ADVERTISEMENT

ചങ്ങനാശേരി ∙ പൈതൃക മ്യൂസിയവും ഹെറിറ്റേജ് പദ്ധതികളും സർക്കാരിന്റെ കടലാസിൽ തന്നെ. ഐതിഹ്യ പെരുമയും ചരിത്രവും സമന്വയിക്കുന്ന പുഴവാത് കുമാരമംഗലത്ത് മന 2015ൽ‌ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കെ.സി.ജോസഫ് വകുപ്പ് മന്ത്രിയായിരിക്കെ 1.52 കോടി രൂപ നൽകി സംസ്ഥാന പുരാവസ്തു വകുപ്പാണ് 600 വർഷത്തിലേറെ പഴക്കമുള്ള മനയും 15സെന്റ് സ്ഥലവും ഏറ്റെടുക്കുന്നത്. അന്തരിച്ച എംഎൽഎ സി.എഫ്.തോമസും ഇതു സംബന്ധിച്ച നിർദേശം  സമർപ്പിച്ചിരുന്നു. പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ ആദ്യ പൈതൃക മ്യൂസിയമാക്കി കുമാരമംഗലത്തു മനയെ മാറ്റിയെടുക്കാനായിരുന്നു പദ്ധതി. 

മനയുടെ ചരിത്രവും രാജഭരണകാലത്തുള്ള വസ്തുക്കൾ ഉൾപ്പെടുത്തിയുള്ള ഗാലറിയും ക്രമീകരിച്ച് തൃപ്പൂണിത്തുറ പാലസ് മാതൃകയിൽ മാറ്റിയെടുക്കാനായിരുന്നു വിഭാവനം ചെയ്തത്. പൈതൃക മ്യൂസിയത്തിന്റെ ഓഫിസ് തുടങ്ങാനും പദ്ധതിയിട്ടിരുന്നു. എന്നാൽ ഇത് പിന്നീട് കടലാസു പദ്ധതിയായി മാറി. പിന്നീട് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പാരമ്പര്യ തനിമ നിലനിർത്തി ദ്രവിച്ച തടിഭാഗങ്ങളും പൊട്ടിയ ഓടുകളും മാറ്റി. നിലത്ത് തറയോടുകളും പാകി.

കുമാരമംഗലത്ത് മനയുടെ ഉൾവശം.
കുമാരമംഗലത്ത് മനയുടെ ഉൾവശം.

എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം നിർമാണ പ്രവർത്തനങ്ങൾ‌ പാതി വഴിക്ക് നിലച്ചു. പുരാവസ്തു വകുപ്പിന്റെ ഒരു ഉദ്യോഗസ്ഥ നോക്കി നടത്തിപ്പിനായി മനയിലുണ്ട്. ശുചീകരണത്തിന് മുൻപ് തൊഴിലാളികളുണ്ടായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം പിരിച്ചുവിട്ടു. പാർക്കിങ്ങിനു ആവശ്യമായ സ്ഥലമില്ലാത്തതും ഓഫിസ് ആരംഭിക്കാനുള്ള സ്ഥലപരിമിതിയും ശുചിമുറിയില്ലാത്തതും ചൂണ്ടിക്കാട്ടിയാണ് സർക്കാർ പദ്ധതിയിൽ നിന്നും പിന്നാക്കം പോകുന്നത്. ഒട്ടേറെ ചരിത്രവിദ്യാർഥികളാണ് മന സന്ദർശിക്കാൻ എത്തുന്നത്.

വേട്ടടി വഴനാകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ എട്ടുവീട്ടിൽ 
പിള്ളമാരെ കുടിയിരിത്തിയ ഇടം.
വേട്ടടി വഴനാകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ എട്ടുവീട്ടിൽ പിള്ളമാരെ കുടിയിരിത്തിയ ഇടം.

മനയ്ക്കലെ കാഴ്ചകൾ
∙നാലുകെട്ടിനു ഒരു ഭാഗത്ത് ഭൂനിരപ്പിൽ നിന്നും താഴെ രഹസ്യഅറ, ചരിത്രവും മന്ത്രങ്ങളും മുഴങ്ങുന്ന ഇടനാഴികളും വാസ്തുവിദ്യയുടെ രഹസ്യങ്ങൾ ഒളിപ്പിച്ചിരിക്കുന്ന തടി നിർമിതികളും ഒറ്റത്തടിയിൽ തീർത്ത നെല്ലറയും തുടങ്ങി നിരവധി മുറികളും അടങ്ങുന്ന പുരാതനമായ കാഴ്ചകളുടെ നിലവറയാണ് കുമാരമംഗലത്തു മനയിലുള്ളത്. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും 1967–70 ചങ്ങനാശേരി എംഎൽഎയായിരുന്ന അന്തരിച്ച കെ.ജി.എൻ. നമ്പൂതിരിപ്പാട് താമസിച്ചിരുന്നതാണ് മന. ഇ.എം.എസ് നമ്പൂതിരിപ്പാട് ഉൾപ്പടെയുള്ള ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കൾ ഇവിടെ ഒളിവിൽ കഴിഞ്ഞതായും ചരിത്രമുണ്ട്.

