ADVERTISEMENT

ഏന്തയാർ ∙ പ്രളയത്തിൽ തകർന്ന ഏന്തയാർ – മുക്കുളം പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ഒരു വർഷത്തിനുള്ളിൽ മുക്കുളം നിവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്നു പ്രതീക്ഷ. കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിച്ച് മലയോര പ്രദേശത്തുള്ള പ്രധാന പാലമാണിത്.

3 ദുരിതവർഷങ്ങൾ
2021ലെ പ്രളയത്തിൽ പാലം തകർന്നതോടെ മുക്കുളം നിവാസികളുടെ ദുരിതകാലം ആരംഭിച്ചു. വാഹനങ്ങൾ വഴി എത്തണമെങ്കിൽ 6 കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടിവന്ന അവസ്ഥയാണ്. പ്രധാന ടൗണായ ഏന്തയാറുമായി ബന്ധിപ്പിച്ച് നടപ്പാലങ്ങൾ പലതും നിർമിച്ചു. ഒടുവിൽ ജനകീയ സമിതി നിർമിച്ച നടപ്പാലത്തിലൂടെയാണ് ഇപ്പോൾ യാത്ര. കൊക്കയാർ പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ ഉറുമ്പിക്കരയിലെ ആളുകൾക്ക് ഏക ആശ്രയമായിരുന്നു ഇൗ പാലം. തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തിരികെ ലഭിക്കുന്നതിലുള്ള സന്തോഷത്തിലാണ് ഇപ്പോൾ നാട്.

നിർമാണം അതിവേഗം
4.77 കോടി രൂപ വിനിയോഗിച്ചാണ് പുതിയ പാലം നിർമിക്കുന്നത്. അടിത്തറയുടെ ജോലികൾ ഇപ്പോൾ നടന്നു വരുന്നു. 18 മാസത്തിനകം പാലം  പൂർത്തിയാക്കണം എന്നാണ് കരാർ. സമീപന പാതകളുടെ നിർമാണവുമായി ബന്ധപ്പെട്ട് സാങ്കേതിക തടസ്സങ്ങൾ നിലനിന്നിരുന്നു. ഇവയെല്ലാം പരിഹരിച്ചാണു നിർമാണം പുരോഗമിക്കുന്നത്. പ്രളയ സാധ്യതകൾ കണക്കിലെടുത്ത് ആധുനിക രീതിയിലാണ് നിർമാണം. ഇതിനിടെ ജൂൺ, ജൂലൈ, നവംബർ മാസങ്ങളിലെ മഴ പാലം നിർമാണത്തിനു തടസ്സമാകരുതേ എന്നാണ് നാടിന്റെ പ്രാർഥന.

ഒരു പാലമിട്ടാൽ..; കല്ലേപ്പാലത്തിന് നടപ്പാത വേണം
മുണ്ടക്കയം ∙ ഇടുക്കി, പത്തനംതിട്ട എംപിമാരോട് ജനങ്ങൾക്ക് ഒരു ആവശ്യം പറയാനുണ്ട്. തിരഞ്ഞെടുപ്പ് ഫലം അറിയുമ്പോൾ എംപി ആരായാലും ‘കല്ലേപ്പാലത്തിന് ഒരു നടപ്പാലം വേണം’. ഇൗ ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. എങ്കിലും പ്രതീക്ഷയോടെയാണ് ജനങ്ങൾ വീണ്ടും പറയുന്നത്. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തി ദേശീയപാതയിൽ നിർണയിക്കുന്ന പാലമാണ് കല്ലേപ്പാലം. വർഷങ്ങൾക്കു മുൻപു നിർമിച്ച ഉയരം കൂടിയ വലിയ പാലം ഹൈറേഞ്ചിന്റെ കവാടത്തിന് ഒരടയാളമാണ്.

കോട്ടയം – ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയപാതയിലെ കല്ലേപ്പാലം.
കോട്ടയം – ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയപാതയിലെ കല്ലേപ്പാലം.

പക്ഷേ, രണ്ടു വാഹനങ്ങൾക്കു മാത്രം കടന്നുപോകാൻ വീതിയുള്ള പാലത്തിൽ കാൽനടയാത്രക്കാർ തിങ്ങിഞെരുങ്ങി വേണം കടന്നുപോകാൻ. രണ്ടു വലിയ വാഹനങ്ങൾ പാലത്തിലൂടെ ഒരുമിച്ചു കടന്നു പോയാൽ കൈവരിയോടു ചേർന്നു നിൽക്കേണ്ട ഗതികേടിലാണ് സ്കൂൾ കുട്ടികൾ അടക്കമുള്ള കാൽനടക്കാർ. പാലത്തിനു സമീപം ഇരുമ്പ് നടപ്പാലം നിർമിക്കുമെന്ന് ജനപ്രതിനിധികൾ പലരും മുൻപു പറഞ്ഞിട്ടുണ്ട്. പല പ്രകടന പത്രികയിലും ഇത് ഇടം നേടിയിട്ടുമുണ്ട്. അതുകൊണ്ട് പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും വേണ്ട പാലത്തിനു സമാന്തരമായി നടപ്പാലം നിർമിച്ചേ മതിയാകൂ എന്നാണ് ജനങ്ങൾ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com