ADVERTISEMENT

എരുമേലി ∙ പകൽ സമയത്തെ കടുത്ത ചൂട് വീടുകളിൽ കഴിയുന്ന മുതിർന്നവർക്കും കുട്ടികൾക്കും സ്ത്രീകൾക്കും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. വിവിധ രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവരെയാണ് ചൂട് കാര്യമായി ബാധിക്കുക. വൃക്കരോഗികൾ, ഹൃദ്രോഗികൾ, മൂത്രാശയ രോഗമുള്ളവർ തുടങ്ങി വിവിധ ഗുരുതര രോഗങ്ങൾ ഉള്ളവരെ ചൂട് ബാധിക്കുന്നുണ്ട്.

വീടിനുള്ളിൽ കഴിയുന്നവർ ശ്രദ്ധിക്കുക
∙ ചൂടു കാലത്ത് കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
∙ ഫാൻ മുഴുവൻ സമയവും ഇട്ടു കിടക്കുന്നത് ശരീരം ഡ്രൈ ആക്കുന്നതിനു കാരണമാകും. തൊണ്ടയിൽ അലർജി ഉണ്ടാകുന്നതിനും ചുമയ്ക്കും സാധ്യതയുണ്ട്.
∙ എസി ഉപയോഗിച്ച് പൂർണസമയവും ഉറങ്ങുന്നവർ 24 ‍‍- 26 ഡിഗ്രിയിൽ തണുപ്പ് ക്രമീകരിക്കുന്നതാണ് നല്ലത്.
∙ എസിയുടെ തുടർച്ചയായ ഉപയോഗം മൂലം നിർജലീകരണം അറിയാതെ പോകും. വെള്ളം കുടിക്കുന്നത് കുറഞ്ഞാൽ നിർജലീകരണം മൂലമുള്ള അസുഖങ്ങൾ, മൂത്രത്തിൽ അണുബാധ എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്.
∙ പകൽ സമയത്ത് തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
∙ മസാലകൾ അമിതമായി ഉപയോഗിക്കുന്ന ഭക്ഷണം ഒഴിവാക്കി സാലഡുകൾ, ശരീരത്തിനു കുളിർമ പകരുന്ന പഴവർഗങ്ങൾ എന്നിവ കൂടുതലായി കഴിക്കുക.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ശ്രീത ശ്രീനിവാസ്  ഫിസിഷ്യൻ, മാർ സ്ലീവാ മെഡിസിറ്റി, പാലാ

ആറ്റിലെ വെള്ളം കുറഞ്ഞതെന്ത്?
കോട്ടയം ∙ ജില്ലയിലെ നദികളിലെ ജലനിരപ്പ് താഴ്ന്നു പോയതിന് ഒരു കാരണം വേമ്പനാട് കായലിലെ ജലനിരപ്പിൽ വന്ന അസാധാരണമായ കുറവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വേമ്പനാട് കായലിലെ ജല നിരപ്പിൽ കാര്യമായ കുറവു വന്നിരുന്നതായി കുട്ടനാട് കായൽകൃഷി ഗവേഷണ കേന്ദ്രത്തിന്റെ പഠനം വ്യക്തമാക്കുന്നു. തണ്ണീർമുക്കം ബണ്ട് തുറക്കും മുൻപ് വേമ്പനാട് കായലിലെ ജലനിരപ്പ് സമുദ്ര നിരപ്പിൽ നിന്ന് 25 സെന്റീമീറ്റർ ഉയരത്തിൽ മാത്രം എത്തി. ഇതു കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു കുറവാണ്.

മാർച്ചിലാണ് 25 സെന്റീ മീറ്റർ ജലനിരപ്പ് രേഖപ്പെടുത്തിയത്. തണ്ണീർമുക്കം ബണ്ട് അടച്ചിട്ടിരുന്ന ഈ സമയത്ത് ജലനിരപ്പ് നന്നായി താഴ്ന്നു. ഈ സമയം ആറുകളിലെ വെള്ളത്തിലും കാര്യമായ കുറവുവന്നു. ഏപ്രിൽ ആദ്യവും 25–30 സെന്റീമീറ്റർ ഉയരം മാത്രമായിരുന്നു ജലനിരപ്പ്. ശരാശരി 35–40 സെന്റീമീറ്റർ ഉയരത്തിൽ കഴിഞ്ഞ വർഷം ഇതേ സമയത്ത് ജലനിരപ്പുണ്ടായിരുന്നു. ഏപ്രിൽ പകുതിയിൽ തണ്ണീർമുക്കം ബണ്ട് തുറന്നതോടെ ജലനിരപ്പ് ഉയർന്നു. ഇന്നലെ 45.71 സെന്റീമീറ്റർ ഉയരത്തിൽ കായലിൽ വെള്ളമുണ്ട്.

എസി ബസിൽ തിരക്കേറി
കോട്ടയം ∙ ജില്ലയിൽ ചൂട് 38 ഡിഗ്രി പിന്നിട്ടതോടെ അതിജീവനത്തിന് പല മാർഗങ്ങൾ പരീക്ഷിക്കുകയാണ് ജനം. കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ യാത്ര ഉപേക്ഷിച്ച് എസി ലോഫ്ലോർ ബസുകളിൽ യാത്രക്കാരുടെ തിരക്കായി. എസി ബസുകളിൽ ബുക്കിങ് വർധിച്ചതായും കെഎസ്ആർടിസി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com