ADVERTISEMENT

കടുത്തുരുത്തി ∙ സാമ്പത്തിക പ്രതിസന്ധി മൂലം പണം ലഭിക്കാതെ ലൈഫ് മിഷൻ പദ്ധതിയിൽ ആരംഭിച്ച വീടുകളുടെ നിർമാണം നിലച്ചു. മാസങ്ങളായി ലൈഫ് ഉപഭോക്താക്കൾ പണത്തിനായി പഞ്ചായത്ത് ഓഫിസുകൾ കയറിയിറങ്ങുകയാണ്. നിലവിലുണ്ടായിരുന്ന പഴയ വീട് പൊളിച്ചു നീക്കിയ പല കുടുംബങ്ങളും പ്ലാസ്റ്റിക് ഷീറ്റിനടിയിൽ കഴിയുകയാണ്. നാലു ഘട്ടമായാണ് ലൈഫ് ഉപഭോക്താക്കൾക്ക് പണം ലഭിക്കുന്നത്. മാഞ്ഞൂർ പഞ്ചായത്ത് ചാമക്കാലാ പട്ടമന അലക്സാണ്ടർ ദാസും കുടുംബവും ആറ് മാസമായി രണ്ടാം ഘട്ട പണത്തിനായി പഞ്ചായത്ത് ഓഫിസ് കയറി ഇറങ്ങാൻ തുടങ്ങിയിട്ട്. 

മാഞ്ഞൂർ പഞ്ചായത്ത് മുഖേന ലൈഫ് പദ്ധതിയിൽ 4 ലക്ഷം രൂപയാണ് ഈ കുടുംബത്തിന് അനുവദിച്ചത്. കഴിഞ്ഞ നവംബറിൽ 1.4 ലക്ഷം രൂപ ഇതിൽ പ്രകാരം ആദ്യഘട്ടമായി ലഭിച്ചു. തറ നിർമാണവും ഭിത്തിയുടെ പകുതി നിർമാണവും കഴിഞ്ഞു. ഇതോടെ പണം തീർന്നു. പണികൾ നടക്കാത്തതിനാൽ ആറ് മാസമായി കട്ടിളയും ജനലും മറ്റ് ഉരുപ്പടികളും മഴയും വെയിലുമേറ്റു നശിക്കുകയാണ്. പെയ്ന്റിങ് തൊഴിലാളിയായിരുന്ന അലക്സാണ്ടർ അസുഖങ്ങൾ മൂലം പണിക്കു പോകുന്നില്ല. ഭാര്യ വീട്ടു ജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. മക്കൾ രണ്ടു പേരും പഠനം നടത്തുകയാണ്. 

മകളോടൊപ്പം താൽക്കാലിക ഷെഡിലാണ് താമസം. ഇവിടം സുരക്ഷിതമല്ല. മഴ പെയ്താൽ ഷെഡ് വെള്ളത്തിലാകും. ഇഴ ജന്തുക്കളുടെ ശല്യവുമുണ്ട്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് ലൈഫ് പദ്ധതിയുടെ പണം എത്തിയിട്ടില്ല എന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. പഞ്ചായത്ത് വിഇഒമാരാണ് ലൈഫ് പദ്ധതിയുടെ നിർമാണ മേൽനോട്ടം വഹിക്കുന്നത്. പണം എന്ന് ഉപഭോക്താക്കൾക്ക് നൽകാൻ കഴിയുമെന്ന കാര്യത്തിൽ പഞ്ചായത്ത് അധികൃതർക്ക് നിശ്ചയമില്ല. വർഷകാലത്തിനു മുൻപായി വീട് നിർമാണം പൂർത്തിയാക്കാൻ സർക്കാരിന്റെ കനിവ് കാത്തിരിക്കുകയാണ് ലൈഫ് ഉപഭോക്താക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com