മനയും എട്ടുവീട്ടിൽ  പിള്ളമാരും  വേട്ടടി ക്ഷേത്രവും
∙1729ൽ അധികാരത്തിലെത്തിയ മാർത്താണ്ഡവർമ കൈക്കൊണ്ട ആദ്യ നടപടികളിലൊന്നായിരുന്നു എട്ടുവീട്ടിൽപിള്ളമാരെ അടിച്ചമർത്തുന്നത്. എട്ടുവീട്ടിൽ പിള്ളമാരുടെ മരണത്തിനു ശേഷം രാജ്യത്ത് പല അനർഥങ്ങളും ഉണ്ടായപ്പോൾ ഇവരെ ആവാഹിച്ച് കുടിയിരുത്തിയത് കുമാരമംഗലത്ത് മനയിൽ നിന്നെത്തിയ നീലകണ്ഠൻ നമ്പൂതിരിപ്പാടാണ്. ആദ്യം അത്തിപ്പറ്റ നമ്പൂതിരി പിള്ളമാരെ ആവാഹിച്ച് കുടത്തിലാക്കിയെങ്കിലും കുടം പൊട്ടിച്ച് പുറത്തു ചാടി.

നീലകണ്ഠൻ നമ്പൂതിരിപ്പാട് എട്ടുവീട്ടിൽ പിള്ളമാരെ ചെമ്പ് കുടത്തിൽ ആവാഹിച്ച് മനയ്ക്ക് സമീപമുള്ള വേട്ടടി വഴനാകുളങ്ങര ക്ഷേത്രത്തിൽ ഉഗ്രമൂർ‌ത്തിയായ ഭദ്രകാളിയുടെ നിരീക്ഷണത്തിൽ കുടിയിരുത്തിയെന്നാണ് ചരിത്രം. വേട്ടടി ക്ഷേത്രത്തിലെ എട്ടുവീട്ടിൽ പിള്ളമാരുടെ സമാധി മണ്ഡപ സ്ഥാനം 1981 സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്തിരുന്നു. ക്ഷേത്രത്തിന്റെ ചുമതലയുള്ള പുഴവാത് എൻഎസ്എസ് 253ാം നമ്പർ കരയോഗത്തിന്റെ നേതൃത്വത്തിൽ ഇവിടം പരിപാലിക്കുന്നു. എല്ലാ വർഷവും മീനം 11 ന് നടക്കുന്ന വലിയ ഗുരുതി എട്ടുവീട്ടിൽപിള്ളമാർക്ക് സമർപ്പിക്കപ്പെടുന്നതാണെന്നാണ് വിശ്വാസം.

ടൂറിസം സാധ്യതകൾ ‌
‌∙ ചരിത്രത്തിൽ ബന്ധപ്പെട്ടു കിടക്കുന്ന കുമാരമംഗലത്ത് മനയും വേട്ടടി വഴനാകുളങ്ങര ഭഗവതി ക്ഷേത്രത്തെയും തമ്മിലുള്ള ഒരു കിലോമീറ്റർ ഭാഗം ബന്ധിപ്പിച്ച് ഹെറിറ്റേജ് ടൂറിസം കോറിഡോർ ആരംഭിക്കാം.
∙മനയുടെയും നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ ചരിത്രവും എട്ടുവീട്ടിൽപിള്ളമാരുടെ ചരിത്രവും മനയിലും പ്രത്യേക ഇടങ്ങളിൽ ദൃശ്യവൽക്കരിക്കാം. ക്യൂആർ കോഡ് സ്കാനറുകൾ സ്ഥാപിച്ച് വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കാം. ഇത് ചരിത്രവിദ്യാർഥികൾക്കു പ്രയോജനം ചെയ്യും.

∙ മനയും ക്ഷേത്രത്തെയും സൂചിപ്പിക്കുന്ന പുസ്തകങ്ങൾ ഗ്രന്ഥങ്ങൾ എന്നിവയുടെ പകർപ്പ് പ്രദർശിപ്പിക്കണം.
∙കുമാരമംഗലത്ത് മനയിലേക്കെത്താൻ മതിയായ ദിശാ ബോർഡുകൾ റോഡുകളിൽ സ്ഥാപിക്കണം. മതിയായ പാർക്കിങ് സൗകര്യം കണ്ടെത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com