ADVERTISEMENT

തെന്മല ∙ തിരുമംഗലം ദേശീയപാതയിലെ അതീവ അപകടമേഖലകളിൽ സ്ഥാപിച്ച സുരക്ഷാ വേലികൾ (ക്രാഷ് ബാരിയർ) ഭൂരിഭാഗവും നശിച്ചതോടെ പ്രദേശത്തു വൻഅപകട ഭീഷണി. തെന്മല മുതൽ കഴുതുരുട്ടി വരെ വീതികുറവായ പാതയിലും എംഎസ്എൽ ഭാഗത്തും വാഹനാപകടങ്ങളിൽ സുരക്ഷാ വേലികൾ പൂർണമായും തകർന്ന നിലയിലാണ്. 13 കണ്ണറ പാലത്തിനു സമീപം ദേശീയപാത ഇടിഞ്ഞു തകർന്നു. കുഴിയിൽ അകപ്പെടുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ വൈകുന്നതോടെ പാതയിൽ ഗതാഗത സ്തംഭനവും ആയി.

കഴുതുരുട്ടി പുതിയ പാലത്തിൽ വിള്ളലുകൾ രൂപപ്പെട്ടു തകർച്ചയിലായിട്ടും പരിഹരിക്കാൻ നടപടിയില്ല. മുരുകപ്പൻചാൽ പാലത്തിലെ കുഴിയുടെ ആഴം വലുതായിട്ടും നികത്തി പ്രതിസന്ധി പരിഹരിക്കുന്നില്ല. ഇതോടെ കെണിയിൽ കുടുങ്ങുകയാണു വാഹനങ്ങൾ. ആക്സിൽ ഒ‌ടിഞ്ഞു പല വാഹനങ്ങളും കുഴിയിൽ അകപ്പെട്ടതോടെ വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാകുന്നത്. കുഴിയിൽ അകപ്പെടാതിരിക്കാൻ പാലം ഒഴിവാക്കി പഴയ പാലത്തിലൂടെയായി ഗതാഗതം. കഴുതുരുട്ടി മുതൽ തെന്മല വരെ ദേശീയപാതയുടെ വീതി കുറവാണ്. കൊടുംവളവുകളുള്ള എംഎസ്എല്ലിൽ പാതയുടെ വശം വലിയ കൊക്കയാണ്.

ബസുകൾക്കും ചരക്കുലോറികൾക്കും ഇരുദിശയിലേക്കും ഒരേസമയം പോകാനാകാത്ത വീതി കുറവായ ഭാഗമാണ് എംഎസ്എൽ. ചെറിയ അശ്രദ്ധ വന്ന് അപകടം സംഭവിച്ചാൽ ചെന്നെത്തുക 50 അടിയിലേറെ താഴ്ചയിൽ കഴുതുരുട്ടിയാറിലേക്കാകും. പതിവാകുന്ന അപകടങ്ങളിൽ സുരക്ഷാ വേലികൾ പൂർണമായും തകരുകയായിരുന്നു. 13 കണ്ണറ പാലത്തിനു സമീപത്തെ സുരക്ഷാ വേലികളും തകർന്നു. ഇതോടെ നിയന്ത്രണം വിടുന്ന വാഹനങ്ങളെ തടഞ്ഞു നിർത്താനുള്ള സംവിധാനം ഇല്ലാതായതാണു വലിയ അപകട ഭീഷണി മേഖലയിൽ ആയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com