ADVERTISEMENT

മണർകാട് ∙ 12 നാൾ നീളുന്ന ആഘോഷത്തിന്റെ കാർണിവലിലേക്ക് ആവേശത്തോടെ നാട് മിഴി തുറക്കുന്നു. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ചു നടക്കുന്ന ‘മണർകാട് കാർണിവൽ 2കെ24’ ന് മേയ് 1 ന് തുടക്കമാകും.

രുചികളുടെ പെരുന്നാൾ
വിവിധ രാജ്യങ്ങളിൽ നിന്നു കടൽ കടന്നു വന്ന രുചികളും കുട്ടനാട്ടിൽ നിന്നു കായൽ കയറി എത്തിയ ഭക്ഷ്യ വിഭവങ്ങളുമായി വായിൽ കപ്പലോടിക്കാൻ ഒരുങ്ങുന്ന ഭക്ഷ്യമേളയാണ് കാർണിവലിന്റെ പ്രധാന ആകർഷണം. അമേരിക്കൻ, അറബിക്, തായ്, ഇറാനിയൻ തുടങ്ങിയ വിദേശ രുചികളും കുട്ടനാടൻ, കുമരകം വിഭവങ്ങളും വിളമ്പുന്ന പത്തിലധികം സ്റ്റാളുകൾ ഭക്ഷ്യ മേളയിൽ പ്രവർത്തിക്കും. ജൂസ്, കേക്ക് തുടങ്ങിയവയ്ക്കും പ്രത്യേക സ്റ്റാളുകളുണ്ട്.

കലാവിരുന്നുകൾ
സായാഹ്നങ്ങളെ കലാ ലഹരിയിൽ അലിയിക്കാൻ വിവിധ പരിപാടികളാണ് ഉള്ളത്. നാലാം തീയതി വരെ വൈകിട്ട് 4 മുതൽ 7.30 വരെ സംഗീത സന്ധ്യകൾ നടക്കും. നാളെ ഗൗതം പ്രസാദ് ലൈവ് ബാൻഡിന്റെ സംഗീത സന്ധ്യ, 2നു ഇല്ലം ബാൻഡ് വയലിൻ ഫ്യൂഷൻ, 3ന് 7.30 കാരമേൽ ബാൻഡ് മ്യൂസിക് കൺസേർട്ട്, 4 ന് വൈകിട്ട് 6 ന് പള്ളിയിലെ ഭക്തസംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്തിൽ വിവിധ കലാസാംസ്കാരിക പരിപാടികളും 8 ന് അഗോചരം ബാൻഡ് എഫ്ടി സൂരജ് ലൈവിന്റെ മെലഡി മ്യൂസിക് നൈറ്റും നടക്കും. 5ന് വൈകിട്ട് 6ന് കേരളീയ പ്രാചീന നാടൻ കലാവേദിയുടെ വയലിൻ ചെണ്ടമേളം ഫ്യൂഷനും നടക്കും.

വിനോദങ്ങൾ വിവിധതരം
അദ്ഭുതം, സാഹസം തുടങ്ങി കാണാക്കാഴ്ചകളുമായാണ് അമ്യൂസ്മെന്റ് പാർക്ക് ഒരുങ്ങുന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമായി 12ൽ അധികം വിനോദങ്ങളാണ് അമ്യൂസ്മെന്റ് പാർക്കിലുള്ളത്. വിവിധ തരം റൈഡുകൾ, തൊട്ടിലാട്ടം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഷോപ്പിങ്ങിന് ആഗ്രഹിക്കുന്നവർക്കും പ്രത്യേക ഇടങ്ങൾ ഒരുക്കിയിട്ടുണ്ട്. വാഹനങ്ങളുടെ പ്രദർശനത്തിനും സ്റ്റാളുകളുണ്ട്.

ഒരുക്കങ്ങൾ പൂർണം
കത്തീഡ്രലിന്റെ വടക്ക് വശത്തെ മൈതാനിയിൽ നടക്കുന്ന കാർണിവൽ നാളെ ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ആയിരക്കണക്കിന് ആളുകൾ കാർണിവലിന് എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കത്തീഡ്രൽ സഹവികാരിയും പ്രോഗ്രാം കോഓർഡിനേറ്ററുമായ കുര്യാക്കോസ് കിഴക്കേടത്ത് കോറെപ്പിസ്കോപ്പ, ജില്ല പഞ്ചായത്ത് അംഗം റെജി എം. ഫിലിപ്പോസ്, മണർകാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ബിജു, പഞ്ചായത്തംഗം ഫിലിപ് കിഴക്കേപ്പറമ്പിൽ, കത്തീഡ്രൽ ട്രസ്റ്റിമാരായ പി.എ.ഏബ്രഹാം പഴയിടത്തുവയലിൽ, വർഗീസ് ഐപ് മുതലുപടിയിൽ, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, സെക്രട്ടറി വി.ജെ.ജേക്കബ് വാഴത്തറ എന്നിവർ നേതൃത്വം നൽകും.

English Summary:

Manarkad Carnival 2K24 Kicks Off: A Spectacle of Culture, Cuisine, and Celebration!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com