ADVERTISEMENT

ചങ്ങനാശേരി ∙ തോടിനു മാത്രമല്ല.. കാവാലിക്കര ബണ്ട് നിവാസികളുടെ ജീവിതത്തിലും പോള വില്ലനാണ്. ബോട്ട് ജെട്ടി തോട്ടിലെ തിങ്ങിനിറഞ്ഞ പോള കാരണം പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതെ ഇരുപതോളം കുടുംബങ്ങളാണു തീരാദുരിതത്തിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചില്ല!... ഇന്നലെ രാവിലെ ചങ്ങാടത്തിൽ അക്കരയ്ക്കു പോയ പ്രദേശവാസിയും കോട്ടയം ബാറിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയുമായ യുവതി തോട്ടിൽ വീണു.

ഭാഗ്യത്തിനാണു പോളയിൽ കുരുങ്ങാതെ രക്ഷപ്പെട്ടത്. പരാതി പറഞ്ഞ് ഗതികെട്ട ജനങ്ങൾ ഒടുവിൽ സമരത്തിന് ഒരുങ്ങുകയാണ്. വാഴപ്പള്ളി പഞ്ചായത്ത് 20ാം വാർഡിനും പായിപ്പാട് പഞ്ചായത്ത് ഒന്നാം വാർഡിനിടയിലൂടെയും കടന്നുപോകുന്ന ആലപ്പുഴ– ചങ്ങനാശേരി ജലപാതയിലാണു പോളയും കടകൽപുല്ലും നിറഞ്ഞുകിടക്കുന്നത്. ഇവിടെ പായിപ്പാട് ഒന്നാം വാർഡിൽ കാവാലിക്കര ബണ്ടിൽ താമസിക്കുന്നവരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. 

പുറംലോകവുമായി ബന്ധപ്പെടാൻ ജലമാർഗം മാത്രമാണ് ആശ്രയം. പ്രദേശത്തു പാലങ്ങളും ഇല്ല. റഫ്രിജറേറ്ററിന്റെ വാതിൽ, തെർമോക്കോൾ, ഉപയോഗശൂന്യമായ ചെരിപ്പുകൾ എന്നിവ കൊണ്ടു നാട്ടുകാർ തന്നെ നിർമിച്ച ചങ്ങാടമാണു യാത്രാമാർഗം. കുട്ടികളും പ്രായമായവരമുൾപ്പടെ ഈ സുരക്ഷിതമല്ലാത്ത ചങ്ങാടത്തിൽ വേണം കടക്കാൻ. ഏതു സമയവും വൻദുരന്തം സംഭവിക്കാം. ചങ്ങാടത്തിൽ ഒരാൾക്ക് അക്കരെ കടക്കാൻ കുറഞ്ഞത് 3 പേരെങ്കിലും പോള നീക്കാൻ സഹായത്തിനു കൂടെ കയറണം.

തോട്ടിലേക്കു കയ്യിട്ടും കമ്പു കൊണ്ടു കുത്തിയും പോള തള്ളിനീക്കി 20 മിനിറ്റോളമെടുത്താണ് അക്കരയ്ക്കെത്തുന്നത്. വ്യാഴാഴ്ച രാത്രി പുത്തൻചിറയിൽ സുശീലന്റെ മകൾ 9 മാസം ഗർഭിണിയായ സുനിക്കാണു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിക്കാൻ നാട്ടുകാർ ചേർന്നു ശ്രമിച്ചെങ്കിലും പോളയും ബലമില്ലാത്ത ചങ്ങാടവും കാരണം ശ്രമം ഉപേക്ഷിച്ചു. ഒടുവിൽ അക്കരെ വെട്ടിത്തുരുത്ത് ഭാഗത്തു താമസിക്കുന്ന നഴ്സിനെ ഇവിടേക്ക് എത്തിച്ചാണു ശുശ്രൂഷ നടത്തിയത്. 

ഇന്നലെ രാവിലെ ‌അച്ഛൻ‌ വർഗീസിനോടൊപ്പം ചങ്ങാടത്തിൽ അക്കരയ്ക്കു കടക്കുന്നതിനിടെയാണു ബണ്ട് റോഡിൽ താമസിക്കുന്ന അഭിഭാഷക അമല ആൻ വർഗീസ് തോട്ടിൽ വീണത്. സമീപവാസിയായ സുശീലനെത്തിയാണ് ഇവരെ രക്ഷിച്ചത്.

3 വർഷം മുൻപു ജനങ്ങളുടെ നിരന്തരമായ ആവശ്യം കാരണം യാത്രസൗകര്യത്തിനായി വള്ളവും ജീവനക്കാരനെയും അനുവദിച്ചിരുന്നു. എന്നാൽ ഒരു മാസം മാത്രമാണു സേവനമുണ്ടായിരുന്നത്. ഇപ്പോൾ വള്ളം എവിടെയെന്നു പോലും ആർക്കുമറിയില്ല.

കമ്പ് നാട്ടിയാൽ കേസെടുക്കും
∙ താൽക്കാലികമായി തോട്ടിൽ ഇരുഭാഗത്തും കമ്പ് നാട്ടിയാൽ യാത്രാസൗകര്യം ഒരുക്കാമെന്നു നാട്ടുകാർ പറയുന്നു. എന്നാൽ‌ ജലപാതയിലൂടെ 2 ബോട്ട് സർവീസുണ്ട്. ദേശീയ ജലപാത കൂടിയായ ഇവിടെ കമ്പ് നാട്ടിയാൽ ഇറിഗേഷൻ വകുപ്പ് കേസ് ചുമത്തുമെന്നും നാട്ടുകാർ പറയുന്നു. 2 വർഷം മുൻപു പോളശല്യം വ്യാപകമായപ്പോൾ ഇത്തരത്തിൽ കമ്പ് നാട്ടിയിരുന്നു. അന്നു നാട്ടുകാർക്കെതിരെ കേസ് എടുത്തിരുന്നു. കേസിനും നടത്തിപ്പിനുമായി പലരും ഓഫിസ്‌വരാന്ത കയറിയിറങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com