ADVERTISEMENT

കോട്ടയം ∙ വാകത്താനത്ത് അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി. കോൺക്രീറ്റ് കമ്പനി ജീവനക്കാരനായ അസം സ്വദേശി ലേമാൻ കിസ്കിനെ(19)യാണ് കോൺക്രീറ്റ് മിക്സിങ് മെഷീനിലിട്ടു കറക്കിയ ശേഷം മാലിന്യക്കുഴിയിലേക്ക് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജീവനോടെ താഴ്ത്തിയത്. കേസിൽ, പ്ലാന്റ് ഓപ്പറേറ്ററായ പാണ്ടിദുരൈയെ(29) പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഏപ്രിൽ 26ന് വാകത്താനം പ്രീഫാബ് കോൺക്രീറ്റ് കമ്പനിയുടെ മാലിന്യക്കുഴിക്കുള്ളിലാണ് ലേമാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നു നടന്ന അന്വേഷണത്തിലാണ് പാണ്ടിദുരൈയെ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജോലി കഴിഞ്ഞ ശേഷം കോൺക്രീറ്റ് മിക്സർ പതിവായി വൃത്തിയാക്കുന്നത് ലേമാനായിരുന്നു. ലേമാൻ മെഷീൻ കഴുകി വൃത്തിയാക്കുന്നതിനിടെ പാണ്ടിദുരൈ സ്വിച്ച് ഓൺ ചെയ്തു.

മെഷീനിലിട്ട് ലേമാനെ ഒരു തവണ കറക്കി. മെഷീൻ നിർത്തിയപ്പോൾ ലേമാൻ പുറത്തേക്കു തെറിച്ചുവീണു. തുടർന്ന് ലേമാനെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാലിന്യക്കുഴിയിലേക്കു താഴ്ത്തിയശേഷം മൃതദേഹം ഉയർന്നു വരാതിരിക്കാൻ കോൺക്രീറ്റ് മാലിന്യം മുകളിലേക്കിട്ടു. 2 ദിവസത്തിനു ശേഷം മാലിന്യക്കുഴിയിൽ കൈപ്പത്തി ഉയർന്നുവന്നതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ലേമാനും പാണ്ടിദുരൈയും തമ്മിൽ ഒട്ടേറെ തവണ ജോലി സ്ഥലത്ത് വഴക്കുണ്ടായിരുന്നു. പാണ്ടിദുരൈ ലേമാനെ അമിതമായി ജോലി ചെയ്യിപ്പിച്ചിരുന്നതായും ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ ഏറ്റുമുട്ടൽ പതിവായിരുന്നു എന്നും പൊലീസ് കണ്ടെത്തി. രാവിലെ 9.30ന് ജോലിക്ക് എത്തണമെന്ന് ലേമാനോട് പാണ്ടിദുരൈ നിർദേശം നൽകിയിരുന്നു. ലേമാൻ 10നു ശേഷം എത്തിയതോടെയാണ് തർക്കം ആരംഭിച്ചത്. ലേമാനെ മാലിന്യക്കുഴിയിലേക്കു തള്ളിയ മണ്ണുമാന്തി യന്ത്രം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

നിർണായകമായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
മെഷീനിലിട്ടു കറക്കിയപ്പോൾത്തന്നെ ലേമാനു ഗുരുതര പരുക്കേറ്റിരുന്നു. ഇതിനു ശേഷമാണ് ലേമാനെ മണ്ണുമാന്തി യന്ത്രത്തിന്റെ തൊട്ടിയിലാക്കി മാലിന്യക്കുഴിയിലേക്ക് തള്ളിയത്. ലേമാന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതക സാധ്യതയെക്കുറിച്ച് ഡോക്ടർ സംശയം പ്രകടിപ്പിച്ചിരുന്നു. ശരീരത്തിലെ മുറിവും അസ്ഥികളുടെ പൊട്ടലുമാണ് സംശയത്തിനു കാരണമായത്. മൊഴിയിലെ പൊരുത്തക്കേട് സംശയമായി

ലേമാനെ കാണാതെ വന്നതോടെ പാണ്ടിദുരൈ മറ്റു തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ശമ്പളം കുറവായതിനാൽ ബെംഗളൂരുവിലേക്ക് ലേമാൻ ജോലി തേടിപ്പോയി എന്നു പ്രചരിപ്പിച്ചിരുന്നു. കമ്പനിയിലെ ഇലക്ട്രിഷ്യൻ ജോലി ചെയ്തിരുന്നത് പാണ്ടിദുരൈയാണ്. കൊലപാതകം നടക്കുന്ന സമയം ഇൻവെർട്ടർ തകരാറിലെന്നു പറഞ്ഞ് സിസിടിവി ഓഫ് ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി.

English Summary:

Horrific Murder in Kottayam: Assam Guest Worker Killed in Cold Blood at Concrete Company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com