ADVERTISEMENT

എഴുമാന്തുരുത്ത് ∙ കരിയാറിലും തോടുകളിലും പോളയും പുല്ലും തിങ്ങി നിറഞ്ഞ് ചീഞ്ഞഴുകുന്നു. പടിഞ്ഞാറൻ പ്രദേശവാസികൾ ദുരിതത്തിൽ. നീരൊഴുക്കു നിലച്ച് മലിനമായ നിലയിലാണ് മേഖലയിലെ എല്ലാ തോടുകളും . കല്ലറ പഞ്ചായത്തിന്റെ ഒന്നാം വാർഡിന്റെ വടക്കേയറ്റം മുതലും തലയോലപ്പറമ്പ് പഞ്ചായത്തിന്റെ തെക്കേയറ്റം മുതലും കെ.വി.കനാലിൽ പോളയും പുല്ലും പായലും നിറഞ്ഞ് തിങ്ങി നിൽക്കുകയാണ്. വ‌ടയാർ മനക്കക്കരി പൊന്നുരുക്കും പാറ മുതൽ വടയാർ മനയ്ക്കച്ചിറ തോട്ടകം വരെ നാലു കിലോമീറ്റർ ദൂരത്തിൽ പോളയും പുല്ലും തിങ്ങി.

പാടശേഖരങ്ങളിൽ നിന്നും പുറത്തേക്ക് തള്ളിവിടുന്ന രാസ മാലിന്യങ്ങളും ഈ പുഴയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ബാധിച്ചിട്ടുണ്ട്. ഇത് മറികടക്കുന്നതിനായി കോട്ടയം ആലപ്പുഴ കലക്ടർമാരുടെ നേതൃത്വത്തിൽ കാർഷിക കലണ്ടർ നിലവിലുണ്ട്. കലണ്ടർ പ്രകാരം വാർഷിക ഇടവേളകളിൽ സ്പിൽവേ തുറന്ന് ഒരു വെള്ളം കയറ്റി വിടേണ്ടതാണ്. എന്നാൽ നാളിതുവരെ സ്പിൽവേ തുറക്കാൻ നടപടികൾ ഉണ്ടായിട്ടില്ല. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കുന്നതിനോടൊപ്പം തുറക്കേണ്ടതാണ് കരിയാർ സ്പിൽവേ ഷട്ടറുകളും. എന്നാൽ തണ്ണീർമുക്കം ബണ്ടിലെ ഷട്ടറുകൾ ഈ മാസം ആദ്യം തുറന്നെങ്കിലും കരിയാർ സ്പിൽവേ ഷട്ടറുകൾ തുറന്നില്ല.

പടിഞ്ഞാറൻ മേഖലയിൽ ശുദ്ധജലത്തിനായി പാത്രങ്ങൾ വീടുകൾക്കു മുൻപിൽ നിരത്തിയിരിക്കുന്നു. പഞ്ചായത്ത് എത്തിച്ചു നൽകുന്ന വെള്ളമാണ് ഇവരുടെ ആശ്രയം
പടിഞ്ഞാറൻ മേഖലയിൽ ശുദ്ധജലത്തിനായി പാത്രങ്ങൾ വീടുകൾക്കു മുൻപിൽ നിരത്തിയിരിക്കുന്നു. പഞ്ചായത്ത് എത്തിച്ചു നൽകുന്ന വെള്ളമാണ് ഇവരുടെ ആശ്രയം

പ്രദേശത്തെ ഉൾനാടൻ മത്സ്യതൊഴിലാളികൾക്കും ടൂറിസം മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ഈ പ്രദേശത്തെ ടൂറിസം സംരംഭകരും വലിയ ബുദ്ധിമുട്ടിലാണ്. ബോട്ടുകളും ശിക്കാരി വള്ളങ്ങളും തോടുകളിലൂടെ സഞ്ചരിക്കാൻ കഴിയുന്നില്ല. കല്ലറ, കടുത്തുരുത്തി പഞ്ചായത്തുകളിലെ പല കടവുകളും പായലും പോളയും ചീഞ്ഞ് ഉപയോഗിക്കാൻ കഴിയില്ല. തുണി നനയ്ക്കാനും കുളിക്കാനും പ്രാഥമിക കാര്യങ്ങൾക്കും ഇപ്പോൾ വള്ളത്തിൽ ദൂരസ്ഥലങ്ങളിൽ പോയാണ് വെള്ളം ശേഖരിക്കുന്നത്. കൂടാതെ വർഷ കൃഷിക്കായി പാടം ഉണക്കിയിടാൻ പാടശേഖരങ്ങളിലെ വെള്ളം തോടുകളിലേക്ക് മോട്ടർ ഉപയോഗിച്ച് അടിക്കുകയാണ്. നീരൊഴുക്കു നിലച്ചതിനാൽ മലിന ജലം തോടുകളിൽ കെട്ടി നിൽക്കുന്നു.

പോളയും പുല്ലും ചീഞ്ഞഴുകിയതോടെ കനാലിലെ വെള്ളം ദുർഗന്ധം വമിച്ചു മലിനമായ സ്ഥിതിയിലാണ്. കല്ലറ പഞ്ചായത്തിലെ ഒന്നാം വാർഡുകാർ വള്ളത്തിലെത്തി വടയാറിലും എഴുമാന്തുരുത്തിലും എത്തിയാണ് ശുദ്ധജലം എടുത്തിരുന്നത്. പോളയും പുല്ലും അഴുകിയതോടെ പല കുടുംബങ്ങളും ശുദ്ധജലത്തിനായി ബുദ്ധിമുട്ടുകയാണ്. സ്പിൽവേ തുറന്നാൽ ഓരുവെള്ളം കയറി വേമ്പനാട് കായലിന്റെ പ്രധാന കൈവഴികളിൽ ഒന്നായ കരിയാറിലെ പോളയും പുല്ലും നീങ്ങും. ആയിരക്കണക്കിന് ഏക്കർ പാടശേഖരങ്ങൾക്കും ടൂറിസത്തിനും സഹായകരമാകും. പല തവണ ജനപ്രതിനിധികളും കർഷക സംഘടനകളും ആവശ്യപ്പെട്ടിട്ടും സ്പിൽവേ തുറന്ന് ഓരുവെള്ളം കയറ്റാൻ അധികൃതർ തയാറാകുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com