ADVERTISEMENT

കല്ലറ∙ ജല അതോറിറ്റിയും പൊതുമരാമത്തു വകുപ്പും മെല്ലെപ്പോക്കിൽ. തകർന്നു കിടക്കുന്ന ആയാംകുടി - കല്ലറ പൊതുമരാമത്ത് വകുപ്പ് റോഡ് നന്നാക്കാൻ നടപടിയില്ല. കല്ലറ പഞ്ചായത്ത് ഭരണ സമിതി സമരത്തിന്. ദിനവും നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡ് പല ഭാഗത്തും തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. 

കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെ കാൽനട യാത്രക്കാർക്കു പോലും സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. വാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങളും പതിവായി. പഞ്ചായത്ത് ഭരണസമിതി ഒട്ടേറെത്തവണ പരാതിയും നിവേദനങ്ങളും നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് ഭരണ സമിതി സമരത്തിന് തയാറെടുക്കുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ പറഞ്ഞു. 

കല്ലറ എസ്ബിഐ ജംക്‌ഷൻ, പെരിയാകുളങ്ങര ജംക്‌ഷൻ, കല്ലറ മാർക്കറ്റ് ജംക്‌ഷൻ എന്നിവിടങ്ങളിൽ റോഡ് തകർന്നു കുഴിയായി. പെരിയാകുളങ്ങര ഭാഗത്തെ വെള്ളക്കെട്ട് പഞ്ചായത്തിന്റെയും നാട്ടുകാരുടെയും എതിർപ്പിനെ തുടർന്ന് ഈ ഭാഗം ഉയർത്തി റോഡ് സഞ്ചാരയോഗ്യമാക്കി. വെള്ളൂർ - വെളിയന്നൂർ കുടിവെള്ള പദ്ധതിയിൽ നിന്നും പുത്തൻപള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന സംഭരണിയിലേക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ നടക്കാനുണ്ട്.

ആയാംകുടിയിൽ നിന്നും പുത്തൻ പള്ളി വരെ റോഡരികിൽ പൈപ്പ് സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുമതി നൽകിയിട്ടില്ല. ഇതിനാലാണ് ഇവിടെ പൈപ്പിടീൽ താമസിക്കുന്നത്. പൈപ്പിടാതെ റോഡിൽ അറ്റകുറ്റപ്പണിയും ടാറിങ്ങും നടക്കാത്ത സ്ഥിതിയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ പറയുന്നു. സെക്യൂരിറ്റി ഡിപ്പോസിറ്റ് ജലഅതോറിറ്റി പൊതുമരാമത്ത് വകുപ്പിന് അടയ്ക്കാത്തത് മൂലമാണ് റോഡിൽ പൈപ്പ് സ്ഥാപിക്കാൻ അനുമതി ലഭിക്കാത്തത്. 

ഇതിനിടയിൽ കല്ലറ പുത്തൻപള്ളിയിലെ സംഭരണി ഭാഗത്തു നിന്നും കല്ലറ മാർക്കറ്റ് ജംക്‌ഷൻ വരെ റോഡിന്റെ ഇരുവശത്തും പൈപ്പ് സ്ഥാപിക്കുന്ന പണി പുരോഗമിക്കുകയാണ്. സംഭരണിയിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പ് സ്ഥാപിക്കാതെ സംഭരണിയിൽ നിന്നും ജലവിതരണ പൈപ്പ് സ്ഥാപിക്കുന്നത് എന്തിനാണ് എന്നാണ് നാട്ടുകാരുടെ ചോദ്യം

ശുദ്ധജലക്ഷാമം  രൂക്ഷം
കല്ലറ ∙ പഞ്ചായത്തിലെ കോളനികളിലും പടിഞ്ഞാറൻ മേഖലകളിലും രണ്ടര മാസമായി ജലക്ഷാമം രൂക്ഷം. ജലഅതോറിറ്റിയുടെ ജലവിതരണം കാര്യക്ഷമമല്ലെന്ന് പഞ്ചായത്തിന്റെ പരാതി. കല്ലറ മുണ്ടാർ, കല്ലുപുര, അകത്താന്തറ, ഏക്കമ്മ, കൊതവറക്കുന്ന് 4 സെന്റ് കോളനി, കാവിമറ്റം ലക്ഷംവീട് കോളനി, ചെറുമലതാഴം കോളനി, കല്ലറ ചുങ്കം ഭാഗം, പെരുംതുരുത്ത് ഉദയന്തറ കോളനി, പെരുംതുരുത്ത് ചെറുതറ കോളനി, മണിയന്തുരുത്ത് ഭാഗം എന്നിവിടങ്ങളിൽ എല്ലാം ശുദ്ധജലക്ഷാമം രൂക്ഷമാണ്. അതോറിറ്റി പല കാരണങ്ങളാൽ കുടിവെള്ളം മുടക്കി. 

ജനങ്ങളുടെ ദുരിതം മനസ്സിലാക്കി പഞ്ചായത്ത്‌ നേരിട്ട് ടാങ്കറുകളിൽ വെള്ളം എത്തിച്ചു. 164000/- രൂപ പഞ്ചായത്ത് ചെലവഴിക്കേണ്ടി വന്നു. അടിക്കടി ഉണ്ടാകുന്ന പൈപ്പ് പൊട്ടലും മൂലം ജല അതോറിറ്റിക്ക് വെള്ളം വിതരണം ചെയ്യുവാൻ സാധിക്കാത്ത അവസ്ഥയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. ഉദ്യോഗസ്ഥ തലത്തിലും കടുത്തുരുത്തി, വൈക്കം എംഎൽഎമാരുടെ സാന്നിധ്യത്തിലും ചർച്ച നടന്നപ്പോൾ ജലഅതോറിറ്റി അധികൃതർ എല്ലാം ശരിയാക്കാം എന്ന മറുപടിയാണ് പറഞ്ഞതെന്നും പ്രസിഡന്റ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com