൂക്ഷമായത്. പഞ്ചായത്തംഗങ്ങൾ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ചാത്തന്നൂരിലെ വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിക്കുന്ന അവസ്ഥ വരെ എത്തിയിരുന്നു പൂതക്കുളത്തെ കുടിവെള്ള ക്ഷാമം.

 ജലക്ഷാമം രൂക്ഷം
കൊടും ചൂടിൽ കുണ്ടറ മേഖലയിലെ മിക്ക പഞ്ചായത്തുകളിലും ശുദ്ധജല ക്ഷാമം അതിരൂക്ഷമായി . പെരിനാട് പ്രവർത്തനം നിലച്ച നാന്തിരിക്കൽ സുനാമി ജല വിതരണ പദ്ധതിയിലെ പമ്പിങ് ഇതുവരെ പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. കൊറ്റങ്കര, പേരയം, കിഴക്കേ കല്ലട, ഇളമ്പള്ളൂർ, കുളക്കട, പവിത്രേശ്വരം, നെടുവത്തൂർ, എഴുകോൺ പഞ്ചായത്തുകളിലെ മിക്ക സ്ഥലങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമാണ്. പഞ്ചായത്തിൽ നിന്നുള്ള ജലവിതരണം ആശ്വാസമാണെങ്കിലും വേണ്ടതിന്റെ പകുതി പോലും ലഭിക്കുന്നില്ല എന്നാണ് പരാതി.

പുക്കുളത്തെ വാട്ടർ അതോറിറ്റി ടാങ്കിലെ ചോർച്ച പരിഹരിക്കുന്നതിലുണ്ടാകുന്ന കാലതാമസം കാരണമാണ് പരവൂർ നഗരസഭയിൽ കുടിവെള്ള വിതരണം മുടങ്ങുന്നത്. കുടിവെള്ള പൈപ്പുകൾ പൊട്ടുന്നു എന്ന കാരണം പറഞ്ഞു കുറഞ്ഞ മർദത്തിലാണ് വാട്ടർ അതോറിറ്റി പുനലൂരിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നത്. ഇതിനാൽ നഗരസഭയിലെ പല പ്രദേശങ്ങളിലും ജല വിതരണം ആഴ്ചയിൽ കുറച്ചു ദിവസങ്ങൾ മാത്രമാണ് നടക്കുന്നത്.

 കുറുമണ്ടൽ, പൊഴിക്കര മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി വരികയാണ്. നഗരസഭയിൽ അമൃത് പദ്ധതി പൂർത്തിയാകുന്നതോടെ‍ 7000 കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ സാധിക്കും. ദേശീയപാത നിർമാണം ആരംഭിച്ചതോടെ കല്ലുവാതുക്കൽ പഞ്ചായത്തിലെ പാരിപ്പള്ളി എഴിപ്പുറം, ചാവർകോട്, കടമ്പാട്ടുകോണം, മുക്കട, കുളമട, കോട്ടയ്ക്കേറം എന്നീ ഭാഗങ്ങളിലും ജലവിതരണം സ്തംഭിച്ചിരിക്കുകയാണ്.

  കോൺക്രീറ്റ് ചെയ്തത് തിരിച്ചടി
ചാത്തന്നൂർ, ചിറക്കര പഞ്ചായത്ത് മേഖലകളിൽ കല്ലട ജലസേചന പദ്ധതിയുടെ കനാൽ പൂർണമായും കോൺക്രീറ്റ് ചെയ്തത് വലിയ തിരിച്ചടിയായി. കനാൽ കോൺക്രീറ്റ് ചെയ്യും മുൻപ് ജലവിതരണം ആരംഭിച്ചിരുന്നെങ്കിൽ അതിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഏലകളും തോടുകളും മറ്റും ജല സമൃദ്ധമാകുമായിരുന്നു. എന്നാൽ രണ്ട് വർഷം മുൻപ് കനാൽ കോൺക്രീറ്റ് ചെയ്തു. കനാലിൽ പൂർണതോതിൽ വെള്ളം എത്തിയാലും പൊട്ടി ഒഴുകാൻ ഒരു സാധ്യതയും ഇല്ലാത്ത സ്ഥലങ്ങൾ ഉൾപ്പെടെയാണ് കോൺക്രീറ്റ് ചെയ്തത്. ഇതോടെ ഭൂമിയിലേക്ക് വെള്ളം ഇറങ്ങുന്നത് നാമമാത്രമായി.

ചിറക്കരത്താഴം ലിഫ്റ്റ് ഇറിഗേഷനിൽ വെള്ളം എത്തിച്ചു പരവൂർ, പൂതക്കുളം മേഖലയിൽ കെഐപി കനാലിലൂടെ ജലവിതരണം നടത്താനാണ് കോൺക്രീറ്റിങ് നടത്തിയത്. എന്നാൽ കടുത്ത വേനലിൽ പോലും ചിറക്കരത്താഴം ലിഫ്റ്റ് ഇറിഗേഷൻ കമ്മിഷൻ ചെയ്യാൻ കഴിഞ്ഞില്ല. കനാൽ പൂർണമായും കോൺക്രീറ്റ് ചെയ്തത് കല്ലട ജലസേചന പദ്ധതിയുടെ ലക്ഷ്യം തന്നെ ചോദ്യം ചെയ്യുകയാണ്. കുടിവെള്ള ക്ഷാമം പരിഹരിക്കാനോ, കൃഷിക്കോ പ്രയോജനമില്ലാതെ കനാലിലൂടെ ഒഴുകുന്ന വെള്ളം പോളച്ചിറയിൽ എത്തി പരവൂർ കായലിലൂടെ കടലിൽ കടലിൽ പോവുകയാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com