ADVERTISEMENT

കൊല്ലം /ചാത്തന്നൂർ ∙ കനത്ത ചൂടിന് ആശ്വാസമായി ഇന്നലെ വൈകിട്ട് അരമണിക്കൂറോളം പെയ്ത വേനൽ മഴ. അതേസമയം നിർമാണം നടക്കുന്ന ദേശീയ പാതയിലെ ലിങ്ക് റോഡുകളും ഒ‍ാടകളും വെള്ളക്കെട്ടായി മാറി. പല സ്ഥലത്തും ഗതാഗതം താറുമാറായി. റോഡിനോട് ചേർന്ന താഴ്ന്ന സ്ഥലങ്ങളി‌ലെ കടകളിൽ വെള്ളം കയറി. ‌പാരിപ്പള്ളി കടമ്പാട്ടുകോണം, പാരിപ്പള്ളി വില്ലേജ് ഓഫിസിനു സമീപം, ചാത്തന്നൂർ പൊലീസ് സ്റ്റേഷനു സമീപം, ചാത്തന്നൂർ ടെംപോ സ്റ്റാൻഡ്, പെട്രോൾ പമ്പ്, തിരുമുക്ക് തുടങ്ങിയ ഭാഗങ്ങളിൽ ദേശീയപാത വെള്ളത്തിൽ മുങ്ങി.

പാരിപ്പള്ളി-പരവൂർ റോഡിൽ പാരിപ്പള്ളി ജംക്‌ഷനു സമീപം കടകളിലും അരി ഗോഡൗണിലും വെള്ളം കയറി. ഇവിടെ റോഡ് നവീകരിച്ചു ഓട നിർമിച്ചെങ്കിലും കടകളിലും വീടിന്റെ ചുറ്റിലും വെള്ളം കയറുകയായിരുന്നു. ഗോഡൗണിൽ വെള്ളം അരി നശിച്ചു. സമീപത്തെ ഇലക്ട്രോണിക്സ് കട ഉൾപ്പെടെ ഏതാനും കടകളിലും വെള്ളം കയറി നാശനഷ്ടം ഉണ്ടായി. സമീപത്തെ വീടിന്റെ സിറ്റൗട്ട് വരെ വെള്ളം ഉയർന്നു. വെള്ളം വറ്റിയതോടെ വീടിന്റെ പരിസരം ചെളി നിറഞ്ഞു.

മഴയിൽ ചാത്തന്നൂർ കാരംകോട് സ്പിന്നിങ് മില്ലിനു സമീപം മരം വീണു വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മിന്നലിനെ തുടർന്ന് ചാത്തന്നൂർ ഉളിയനാട് ഭാഗത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.വാഴപ്പള്ളി, മേവറം ഭാഗത്തെ ഒ‍ാടയ്ക്കെടുത്ത കുഴികളിൽ വെള്ളം കയറി. മേവറം മുതൽ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രി വരുന്ന ബൈപാസ് റോഡിലാണ് വലിയ വെള്ളക്കെട്ട് അനുഭവപ്പെട്ടത്.

ജില്ല അതിർത്തിക്കു സമീപം കടമ്പാട്ടുകോണത്തിനു മുക്കടയ്ക്കും ഇടയിൽ സർവീസ് റോഡ് വെള്ളത്തിലായി. സർവീസ് റോഡിൽ നിന്നും വീടുകളിലേക്ക് കയറാനോ ഇറങ്ങാനോ കഴിയാത്ത അവസ്ഥയായിരുന്നു. ഇവിടെ ഓട ഉണ്ടെങ്കിലും ആദ്യ മഴയിൽ തന്നെ സർവീസ് റോഡ് കായൽ കണക്കായി.

പാരിപ്പള്ളി വില്ലേജ് ഓഫിസ് ജംക്‌ഷനിലെ വെള്ളക്കെട്ട് ഗതാഗതത്തിനു തടസ്സമായി. ചെറിയ വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. ബൈക്ക്-സ്കൂട്ടർ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിയത്. വെള്ളം കയറി ഇരുചക്രവാഹനങ്ങൾ തകരാറിലായി.ചാത്തന്നൂരിലും സമാന അവസ്ഥയുണ്ടായി. മേൽപാത നിർമാണത്തിന്റെ ഭാഗമായി മണ്ണിട്ടു ഉയർത്തിയതോടെ ഇതിനോട് ചേർന്നുള്ള റോഡ് വെള്ളത്തിൽ മുങ്ങിയത് ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു

.2 ദിവസമായി നല്ല മഴക്കാറ് ഉണ്ടായിരുന്നെങ്കിലും ഇന്നലെ വൈകിട്ടോടെ ശക്തമായ മിന്നലോടെയാണ് മഴ പെയ്തത്. മഴ തകർത്തു പെയ്തതോടെ തീരദേശത്തുള്ളവർ പ്രായഭേദമെന്യേ മഴയത്ത് ഇറങ്ങി ആസ്വദിച്ചു. മാസങ്ങളായി അനുഭവിച്ചു വരുന്ന കടുത്ത ചൂടിന് ഏറെ ആശ്വാസകരമായിരുന്നു വേനൽമഴ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com