ADVERTISEMENT

കുറവിലങ്ങാട് ∙പൊള്ളുന്ന വേനലിൽ  ടൗൺ മേഖലകളിൽ കച്ചവടം കുറഞ്ഞു. രാവിലെ 11നു ശേഷം പുറത്തിറങ്ങുന്നവരും   കുറവ്. മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും തോടുകൾ, കുളങ്ങൾ, കിണറുകൾ എന്നിവയിലെ ജലനിരപ്പ് താഴ്ന്നു. ചെറുകിട ജല വിതരണ പദ്ധതികളുടെ സ്രോതസ്സുകൾ വറ്റി വരണ്ടു. ഒന്നോ രണ്ടോ ചെറിയ മഴ ലഭിച്ചു. ഇന്നലെ കുറവിലങ്ങാട് മേഖലയിൽ രേഖപ്പെടുത്തിയ പകൽ താപനില 38 ഡിഗ്രി സെൽഷ്യസ്. പക്ഷേ 44 ഡിഗ്രി ചൂട് അനുഭവിക്കേണ്ട അവസ്ഥ.കുടിവെള്ളം കിട്ടാക്കനി ആകുന്നു.

കുറവിലങ്ങാട് പഞ്ചായത്തിൽ 9,11,12,13,14 വാർഡുകളിൽ ടാങ്കർ ലോറികളിൽ ജല വിതരണം ആരംഭിച്ചു. ചെറുകിട ശുദ്ധജല വിതരണ പദ്ധതികളുടെ സ്രോതസ്സുകൾ കൂടി വറ്റിത്തുടങ്ങിയതിനാൽ  കുടിവെള്ള ക്ഷാമം രൂക്ഷം. കോഴാ സബ് സ്റ്റേഷൻ മുതൽ മാണികാവ് വരെയുള്ള ഭാഗത്തു മാസങ്ങളായി ജല അതോറിറ്റിയുടെ വെള്ളം ലഭിക്കുന്നില്ല. തിരഞ്ഞെടുപ്പ് ദിനത്തിന്റെ തലേന്നു ഏതാനും മണിക്കൂറുകൾ വെള്ളം നൽകി. പക്ഷേ വിതരണ പൈപ്പുകളിൽ ഇപ്പോൾ  തുള്ളിവെള്ളമില്ല. മാസങ്ങളായി ഇതാണ് അവസ്ഥ. അധികൃതർ നടപടിയെടുക്കുന്നില്ലെന്നു നാട്ടുകാർ പറയുന്നു.

കൃഷിയും പ്രതിസന്ധിയിൽ
∙പച്ചക്കറി കർഷകർ ഇപ്പോൾ അച്ചിങ്ങപ്പയർ, പടവലം തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. ചൂടിന്റെ ആധിക്യം മൂലം പൂക്കൾ കരിഞ്ഞുണങ്ങി.. ജലസേചനം നടത്തിയാലും മണ്ണ് വേഗത്തിൽ വരണ്ടു പോകുന്ന അവസ്ഥ.മഴ എത്തിയത് ചെറിയ ആശ്വാസം പകർന്നു. ഏത്തവാഴക്കൃഷിയെ ആണ് വേനൽ ഏറ്റവും കൂടുതൽ ബാധിച്ചത്. മൂപ്പ് എത്തുന്നതിനു മുൻപ് വാഴക്കുലകൾ ഒടിഞ്ഞു പോകുകയാണ്. വിപണിയിൽ മെച്ചപ്പെട്ട വില ലഭിക്കുന്ന സമയത്താണ് ഈ ദുരിതം. പതിനായിരക്കണക്കിനു രൂപ മുടക്കിയാണ് മിക്കവരും വാഴക്കൃഷി നടത്തുന്നത്.

വെയിലിൽ പൊലിയുന്ന ‘ഭാഗ്യവും’
∙കടുത്ത ചൂട് ലോട്ടറി വിൽപനക്കാരെയും ബാധിച്ചു.  വിൽപന കാര്യമായി നടക്കുന്നില്ല. കടുത്ത വെയിലിൽ നടക്കുന്നതിനാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി ലോട്ടറി വിൽപ്പനക്കാരിയായ വയലാ സ്വദേശി റെജിമോൾ പറയുന്നു. 10 വർഷമായി ലോട്ടറി വിറ്റു ജീവിതമാർഗം കണ്ടെത്തുന്ന റെജിമോളുടെ ഓർമയിൽ ആദ്യമാണ് ഇത്തരത്തിലൊരു ചൂട്. കുറവിലങ്ങാട് മേഖലയിൽ മാത്രം നൂറുകണക്കിനു ലോട്ടറി കച്ചവടക്കാരാണ് ഉള്ളത്. മിക്കവരും മുതിർന്ന പൗരന്മാർ. 

ഹരിതകർമ സേനാംഗങ്ങൾക്ക് മുന്നറിയിപ്പ്
∙ഉഷ്ണ തരംഗ സാധ്യത വർധിച്ചതിനാൽ ഹരിതകർമ സേനാംഗങ്ങൾക്കു സുരക്ഷ നിർദേശങ്ങൾ നൽകി തദ്ദേശ സ്വയംഭരണ വകുപ്പ്. ഇതു സംബന്ധിച്ച അടിയന്തിര സർക്കുലർ പഞ്ചായത്ത് ഓഫിസുകളിൽ എത്തി.
∙ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
∙സേന അംഗങ്ങളുടെ വാതിൽപ്പടി ശേഖരണം രാവിലെ 11 വരെയും വൈകിട്ട് 3നു ശേഷവും ക്രമീകരിക്കണം.

∙വാതിൽപ്പടി ശേഖരണത്തിനു പോകുന്ന സേന അംഗങ്ങൾ കുടിവെള്ളം, ഒആർഎസ്, ചൂട് പ്രതിരോധിക്കുന്ന ക്രീമുകൾ, ലോഷനുകൾ എന്നിവ കരുതണം.
∙ആവശ്യമെങ്കിൽ യൂണിഫോമിന്റെ ഭാഗമായ കട്ടി കൂടിയ കോട്ടുകൾ ഒഴിവാക്കാം.അയവുള്ള ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ,കുട, തൊപ്പി, പാദരക്ഷകൾ എന്നിവ ഉപയോഗിക്കണം.
∙വാതിൽപ്പടി ശേഖരണത്തിനു പോകുന്ന ഹരിതകർമ സേനാംഗങ്ങൾക്കു വിശ്രമത്തിനായി തദ്ദേശഭരണ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ ഉപയോഗിക്കാം.

കൊടും ചൂടിലും അധ്യാപകർക്ക് പരിശീലനം
∙ചൂട് കൂടിയതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി നൽകിയെങ്കിലും അധ്യാപകരുടെ പരിശീലനത്തിനു മാറ്റമില്ല. ഐടി അറ്റ് സ്കൂളിന്റെ ഭാഗമായി എഐ പരിശീലനമാണ് വിവിധ സെന്ററുകളിൽ ആരംഭിച്ചത്. പല സെന്ററുകളിലും ഫാൻ പോലും ഇല്ല. കടുത്ത ചൂടിൽ വെന്തുരുകിയ അവസ്ഥയിലാണ് അധ്യാപകർ. പരിശീലന പരിപാടി മാറ്റണമെന്നു വിവിധ അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com