ADVERTISEMENT

വിളക്കുടി∙ ശുദ്ധജലം വിതരണം ചെയ്യുന്നതിൽ പക്ഷപാതം ആരോപിച്ച് എമ്മിന്റെ തന്നെ പഞ്ചായത്തംഗവും പ്രവർത്തകരും തമ്മിൽ കയ്യാങ്കളി . വിളക്കുടി പഞ്ചായത്ത് രണ്ടാം വാർഡംഗം ബി.ഷംനാദിനെതിരെയാണ് പ്രതിഷേധമുണ്ടായത്. ടാങ്കറിലെത്തിക്കുന്ന ശുദ്ധജലം സമീപത്തുള്ള വീടുകളിൽ നൽകുമ്പോഴും ചില വീടുകളിൽ നൽകാത്തത് നാട്ടുകാർ ചോദ്യം ചെയ്തു.

ബി.ഷംനാദ് പറഞ്ഞാലെ വെള്ളം തരാൻ കഴിയൂവെന്ന് ടാങ്കർ ലോറി ഡ്രൈവർ നിലപാടെടുത്തു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്തംഗം പ്രതിഷേധിച്ചവരോട് കയർത്ത് സംസാരിച്ചതോടെയാണ് പ്രശ്നം വഷളായത്. ഡിവൈഎഫ്ഐ മുൻ മേഖലാ പ്രസിഡന്റ് റാഫിയുടെ നേതൃത്വത്തിൽ സംഘടിച്ച നാട്ടുകാർ പഞ്ചായത്തംഗവുമായി കയ്യാങ്കളിയിലേക്ക് നീങ്ങി. പൊലീസ് എത്തിയാണ് ഇവരെ നീക്കിയത്.

ഒരാഴ്ച മുൻപ് ബ്ലോക്ക് പഞ്ചായത്തംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ സി.സജീവന്റെ സഹോദരന്റെ വീട്ടിലും ടാങ്കറിലെ ശുദ്ധജലം നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. അവിടെയും രണ്ടാം വാർഡ് അംഗം പറഞ്ഞാലേ വെള്ളം തരാൻ കഴിയൂവെന്നായിരുന്നു ടാങ്കർ ലോറി ഡ്രൈവറുടെ നിലപാട്. ഇത് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ സംഘർഷമായി. ഒടുവിൽ പാർട്ടി നേതൃത്വം ഇടപെട്ട് താക്കീത് നൽകി പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു. 

പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങളും ശുദ്ധജല വിതരണ വിഷയത്തിൽ പ്രതിഷേധത്തിലാണ്. ഇളമ്പലിൽ മൂന്നു കുടിവെള്ള ലോറികൾ തടഞ്ഞായിരുന്നു ഒരു ദിവസത്തെ പ്രതിഷേധം. അന്നും പഞ്ചായത്ത് പ്രസിഡന്റും ബി.ഷംനാദും ഉൾപ്പെടെയുള്ളവർ യുഡിഎഫ് അംഗത്തിന്റെ വാർഡിലേക്ക് വെള്ളം നൽകാൻ കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. 

ഒടുവിൽ സിപിഎം നേതൃത്വം ഇടപെട്ട് ഇവരുടെ നിലപാടിനെ തള്ളി, യുഡിഎഫ് അംഗത്തിന്റെ വാർഡിൽ വെള്ളം എത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. പേപ്പർമിൽ വാർഡിൽ കുടിവെള്ളം എത്തിക്കുന്നില്ലെന്ന് ആരോപിച്ച് സ്ഥിരം സമിതി അധ്യക്ഷൻ ഷിബുദ്ദീൻ പഞ്ചായത്ത് ഓഫിസിൽ കുളിച്ച് പ്രതിഷേധിച്ച സാഹചര്യവുമുണ്ടായി.സംഭവങ്ങളിൽ പാർട്ടി നേതൃത്വത്തിനു കടുത്ത അമർഷത്തിലാണ്.

 ശുദ്ധജല വിതരണത്തിൽ അഴിമതി: കോൺഗ്രസ്വിളക്കുടി പഞ്ചായത്തിലെ ശുദ്ധജല വിതരണത്തിൽ അഴിമതിയെന്ന് കോൺഗ്രസ് ആരോപിച്ചു. ടെൻഡർ നൽകിയ തുകയും ലോറി ഡ്രൈവർമാർക്ക് ലഭിക്കുന്ന തുകയും പരിശോധിക്കണം. പ‍ഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർ നേരിട്ട് ഇടപെട്ട് നടത്തിയിരുന്ന ശുദ്ധജല വിതരണത്തിൽ ചില അംഗങ്ങളാണ് നേതൃത്വം നൽകുന്നത്. 

 ജല വിതരണത്തിൽ ക്രമക്കേട് ഉണ്ടെന്നു ആരോപണം ഉയർന്നിട്ടും ഈ പഞ്ചായത്തംഗത്തെ നേതൃത്വത്തിൽ നിന്നു മാറ്റാൻ ഭരണസമിതിയും പാർട്ടി നേതൃത്വവും തയാറാകത്തതിനു കാരണവും അഴിമതി പുറത്ത് അറിയുമോയെന്ന ഭയം മൂലമാണെന്നും കോൺഗ്രസ് തലവൂർ മുൻ ബ്ലോക്ക് പ്രസിഡന്റ് ജെ.ഷാജഹാൻ, മണ്ഡലം പ്രസിഡന്റുമാരായ ജെ.കെ.നന്ദകുമാർ, കോശി ചെറിയാൻ, പഞ്ചായത്തംഗങ്ങളായ ഷാഹുൽ കുന്നിക്കോട്, ആശാ ബിജു, ഷിബുദ്ദീൻ, ആർ.അജയകുമാർ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com