ADVERTISEMENT

കൊല്ലം ∙ തീരാത്ത ഭീതിയുമായി തിരമാലകളെ നോക്കി നിൽക്കുകയാണ് കഴിഞ്ഞ കുറെ നാളുകളായി തീരദേശ വാസികൾ. സാധാരണ കടലേറ്റത്തിന്റെ പുറമെയാണ് ഇപ്പോൾ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണം രൂക്ഷമാകുമെന്ന മുന്നറിയിപ്പുകളും. ജോലിക്ക് പോകാതെ ആശങ്കയോടെ കഴിയുകയാണ് തീരദേശ വാസികൾ. കഴിഞ്ഞ ദിവസം അതിതീവ്ര ജാഗ്രത നിർദേശവും റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നതിനാൽ ഉറക്കം പോലുമില്ലാതെ മാറി മാറി കാവലിരുന്നാണ് പ്രദേശവാസികൾ കഴിച്ചു കൂട്ടിയത്. 

ഇന്നലെ ഉച്ചയോടെ റെഡ് അലർട്ട് പിൻവലിച്ചു ഓറഞ്ച് അലർട്ടാക്കിയതിന്റെ ആശ്വാസമുണ്ടെങ്കിലും ആശങ്കകളോടെയാണ് കടലോരത്ത് താമസിക്കുന്നവർ കഴിയുന്നത്. ഇന്നലെ പുലർച്ചെ മുതൽ ശക്തമായ കടലാക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും കടൽ ഇന്നലെ ഏറെക്കുറെ ശാന്തമായിരുന്നു. അതേസമയം മുന്നറിയിപ്പ് കഴിഞ്ഞുള്ള സമയങ്ങളിൽ കടൽ ആഞ്ഞടിച്ച സന്ദർഭങ്ങൾ മുൻപ് ഉണ്ടായിട്ടുള്ളതിനാൽ ജാഗ്രതയോടെയാണ് തീരവാസികൾ. അപ്രതീക്ഷിതമായാണ് പലപ്പോഴും കടൽ കരയെടുക്കുന്നതെന്നും ഇവർ പറയുന്നു.ജില്ലയിൽ മുണ്ടയ്ക്കൽ വെടിക്കുന്ന് ഭാഗത്താണ് കടലാക്രമണ ഭീഷണി രൂക്ഷം.

ഏപ്രിൽ തുടക്കത്തിൽ ശക്തമായി ആഞ്ഞടിച്ച തിരമാലകളിൽപ്പെട്ട് വലിയ നാശനഷ്ടമാണ് പ്രദേശത്ത് ഉണ്ടായത്. തുടർന്നു 15 മണിക്കൂറോളം റോഡുകൾ ഉപരോധിച്ചു പ്രദേശവാസികൾ പ്രതിഷേധിച്ചിരുന്നു. മേഖലയിൽ പുലിമുട്ട് സ്ഥാപിക്കാനുള്ള നടപടി ഇതോടെ അധികൃതർ വേഗത്തിലാക്കിയിരുന്നു. എന്നാൽ പിന്നീട് വിഷയത്തിൽ അധികൃതർ ഇടപെട്ടില്ലെന്നും ഇനിയും നിർമാണം വൈകരുതെന്നുമാണ് പ്രദേശവാസികൾ ആവശ്യം.കഴിഞ്ഞ ദിവസം തകർന്ന തോപ്പ് ഇടവകയിലെ സെന്റ് ജോർജ് ചാപ്പലിന് സമീപത്തെ സാഹചര്യം അതീവ ഗുരുതരമാണ്.

താന്നി പുലിമുട്ടിന് ശേഷം ചാപ്പലിന്റെ ഭാഗത്തോളം കടലോരത്തുള്ള വലിയ കല്ലുകൾ തിരമാലയുടെ ശക്തി കുറയ്ക്കുന്നുണ്ട്. എന്നാൽ ചാപ്പലിന് ഇപ്പുറം കല്ലുകൾ ഇല്ലാത്തതിനാലും പൂഴി മണ്ണായതിനാലും കടൽ കരയെ ഊറ്റിയെടുക്കാനുള്ള സാധ്യത കൂടുതലാണ്. ഈ 300 മീറ്ററോളം ഭാഗത്ത് വലിയ കല്ലുകൾ ഇട്ടാൽ താൽക്കാലികമായെങ്കിലും മേഖലയിലെ വീടുകൾക്ക് ആശ്വാസം ലഭിക്കും.പുനർഗേഹം വഴി പണം കിട്ടാത്തവരും കുറച്ചു ലഭിച്ചവരും പദ്ധതിയിൽ ഉൾപ്പെടാത്തവരുമെല്ലാം പ്രദേശത്തുണ്ട്. വീട് ഉപേക്ഷിച്ചു പോയാൽ നഷ്ടപരിഹാരമോ പദ്ധതിത്തുകയോ ലഭിക്കില്ലെന്ന ഭയത്തിൽ അതീവ അപകട മേഖലയിൽ ഇപ്പോഴും തുടരുന്നവരും കുറവല്ല.

ഒരു മാസമായി കുടിവെള്ളത്തിനും വലിയ ബുദ്ധിമുട്ടാണ് ഇവർ നേരിടുന്നത്. പൈപ്പുകൾ കടലാക്രണത്തിൽ പൊട്ടിയതിനാൽ വീണ്ടും സ്ഥാപിക്കുന്ന പണികൾ മേഖലയിൽ തുടരുകയാണ്. കുടിവെള്ളം വാങ്ങാൻ കഴിയാത്തതിനാൽ കുടിക്കാൻ ശുദ്ധമല്ലാത്ത വെള്ളം ഉപയോഗിക്കുന്നവരും പ്രദേശത്ത് കുറവല്ല. ഓരോ ദിവസം കടന്നു പോകുമ്പോഴും കടൽക്ഷോഭത്തിൽ വീടുകളും കടകളും വഴികളുമെല്ലാം ഒന്നൊന്നായി നഷ്ടപ്പെടുന്നത് നോക്കി നിൽക്കാൻ മാത്രമേ കടലോരത്തെ ജനങ്ങൾക്ക് ഇപ്പോൾ സാധിക്കുന്നുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com