ADVERTISEMENT

കൊക്കയാർ ∙ പ്രളയത്തിൽ തകർന്ന കൊക്കയാർ പാലത്തിന്റെ നിർമാണ ഉദ്ഘാടനം കഴിഞ്ഞിട്ടും നടപടികൾ ഇഴയുന്നു. തിരഞ്ഞെടുപ്പിന് മുൻപ് തിടുക്കത്തിൽ നടത്തിയ ഉദ്ഘാടനവും, മണ്ണ് പരിശോധനയും ഒക്കെ ജനങ്ങൾക്കു പ്രതീക്ഷ നൽകിയെങ്കിലും തുടർ നടപടികൾ ഇല്ലാത്തതിനാൽ ജനങ്ങൾ ആശങ്കയിലാണ്.

ആയിരങ്ങളുടെ ആശ്രയം
കോട്ടയം ജില്ലയുടെ അതിർത്തിയിൽ ഇടുക്കി ജില്ലയിലെ പഞ്ചായത്തായ കൊക്കയാറിൽ പഞ്ചായത്ത് ഓഫിസിന് 200 മീറ്റർ അകലെയുണ്ടായിരുന്ന പാലമാണ് 2021ലെ പ്രളയത്തിൽ തകർന്നത്. ഇതോടെ കുറ്റിപ്ലാങ്ങാട്, ഉറുമ്പിക്കര, വെംബ്ലി, വടക്കേമല തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ഒറ്റപ്പെട്ടു. കോട്ടയം ജില്ലയുമായി ബന്ധിപ്പിക്കുന്ന മറ്റൊരു പാലമായ മുക്കുളം പാലവും തകർന്നതോടെ ദുരിതം ഇരട്ടിയായി.

ഇതുവരെ നാട്ടുകാരുടെ കരുത്ത്
ഇപ്പോൾ മലയോര ഗ്രാമങ്ങളിലേക്ക് വാഹനങ്ങൾ കടന്നു ചെല്ലുന്നത് നാടിന്റെ ഒത്തൊരുമയുടെ ഫലമായാണ്. പാലം നിർമാണം വൈകുമെന്ന് അറിഞ്ഞതോടെ ജനകീയ സമിതി ചേർന്ന് താൽക്കാലിക പാലം നിർമിച്ചു. മേഖലയിലേക്ക് ആകെയുള്ള ബസ് കടന്ന് പോകാൻ കഴിയുന്ന വിധം ബലപ്പെടുത്തി പാലം നിർമിച്ചതിനാൽ പിന്നീട് ഇതുവരെയുള്ള സഞ്ചാരം സുഗമമായിരുന്നു.

എപ്പോൾ തുടങ്ങും
പാലം നിർമാണം എന്താണ് വൈകുന്നത് എന്നാണ് ജനങ്ങളുടെ ചർച്ചകൾ. തിരഞ്ഞെടുപ്പിന് നാല് മാസം മുൻപ് 4.73 കോടി രൂപ അനുവദിച്ച് പ്രഖ്യാപനമായി. നിർമാണ ഉദ്ഘാടനവും ആഘോഷമായി നടത്തി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുൻപ് മണ്ണ് പരിശോധനയും നടന്നു. ഇതേ സമയത്ത് തന്നെ തുക അനുവദിച്ച മുക്കുളം പാലത്തിന്റെ നിർമാണം തുടങ്ങുകയും ചെയ്തതോടെയാണ് ജനങ്ങളിൽ ആശങ്ക ഉയരുന്നത്. പ്രഖ്യാപനത്തിന് ശേഷം തുക കുറച്ച് 3.90 കോടി രൂപയായി പരിമിതപ്പെടുത്തിയിരുന്നു. അതിനാൽ പാലം നിർമാണം വൈകുമോയെന്ന്  ആശങ്കയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com